ചാമ്പ്യന്‍സ് ട്രോഫി ധോണിയുടെ ഭാവി തീരുമാനിക്കുമെന്ന് കേശവ് ബാനര്‍ജി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെ ഭാവി വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തീരുമാനമാകുമെന്ന് ധോണിയുടെ കുട്ടിക്കാല പരിശീലകന്‍ കേശവ് ബാനര്‍ജി
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോണിയുടെ ഭാവി വരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തീരുമാനമാകുമെന്ന് ധോണിയുടെ കുട്ടിക്കാല പരിശീലകന്‍ കേശവ് ബാനര്‍ജി. ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങിയാല്‍ 2019 ലോകകപ്പ് വരെ ധോണിയുടെ സേവനം ലഭിക്കുമെന്നും അല്ലെങ്കില്‍ മറിച്ചാകുമെന്നും അദ്ദേഹം പറഞ്ഞു. പ്രായം ധോണിയെ തളര്‍ത്തുന്നില്ല, അദ്ദേഹത്തിന്‍റെ ഇച്ഛാശക്തിയും കളിയെ വിലയിരുത്തുന്നതിലും അദ്ദേഹത്തിന് ഇപ്പോഴും അസാമാന്യ മികവുണ്ടെന്നും അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ബാനര്‍ജി പറഞ്ഞു.
വിജയ് ഹസാരെ ട്രോഫിയിലെ മികവ് ഐ.പി.എല്ലിലൂടെ ചാമ്പ്യന്‍സ് ട്രോഫിയിലും ആവര്‍ത്തിക്കാനാണ് ധോണിയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഐ.പി.എല്ലില്‍ പൂനെ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോണിയെ ഒഴിവാക്കിയതിലെ അതൃപ്തിയും അദ്ദേഹം വ്യക്തമാക്കി. വിജയ്ഹസാരെയില്‍ ധോണിയുടെ പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. ജൂണില്‍ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി. ക്യാപ്റ്റനായി ഇന്ത്യക്ക് നേടിത്തന്ന കിരീടം കളിക്കാരനെന്ന നിലക്ക് ധോണിക്ക് നിലനിര്‍ത്താനാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.