ശ്രീലങ്കക്കെതിരായ ഏകദിന ടീമില്‍ സഞ്ജുവിന് സാധ്യത

Update: 2018-05-02 11:20 GMT
Editor : admin
ശ്രീലങ്കക്കെതിരായ ഏകദിന ടീമില്‍ സഞ്ജുവിന് സാധ്യത
Advertising

രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നൂറിന്‍റെ നിറവിലെത്തിയ താരം ഒമ്പത് ഇന്നിങ്സുകളില്‍ നിന്നും 561 റണ്‍സാണ് ഇതുവരെയായി വാരിക്കൂട്ടിയിട്ടുള്ളത്

ശ്രീലങ്കക്കെതിരെയുള്ള ഏകദിന, ട്വന്‍റി20 പരമ്പരകള്‍ പടിവാതില്‍ക്കലെത്തി നില്‍ക്കെ ഇന്ത്യന്‍ ടീമിലേക്കൊരു തിരിച്ചുവരവിന് ഒരുങ്ങി നില്‍ക്കുകയാണ് മലയാളി താരം സഞ്ജു വി സാംസണ്‍. രഞ്ജിയില്‍ തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ നൂറിന്‍റെ നിറവിലെത്തിയ താരം ഒമ്പത് ഇന്നിങ്സുകളില്‍ നിന്നും 561 റണ്‍സാണ് ഇതുവരെയായി വാരിക്കൂട്ടിയിട്ടുള്ളത്. ഇതിനിടെ ശ്രീലങ്കക്കെതിരെ ബോര്‍ഡ് പ്രസിഡന്‍റ് ഇലവന്‍റെ നായകനായി പാഡണിഞ്ഞ സഞ്ജു ആ മത്സരത്തിലും ശതകം നേടി. സൌരാഷ്ട്രക്കെതിരെ രണ്ടാം ഇന്നിങ്സിലെ സെഞ്ച്വറി തുടര്‍ച്ചയായ മൂന്നാം മത്സരത്തിലെ ശതകമായിരുന്നു. ഐപിഎല്‍ കഴിഞ്ഞ സീസണില്‍ തീര്‍ത്തും നിറം മങ്ങിയ സഞ്ജു മുന്‍ കേരള പരിശീലകനായിരുന്ന ജയകുമാറുമൊത്ത് ചെന്നൈയില്‍ കഠിന പരിശ്രമത്തിലായിരുന്നു.

69.86 എന്ന മികച്ച സ്ട്രൈക്ക് റേറ്റ് നിലനിര്‍ത്തിയാണ് സീസണിലെ മികച്ച മൂന്നു റണ്‍വേട്ടക്കാരിലൊരാളായി സഞ്ജു സ്ഥാനം കണ്ടെത്തിയിട്ടുള്ളത്. ലങ്കക്കെതിരായ ഏകദിന , ട്വന്‍റി20 പരമ്പരകള്‍ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാര്‍ക്ക് കണ്ടില്ലെന്ന് നടിക്കാനാവാത്ത സാന്നിധ്യമായി സഞ്ജു വളര്‍ന്നു കഴിഞ്ഞു. റണ്‍ വഴികളിലേക്ക് സഞ്ജുവിന്‍റെ മടങ്ങി വരവും മികച്ച ഫോമും പ്രതീക്ഷാജനകമാണെന്ന മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദിന്‍റെ വിലയിരുത്തല്‍ വിരല്‍ ചൂണ്ടുന്നത് ഈ കാര്യത്തിലേക്കാണ്.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് മുന്നോടിയായി നായകന്‍ വിരാട് കൊഹ്‍ലി ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയേക്കാമെന്നത് സഞ്ജുവിന്‍റെ സാധ്യതകളെ ഇരട്ടിയാക്കുന്നു. രഞ്ജിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത യുവതാരം പൃഥ്‍വി ഷായെയും സഞ്ജുവിനെയും ഇത്തവണ സെലക്ടര്‍മാര്‍ പരിഗണിക്കാനാണ് സാധ്യത. ട്വന്‍റി20യില്‍ ധോണിയുടെ ഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ ഉയരുന്നുണ്ടെങ്കിലും സഞ്ജു ഒരു ബാറ്റ്സ്മാനായി ടീമിലെത്തിയാല്‍ അത്ഭുതപ്പെടാനില്ല.

ധോണിയെ പോലൊരു താരത്തിന്‍റെ പകരക്കാരനാകുക എളുപ്പമല്ലെന്നും ധോണിക്കൊപ്പം കളിക്കുകയാണ് തന്‍റെ സ്വപ്നമെന്നും സഞ്ജു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനായി കേവലമൊരു ബാറ്റ്സ്മാനായി മാത്രം കളിക്കാനൊരുക്കമാണെന്നും ഐപിഎല്ലില്‍ ഇത് സംഭവിച്ചിട്ടുള്ളതാണെന്നും താരം പറഞ്ഞിട്ടുള്ളതുമാണ്.

കഴിഞ്ഞ സീസണിലെ വരള്‍ച്ചക്കിടെ സഞ്ജുവിന്‍റെ സാധ്യതകളെ തുലോം വെട്ടിക്കുറച്ച മറ്റൊരു ഘടകമായിരുന്നു ഡല്‍ഹിയുടെ യുവതാരം റിഷഭ് പന്തിന്‍റെ മിന്നും പ്രകടനം. വിക്കറ്റ് കീപ്പറെന്ന നിലയിലും ബാറ്റ്സമാന്‍ എന്ന നിലയിലും കഴിഞ്ഞ സീസണില്‍ തിളങ്ങിയ പന്ത് ഇത്തവണ അല്‍പ്പം നിറം മങ്ങിയത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരാനുള്ള സഞ്ജുവിന്‍റെ സ്വപ്നങ്ങള്‍ക്ക് നിറമേകുന്ന ഘടകമാണ്. കളിക്കാരനെന്ന നിലയില്‍ തന്നെ കഴിഞ്ഞ സീസണില്‍ വേട്ടയാടിയ വ്യക്തിഗത പ്രശ്നങ്ങള്‍ മറികടന്ന സഞ്ജുവിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍റെയും മികച്ച പിന്തുണ ലഭിക്കുന്നുണ്ട്. ജയകുമാറിന്‍റെ ഉപദേശങ്ങള്‍ക്ക് പുറമെ ഡേവിഡ് വാറ്റ്മോറെന്ന പ്രശസ്ത പരിശീലകന്‍റെ സഹായവും സാന്നിധ്യവും ഇത്തവണത്തെ സഞ്ജുവിലെ കളിക്കാരനെ ഉണര്‍ത്തിയ ഘടകങ്ങളാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News