തങ്ങളുടെ രാജാവിനെ കാണാനെത്തിയവര്‍ നിരാശരായില്ല; മെസ്സിയും സംഘവും ആരാധകര്‍ക്ക് സമ്മാനിച്ചത് സ്വപ്‌നരാവ്
യൂറോപ്യൻ ഫുട്ബോളിന്‍റ വമ്പുമായെത്തിയ ഇറ്റലിയെ ലാറ്റിനമേരിക്കയുടെ തിടമ്പോറ്റിയ അർജന്‍റീന തകർത്തെറിഞ്ഞു.
19 വർഷങ്ങൾക്ക് മുൻപ് അവസാനമായി ചാമ്പ്യന്മാരുടെ പോരാട്ടം നടക്കുമ്പോൾ ഡിയേഗോ മറഡോണയുടെ അർന്‍റീനയായിരുന്നു ജേതാക്കൾ. കാലങ്ങൾക്കിപ്പുറം മറഡോണയുടെ വിയോഗത്തിന് ശേഷമുള്ള ആദ്യ ഫൈനലിസിമ കിരീടം മെസ്സിയും സംഘവും ബ്യൂണസ് ഐറസിൽ എത്തിച്ചിരിക്കുന്നു. തങ്ങളുടെ രാജാവിനെ കാണാനെത്തിയവര്‍ നിരാശരായില്ല. ആരാധകരെ കോരിത്തരിപ്പിച്ചാണ് 90 മിനുട്ടും കളംനിറഞ്ഞ ലയണല്‍ മെസി മൈതാനം വിട്ടത്.
ലാറ്റിനമേരിക്കയുടെ കിരീട അവകാശികളും യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്മാരും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്തപ്പോള്‍ കാല്‍പ്പന്തിന്‍റെ കിരീട പോരാട്ടത്തില്‍ അവസാന ചിരി മിശിഹയുടെ അര്‍ജന്‍റീനക്കായിരുന്നു. യൂറോപ്യൻ ഫുട്ബോളിന്‍റ വമ്പുമായെത്തിയ ഇറ്റലിയെ ലാറ്റിനമേരിക്കയുടെ തിടമ്പോറ്റിയ അർജന്‍റീന തകർത്തെറിഞ്ഞു. കോപ്പയിൽ കണ്ട വീര്യം ആൽബെസലസ്റ്റകൾ ഒട്ടും ചോരാതെ ഫൈനലിസിമയിലും കാട്ടി. എണ്ണം പറഞ്ഞ മൂന്ന് ഗോളുകൾ അസൂറിപ്പടയുടെ വലയിലേക്കടിച്ചു കയറ്റി മെസ്സിയും സംഘവും കീരിടവുമായി പറന്നു.
ഒരുപക്ഷേ അർജന്‍റീന ഇത്രയും സുന്ദരമായി, ലളിതമായി, ആധികാരികമായി ഫുട്‌ബോൾ കളിക്കുന്നത് ആരാധകര്‍ കാണുന്നത് ആദ്യമായി ആയിരിക്കും. ഒരു ടീമെന്ന നിലയിൽ ലയണൽ സ്‌കലോനി അവരെ എങ്ങനെയാണ് മാറ്റിയെടുത്തതെന്ന് കാണിക്കുന്ന മത്സരമായിരുന്നു ഫൈനലിസ്സിമയിലേത്. യൂറോപ്യൻ ഫുട്‌ബോളിന്റെ എല്ലാ ഫോർമുലകളും ഉള്ളൻകൈയിലുള്ള റോബർട്ടോ മാൻചിനി ആവനാഴിയിൽ അസ്ത്രങ്ങളില്ലാതെ നിസ്‌തേജനായിപ്പോയ മത്സരം
സ്‌കെയിൽ വെച്ചു വരച്ചാലെന്ന പോലെ പിൻനിരയിൽ അച്ചടക്കം പാലിക്കുന്ന പ്രതിരോധനിര. അതിൽത്തന്നെ, അസാമാന്യമായ ഉൾക്കാഴ്ചയുള്ള ക്രിസ്റ്റിയൻ റൊമേറോ. പ്രായത്തിനൊപ്പം വീര്യം കൂടുന്ന ഡിമരിയയും ഒറ്റമെൻഡിയും. എമിലിയാനോ മാർട്ടിനസ് എന്ന ഗോൾകീപ്പിങ് ഉറപ്പ്. ഒറ്റ ടച്ചുകൊണ്ട് മൈതാനത്തിന്‍റെ താപനില തെറ്റിക്കുന്ന ലൗത്താറോ. അദൃശ്യരായി നിന്ന് ചരടുവലിക്കുന്ന ഡിപോൾ, റോഡ്രിഗ്വസ് ലോസെൽസോ. പിന്നെ, എതിർടീമിലെ കളിക്കാരെ തന്‍റ കളിപ്പാട്ടം പോലെ കൈകാര്യം ചെയ്യുന്ന മെസ്സിയും.
ഈ ടീമിന് മെസ്സി എന്താണെന്നതിന്, അയാൾക്കു ചുറ്റുമായി ടീം നിർമിക്കേണ്ടത് എങ്ങനെയെന്നതിന് ഇതിലും വലിയ ഉത്തരമുണ്ടാകാനിടയില്ല. രണ്ടാംപകുതിയിൽ മെസ്സിയെക്കൊണ്ട് ഗോളടിപ്പിക്കാൻ വെംബ്ലി മുഴുക്കെ ആഭിചാരം നടത്തുന്നതായി തോന്നി. കളി കഴിഞ്ഞപ്പോൾ, അയാളെ എടുത്തുയർത്തിയുള്ള അർജന്‍റീന കളിക്കാരുടെ ആഹ്ലാദനൃത്തത്തിൽ എല്ലാമുണ്ടായിരുന്നു...
2002 മുതൽക്കിങ്ങോട്ട് അർജന്‍റീനയുടെ കളി കാണുമ്പോഴെല്ലാം ആരാധകര്‍ക്ക് ഉള്ളിലൊരു ആന്തലുണ്ടാകാറുണ്ട്. ഏതെങ്കിലുമൊരു നിമിഷം പിഴവ് സംഭവിക്കുമോ എന്നുള്ള ഉൾഭയം. അതില്ലാതാക്കി എന്നതാണ് സ്‌കലോനി കൊണ്ടുവന്ന വ്യത്യാസം. കഴിഞ്ഞ കോപ്പയിൽ അർജന്‍റീനയുടേത് പ്രാക്ടിക്കൽ ഗെയിമായിരുന്നു. പലപ്പോഴും വിരസമായിപ്പോകുന്നത്. അതിലേക്ക്, വൺടച്ച് പാസുകളുടെ സൗന്ദര്യം കൂടി ചാലിച്ചാണ് ഇന്ന് ടീമിനെ ഇറക്കിയത്. കൃത്യസമയത്ത് മെസ്സിയുടെ കായബലത്തിന്‍റെ കരുത്തിൽക്കൂടി ആദ്യഗോൾ കൂടി വന്നതോടെ ആ ഗെയിംപ്ലാൻ വെംബ്ലിയിൽ ചിറകു വിടർത്തുന്നതു കണ്ടു.
തുല്യശക്തികളുടെ പോരാട്ടമെന്ന് പ്രതീക്ഷവർക്ക് തെറ്റി. ആദ്യ ഇരുപത് മിനിട്ടിനു ശേഷം ഇറ്റലി ചിത്രത്തിലേ ഇല്ലായിരുന്നു. ഇരുപത്തിയെട്ടാം മിനിട്ടിൽ അർജന്‍റീനിയൻ മിശഹയുടെ മാന്ത്രിക സ്പര്‍ശം. കാലിലെത്തിയ പന്തിനെ വലയിലേക്ക് തട്ടിവട്ട് ലൗതാരോ മാർട്ടിനെസ്. ആദ്യ പകുതിയുടെ അധികസമയത്ത് രണ്ടാം ഗോൾ. ഡിമരിയ ചിപ്പ് ചെയ്ത പന്ത് ഡൊണറുമയെ കബളിപ്പിച്ച് വലയിലെത്തി. രണ്ടാം പകുതിയിലും അർജന്‍റീന നിറഞ്ഞാടി. മെസ്സി ഒരുക്കിയെടുത്തത് അരഡസനിലധികം അവസരങ്ങൾ. തൊണ്ണൂറാം മിനിട്ടിൽ പൗലോ ഡിബാല മൈതാനത്തെത്തി. രണ്ട് മിനിട്ടിനകം അർജന്‍റീന മൂന്നാം ഗോളും നേടി
നന്ദി സ്‌കലോനി, നന്ദി ലിയോ, നന്ദി എയ്ഞ്ചൽ, നന്ദി ലൗത്താറോ, നന്ദി എമി, നന്ദി ക്രിസ്റ്റിയൻ... സ്വപ്‌നരാവൊരുക്കിയതിന് ആരാധകര്‍ നൂറാവര്‍ത്തി തങ്ങളുടെ കളിക്കൂട്ടത്തിന് നന്ദി പറഞ്ഞിട്ടുണ്ടാകണം...