സാനിയ ബൊപ്പണ്ണ സഖ്യത്തിന് സെമിയില്‍ തോല്‍വി
തോറ്റെങ്കിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വെങ്കല മെഡല്‍ നിശ്ചയിക്കപ്പെടും...
ഒളിപിക്‌സിലെ ടെന്നിസ് മിക്‌സഡ് ഡബിള്‍സ് സെമി ഫൈനലില്‍ ഇന്ത്യയുടെ സാനിയ മിര്‍സ - രോഹന്‍ ബൊപ്പണ്ണ സഖ്യത്തിന് തോല്‍വി. അമേരിക്കയുടെ വീനസ് വില്യംസ് രാജീവ് റാം സഖ്യത്തോട് ടൈബ്രേക്കറിലാണ് പരാജയപ്പെട്ടത്. വെങ്കലമെഡല്‍ നിശ്ചയിക്കാനുള്ള മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം ഇന്ന് മത്സരിക്കും.
വീനസ് വില്യംസിനെ നേരിടുന്നതിന്റെ സമ്മര്‍ദ്ദം തുടക്കത്തില്‍ സാനിയക്കും ബൊപ്പണ്ണക്കും ഉണ്ടായിരുന്നു. അധികം വൈകാതെ തന്നെ സമ്മര്‍ദം അമേരിക്കന്‍ സഖ്യത്തിന് നല്‍കി മനോഹരമായി കളിച്ചി സാനിയയും ബൊപ്പണ്ണയും. ഇന്ത്യന്‍ സഖ്യത്തിന്റെ പ്രകടനമികവ് കൊണ്ട്എന്ത് ചെയ്യണമെന്നറിയാതെ കുഴഞ്ഞു പോയി അമേരിക്കന്‍ ജോഡി. രോഹന്‍ ബൊപ്പണ്ണയായിരുന്നു ആദ്യ സെറ്റിന്റെ വിജയശില്‍പ്പി. സെറ്റ് ഇന്ത്യ നേടിയത് 6-2ന്.
രണ്ടാം സെറ്റില്‍ അമേരിക്കന്‍ സഖ്യം താളം കണ്ടെടുത്തു. തുടക്കത്തിലെ ഇന്ത്യന്‍ മേധാവിത്വം അവസാനിപ്പിച്ച് അവര്‍ മുന്നേറി. രാജീവ് റാമിന്റെ കരുത്തായിരുന്നു അമേരിക്കക്ക് മുതല്‍കൂട്ട്. സാനിയയുടെയും ബൊപ്പണ്ണയുടെയും പിഴവുകള്‍ കൂടി ആയപ്പോള്‍ 6-2ന് ആ സെറ്റ് അമേരിക്കക്ക്.
ഇരു കൂട്ടരും ഓരോ സെറ്റ് വീതം നേടിയതോടെ മത്സരം ടൈ ബ്രേക്കറിലേക്ക്. ആദ്യം പത്ത് പോയിന്റ് നേടുന്നവര്‍ ജയിക്കും എന്നാണ് ടൈ ബ്രേക്കര്‍ നിയമം. പ്രതീക്ഷ നല്‍കി ഇന്ത്യന്‍ സഖ്യം 20ത്തിന് മുന്നിലെത്തി. രോഹന്‍ ബൊപ്പണക്ക് സെര്‍വില്‍ വന്ന പിഴവ് അമേരിക്കന്‍ സഖ്യത്തെ മത്സരത്തില്‍ തിരിച്ച് കൊണ്ട് വന്നു
വീനസ് വില്യംസ് അനുഭവ സമ്പത്ത് മുഴുവന്‍ പുറത്തെടുത്ത് കളിച്ചതോടെ സാനിയക്കും ബൊപ്പണക്കും പിടിച്ച് നില്‍ക്കാനായില്ല. 10-3 എന്ന സ്‌കോറിന് അമേരിക്ക ഫൈനലിലേക്ക്. തോറ്റെങ്കിലും ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുണ്ട്. ഇന്ന് നടക്കുന്ന മത്സരത്തില്‍ വെങ്കല മെഡല്‍ നിശ്ചയിക്കപ്പെടും.