സഞ്ജുവിന് കെസിഎയുടെ താക്കീത്
ഡ്രസിങ് റൂമില്‍ മോശമായി പെരുമാറിയതിനാണ് നടപടി
ക്രിക്കറ്റ് താരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ താക്കീത് ചെയ്തു. ഡ്രസിങ് റൂമില്‍ മോശമായി പെരുമാറിയതിനാണ് നടപടി. സഞ്ജുവിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച സമിതിയുടെ ശിപാര്‍ശ കണക്കിലെടുത്താണ് നടപടി. കെസിഎയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഞ്ജുവിന്‍റെ പിതാവ് ഇടപെടരുതെന്നും കെസിഎ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സഞ്ജുവിനെതിരെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ച സമിതിയുടെ ശിപാര്‍ശ പ്രകാരമാണ് അച്ചടക്ക നടപടി. രഞ്ജി ട്രോഫിയിലെ മോശം പ്രകടനത്തിന് ശേഷം ഡ്രസിങ് റൂമില്‍ ബാറ്റ് നിലത്തടിച്ച് പൊട്ടിച്ചെന്നും ടീം മാനേജ്മെന്റിന്റെ അനുമതിയില്ലാതെ മൈതാനം വിട്ട് പുറത്തു പോയെന്നുമായിരുന്നു സഞ്ജുവിനെതിരായ പരാതി. കെസിഎ മുന്‍ പ്രസിഡന്‍റ് ടിസി മാത്യുവിനെ സഞ്ജുവിന്‍റെ പിതാവ് ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും ആരോപണമുണ്ടായി.
മേലിൽ ഇത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കരുതെന്ന താക്കീതാണ് സഞ്ജുവിന് നൽകിയിരിക്കുന്നത്. മറ്റ് ജൂനിയർ താരങ്ങൾക്ക് മാതൃകയാകേണ്ട സഞ്ജുവിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കെസിഎ വിലയിരുത്തി. സംഭവത്തിൽ സഞ്ജു ഖേദം പ്രകടിപ്പിച്ചതോടെ കടുത്ത നടപടിയുണ്ടാകില്ലെന്ന് നേരത്തെ അന്വേഷണ സമിതി വ്യക്തമാക്കിയിരുന്നു. അതേസമയം താരത്തിന്റെ പിതാവ് വിശ്വനാഥൻ സാംസനോട് ഇനി മുതൽ സഞ്ജുവും കെസിഎയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടരുതെന്ന് കർശനമായ നിർദേശം നൽകിയിട്ടുണ്ട്. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയർ ശ്രദ്ധിക്കൽ െക സി എ യുടെ ചുമതലയാണെന്നും വിശ്വനാഥൻ സാംസണെ അറിയിക്കും.