23 ഷോട്ടുകളും ഫലം കണ്ടില്ല; നിർഭാഗ്യമേ നിൻറെ പേരോ പോർച്ചുഗൽ..!
23 ഷോട്ടുകളാണ് പോര്‍ച്ചുഗല്‍ തൊടുത്തുവിട്ടത്. എന്നാല്‍ പാറപോലെ ഉറച്ച ബെലല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയുടെ പ്രതിരോധം കീറിമുറിക്കാന്‍ പറങ്കിപ്പടക്ക് കഴിഞ്ഞില്ല...
ഏറ്റവുമധികം ഗോൾ നേടുന്ന താരമായി നായകന്‍ ക്രിസ്റ്റ്യാന്യോയും ഒപ്പം പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറിലെത്തുന്നതും പ്രതീക്ഷിച്ചിരുന്ന ആരാധകര്‍ക്ക് നിരാശയുടെ ദിനം. നിലവിലെ യൂറോ ചാമ്പ്യൻമാരായ പോർച്ചുഗലിനെ ഒറ്റഗോളിന് വീഴ്ത്തി ലോക ഒന്നാം നമ്പര്‍ ടീം ബെൽജിയം ക്വാര്‍ട്ടറിലേക്ക്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു പോര്‍ച്ചുഗലിന്‍റെ നെഞ്ച് തുളച്ച് ബെല്‍ജിയത്തിന്‍റെ ഗോള്‍ വരുന്നത്. ബോക്സിന് പുറത്തുനിന്നുള്ള തോർഗൻ ഹസാർഡിന്‍റെ ലോംഗ് റേഞ്ചർ. വേഗതയും കരുത്തും കൃത്യതയും സമന്വയിപ്പിച്ച ഷോട്ട്. പോര്‍ച്ചുഗലിന്‍റെ വലകുലുക്കി.
ഗോളായ ആ ഒരൊറ്റ ഷോട്ട് മാത്രമാണ് ബെൽജിയത്തിന്‍റെ ഭാഗത്തു നിന്ന് ലക്ഷ്യത്തിലേക്ക് പാഞ്ഞത്. മറുവശത്ത് പോർച്ചുഗലിന് തുടരെ തുടരെ അവസരങ്ങൾ ലഭിച്ചു. 23 ഷോട്ടുകളാണ് പോര്‍ച്ചുഗല്‍ തൊടുത്തുവിട്ടത്. എന്നാല്‍ പാറപോലെ ഉറച്ച ബെല്‍ജിയത്തിന്‍റെ സുവര്‍ണ തലമുറയുടെ പ്രതിരോധം കീറിമുറിക്കാന്‍ പറങ്കിപ്പടക്ക് കഴിഞ്ഞില്ല. ഒടുവില്‍ എൺപത്തിമൂന്നാം മിനിട്ടിലെ ഗുരേരോയുടെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങിയതോടെ ഈ ദിവസം തങ്ങളുടേതല്ലെന്ന് പോർച്ചുഗൽ ഉറപ്പിച്ചു. മറുവശത്ത് പ്രധാന കിരീടങ്ങളൊന്നും ഇതുവരെ ശേഖരത്തിലില്ലാത്ത ബെൽജിയം ഒരിക്കൽ കൂടി സ്വപ്നം കാണുകയാണ്. ഇനി ക്വാർട്ടറിൽ ഇറ്റലിയാണ് അവരുടെ എതിരാളി.
രാജ്യാന്തര ഗോള്‍നേട്ടത്തില്‍ ലോക റെക്കോര്‍ഡ് മറികടക്കാന്‍ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇനിയും കാത്തിരിക്കണം. മത്സരത്തില്‍ കിട്ടിയ അവസരങ്ങൾ ക്രിസ്റ്റ്യാന്യോക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. ഗോളിലേക്ക് തൊടുത്ത ഒരു ഫ്രീകിക്ക് ആകട്ടെ ബൽജിയം ഗോളി തട്ടിയകറ്റുകയും ചെയ്തു. ഇറാന്‍റെ അലി അലി ദേയിയും റൊണാൾഡോയുമാണ് ഏറ്റവുധികം ഗോളുകളുമായി(109) നിലിവില്‍ രാജ്യാന്തര റെക്കോര്‍ഡ് കൈവശം വെച്ചിരിക്കുന്നത്. ഒരു ഗോള്‍ കൂടി നേടി ഈ നേട്ടം സ്വന്തം പേരിലാക്കാനുള്ള അവസരമാണ് ക്രിസ്റ്റ്യാന്യോക്ക് നഷ്ടമായത്. ഇനി അടുത്ത രാജ്യാന്തര മത്സരം വരെ റോണോക്ക് കാത്തിരിക്കണം ഈ നേട്ടം മറികടക്കാന്‍.