ഏഷ്യന്‍ ഗെയിംസ്; ചൈനയെ നേരിടാന്‍ ഇന്ത്യ, ടീമില്‍ രണ്ട് മലയാളികള്‍

വൈകിട്ട് അഞ്ച് മണിക്ക് ചൈനയിലെ ഹ്യുവാങ്ലോങ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

Update: 2023-09-19 11:32 GMT
Advertising

ഏഷ്യന്‍ ഗെയിംസ് ഫുട്ബോളില്‍ ഇന്ന് ഇന്ത്യ ചൈനയെ നേരിടും. വൈകിട്ട് അഞ്ച് മണിക്ക് ചൈനയിലെ ഹ്യുവാങ്ലോങ് സ്റ്റേഡിയത്തില്‍ വെച്ചാണ് മത്സരം.

ഇന്ത്യന്‍ ടീം ലൈനപ്പ് പുറത്തുവന്നിട്ടുണ്ട്. സുനില്‍ ഛേത്രി നയിക്കുന്ന ടീമില്‍ രണ്ട് മലയാളി താരങ്ങള്‍ ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. രാഹുല്‍ കെ.പിയും അബ്ദു റബീഹുമാണ് ടീമിലിടം പിടിച്ച മലയാളി താരങ്ങള്‍.


വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് ഇന്ത്യ ഏഷ്യന്‍ ഗെയിംസിന് പന്തുതട്ടാനിറങ്ങുന്നത്. ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ടീം കളിക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് ചൈനയില്‍ എത്തുന്നത് തന്നെ. അതുകൊണ്ട് തന്നെ വേണ്ടത്ര പരിശീലത്തിനുള്ള അവസരവും ലഭിച്ചിട്ടില്ല.

നിവില്‍ ലോക റാങ്കിങ്ങില്‍ ചൈന 80-ാം സ്ഥാനത്തും ഇന്ത്യ 99-ാം സ്ഥാനത്തുമാണ്.  

ഈ മാസം 23 മുതൽ ഒക്ടോബർ എട്ട് വരെ ചൈനയിലെ ഹാങ്ഷുവിലാണ് ഏഷ്യന്‍ ഗെയിംസ് ഫുട്ബോള്‍ നടക്കുന്നത്.

ഇന്ത്യൻ ടീം: സുനിൽ ഛേത്രി (ക്യാപ്റ്റൻ),

ഗുർമീത് സിങ് (ഗോള്‍കീപ്പര്‍), ലാല്‍ചുങ്കനങ്ക, സന്ദേശ് ജിങ്കന്‍, ആയുഷ് ദേവ് ഛേത്രി, സുമിത് രാതി,അർജിത് സിങ് കിയാം, റഹീം അലി, രാഹുൽ കെപി, ബ്രെയ്സ് മിറാൻഡ, അബ്ദുൽ റബീഹ്,

സബ്സ്റ്റിറ്റ്യൂട്ടുകള്‍- വിശാല്‍ യാദവ്(ഗോള്‍കീപ്പര്‍), സാമുവൽ ജെയിംസ്, വിൻസി ബെരാറ്റോ, രാഹിത് ദനു, ജെ. ധീരജ് സിങ്, അസ്ഫർ നൂറാനി

അതേസമയം ഇഗോർ സ്റ്റിമാച്ചിന്‍റെ കീഴില്‍ മിന്നുന്ന പ്രകടനമാണ് അടുത്തിടെയായി ഇന്ത്യൻ ഫുട്ബോള്‍ ടീം പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. കിങ്സ് കപ്പില്‍ തോല്‍വി രുചിച്ചെങ്കിലും സ്റ്റിമാച്ചിന് കീഴില്‍ ഈ വര്‍ഷം മൂന്ന് കിരീടങ്ങള്‍ ഇന്ത്യന്‍ ടീം ഷെല്‍ഫിലെത്തിച്ചിരുന്നു. ഫിഫ ലോക റാങ്കിങ്ങില്‍ ഈ കാലയളവില്‍ത്തന്നെ ആദ്യ 100നകത്ത് എത്താനും ഇന്ത്യക്ക് സാധിച്ചു.

എന്നാല്‍ ഈ വിജയങ്ങൾക്കിടയിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുക്കാന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ജ്യോത്സ്യന്‍റെ സഹായം തേടിയതായ വാര്‍ത്തകള്‍ വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്താനെതിരായ കളിക്ക് മുന്‍പ് ഇഗോര്‍ സ്റ്റിമാച്ച് പ്ലേയിങ് ഇലവന്‍റെ സാധ്യത പട്ടിക ജ്യോത്സ്യന് അയച്ചുകൊടുത്തുവെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് പുറത്തുവന്നിരുന്നത്.

Tags:    

Writer - ഷെഫി ഷാജഹാന്‍

contributor

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News