സിറ്റിയോ റയലോ, ലോകത്തെ ഏറ്റവും മികച്ച ക്ലബ്ബ് ഏത്? മെസിയുടെ മറുപടി ഇങ്ങനെ
ഇൻഫോ ബേക്ക് നൽകിയ ഇന്റർവ്യൂവിലാണ് സൂപ്പർ താരം മനസ്സ് തുറന്നത്.
സമീപകാലത്ത് ക്ലബ്ബ് ഫുട്‌ബോളിൽ സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡിന്റെ അപ്രമാധിത്വമാണ് . യുവേഫ ചാമ്പ്യൻസ് ലീഗിൽ 15ാം തവണയും കിരീടമണിഞ്ഞ് എതിരാളികൾക്ക് തൊടാനാവാത്ത ഉയരത്തിലാണ് ഇപ്പോൾ ലോസ് ബ്ലാങ്കോസ്.
സ്പാനിഷ് ലീഗിലും എതിരാളികളെ ബഹുദൂരം പിന്നില്ലാക്കി റയൽ കിരീടം ചൂടി. മാഞ്ചസ്റ്റർ സിറ്റിയടക്കം യൂറോപ്പ്യൻ ഫുട്‌ബോളിലെ അതികായരിൽ പലരേയും നിഷ്പ്രഭമാക്കിയായിരുന്നു ചാമ്പ്യൻസ് ലീഗിൽ ഇക്കുറി റയലിന്റെ കുതിപ്പ്. കഴിഞ്ഞ നൂറ്റാണ്ടിൽ ഫുട്‌ബോൾ ലോകത്ത് കാഴ്ച്ച വച്ച അവിശ്വസനീയ കുതിപ്പിനെ തുടർന്ന് ഫിഫ നൂറ്റാണ്ടിലെ മികച്ച ക്ലബ്ബായി റയലിനെ തെരഞ്ഞടുത്തിരുന്നു. 21ാം നൂറ്റാണ്ടിലും റയലിന്‍റെ അപ്രമാധിത്വത്തില്‍ മാറ്റമൊന്നുമില്ല.
ലോകത്തിലെ മികച്ച ക്ലബ്ബ് ഏതാണെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് ഇപ്പോൾ അർജന്റൈൻ സൂപ്പർ താരവും ഫിഫയുടെ ലോക ഫുട്‌ബോളറുമായ ലയൽ മെസ്സി. ഇൻഫോ ബേക്ക് നൽകിയ ഇന്റർവ്യൂവിലാണ് സൂപ്പർ താരം മനസ്സ് തുറന്നത്.
'നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച ടീം യൂറോപ്പ്യൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡാണ്. ഫലങ്ങളുടെ അടിസ്ഥാനത്തിലാണെങ്കില്‍ റയലാണ് മികച്ച ക്ലബ്ബ് എന്ന് ഞാൻ പറയും. എന്നാൽ കളിയുടെ അടിസ്ഥാനത്തിലാണെങ്കിൽ ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് മാഞ്ചസ്റ്റര്‍ സിറ്റിയാണ്'- മെസ്സി പറഞ്ഞു.