അവസാന ഓവറില്‍ വിജയം റാഞ്ചി മഡ്സിവ

Update: 2018-04-26 18:28 GMT
Editor : admin
അവസാന ഓവറില്‍ വിജയം റാഞ്ചി മഡ്സിവ
Advertising

ആന്ത്യന്തികമായി പന്തും ബാറ്റും തമ്മിലാണ് മത്സരമെന്നും അവസാന പന്ത് വളരെയേറെ മികച്ചതായിരുന്നു എന്നാണ് തന്‍റെ .....

അവസാന ഓവറില്‍ വിജയിക്കാന്‍ ആവശ്യമുള്ളത് എട്ട് റണ്‍സ്, ക്രീസിലുള്ളത് ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായ മഹേന്ദ്ര സിങ് ധോണി എന്ന അതികായന്‍. എതിരാളികള്‍ തീര്‍ത്തും ദുര്‍ബലരായ സിംബാബ്‍വേ. ഇന്ത്യ വിജയം ഉറപ്പിച്ച നിമിഷങ്ങള്‍. ഇവിടെ നിന്നാണ് മഡ്സിവ എന്ന ബൌളര്‍ സിംബാബ്‍വേയെ ജയത്തിലേക്ക് നയിച്ചത്. അവസാന പന്ത് നേരിട്ട ധോണിക്ക് പോലും വിജയ റണ്‍ അടിച്ചെടുക്കാന്‍ കഴിയാത്ത വിധം തീര്‍ത്തും കൌശലകരമായ ബൌളിംഗ്. ആന്ത്യന്തികമായി പന്തും ബാറ്റും തമ്മിലാണ് മത്സരമെന്നും അവസാന പന്ത് വളരെയേറെ മികച്ചതായിരുന്നു എന്നാണ് തന്‍റെ അഭിപ്രായമെന്നുമുള്ള ധോണിയുടെ വാക്കുകള്‍ തന്നെ മതി മഡ്സിവ മികവിന് സാക്ഷ്യമായി.


ജയിക്കാന്‍ ഇന്ത്യക്ക് എട്ട് റണ്‍സ് എന്ന നിലയില്‍ അവസാന ഓവര്‍ എറിയാന്‍ മഡ്സിവ ഓടിയടുക്കുമ്പോള്‍ ധോണിയായിരുന്നു ക്രീസില്‍. ആദ്യ പന്തില്‍ ഒരു സിംഗിള്‍ എടുത്ത ധോണി അഷ്കര്‍ പട്ടേലിന് സ്ട്രൈക്ക് കൈമാറി. കൊച്ചു കൊടുങ്കാറ്റ് അഴിച്ചുവിട്ട പട്ടേലിന് പക്ഷേ തെറ്റി. അടുത്ത പന്തില്‍ പട്ടേല്‍ പുറത്ത്. ഇതോടെ മൂന്നാം പന്ത് നേരിടാന്‍ ധോണി വീണ്ടും ക്രീസില്‍. കൂറ്റനടിക്ക് അവസരം നല്‍കാതെ ധോണിയെ മഡ്സിവ പൂട്ടിയപ്പോള്‍ പിറന്നത് കേവലം ഒരു റണ്‍സ്. ഇതോടെ പുതുമുഖമായ റിഷി ധവാനായി ടീമിന്‍റെ രക്ഷകനാകാനുള്ള നിയോഗം. അടുത്ത പന്തില്‍ റണ്‍സൊന്നും പിറന്നില്ല. അഞ്ചാം പന്ത് ധവാനെ കുഴക്കിയെങ്കിലും അത് വൈഡായി മാറി. തൊട്ടടുത്ത പന്തില്‍ ഒരു റണ്‍. ജയിക്കാന്‍ അവസാന പന്തില്‍ നാല് റണ്‍സ് എന്ന സമവാക്യവുമായി ക്യാപ്റ്റന്‍ കൂള്‍ സ്ട്രൈക്കില്‍. ഓഫ് സ്റ്റമ്പിന് പുറത്തുള്ള പന്തില്‍ ധോണി ബാറ്റ് വീശിയെങ്കിലും ബാക്‍വേര്‍ഡ് പോയിന്‍റില്‍ കേവലം ഒരു റണ്‍സ് മാത്രമാണ് പിറന്നത്. ഇതോടെ രണ്ട് റണ്‍സിന് ജയം ആതിഥേയരുടേതായി മാറി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News