ന്യൂസിലാന്‍റിന്‍റെ എതിരാളി ആര്? ട്വന്‍റി 20 രണ്ടാം സെമി ഇന്ന്
കിരീടനേട്ടത്തിലേക്ക് ഏറ്റവും പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന ടീമാണ് പാകിസ്താൻ
ട്വന്‍റി 20 ലോകകപ്പിലെ രണ്ടാം സൈമിയിൽ പാകിസ്താൻ ഇന്ന് ആസ്ത്രേലിയയെ നേരിടും. വൈകിട്ട് 7.30ന് ദുബൈയിലാണ് മത്സരം. കിരീടനേട്ടത്തിലേക്ക് ഏറ്റവും പ്രതീക്ഷ കൽപ്പിക്കപ്പെടുന്ന ടീമാണ് പാകിസ്താൻ. കളിച്ച 5 മത്സരത്തിലും നേടിയത് ഏകപക്ഷീയമായ വിജയം. നായകൻ ബാബർ അസമും മുഹമ്മദ് റിസ്വാനും ചേരുന്ന ഓപ്പണിങ് നിര തന്നെയാണ് പാകിസ്താന്‍റെ കരുത്ത്.
സീനിയർ താരങ്ങളായ ഹഫീസും മാലിക്കും വെടിക്കെട്ട് ബാറ്റിങ് നടത്തുന്നു. ഫിനിഷറായി എത്തുന്ന ആസിഫ് അലിക്ക് സിക്സുകളോടുള്ള പ്രണയവും പാകിസ്താന് പ്രതീക്ഷ നൽകുന്നുണ്ട്. ലോകകപ്പിലെ തന്നെ മികച്ച പേസ് നിരയും പാകിസ്താന് സ്വന്തമാണ്. ഷഹീൻ അഫ്രീദിയും ഹസനലിയും ഹാരിസ് റൗഫും ഒന്നിനൊന്ന് മെച്ചമുള്ള കളിക്കാരാണ്.
മറുവശത്ത് ആസ്ത്രേലിയയും കൂടുതൽ ആശ്രയിക്കുന്നത് ഓപ്പണർമാരെയാണ്. ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും മികച്ച ഒത്തിണക്കത്തോടെ കളിക്കുന്നു. പക്ഷേ മധ്യനിരയുടെ സ്ഥിരതയില്ലായ്മ ഓസീസിന് തലവേദനയാകുന്നുണ്ട്. കമിൻസും ഹേസിൽവുഡും സാംപെയുമൊക്കെ നന്നായി പന്തെറിയുന്നുണ്ട്. സ്റ്റാർക്ക് കൂടി അവസരത്തിനൊത്തുയർന്നാൽ ആസ്ത്രേലിയക്ക് പാകിസ്താനെ വീഴ്ത്താം.