സദ്രാന്റെ ആറാട്ട്; സ്‌കോട്ട്‌ലൻഡിനെതിരെ അഫ്ഗാന് കൂറ്റൻ സ്‌കോർ
അവസാന പന്ത് വരെ പോരാടി അർധ സെഞ്ച്വറിയുമായാണ് സദ്രാൻ മടങ്ങിയത്
ട്വന്റി-20 ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ-സ്‌കോട്‌ലൻഡ് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന് മികച്ച സ്‌കോർ. നാല് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് അഫ്ഗാൻ നേടിയത്.
ഓപ്പണിങ് ഇറങ്ങിയ ഹസ്രതുള്ള സാസിയും (44), മുഹമ്മദ് ഷഹ്‌സാദും (22) ചേർന്ന് അഫ്ഗാനിസ്ഥാന് മികച്ച തുടക്കം നൽകി. 5.5 ഓവറിൽ ഷെഹ്‌സാദ് മടങ്ങിയെങ്കിലും പിന്നാലെ ക്രീസിലെത്തിയ റഹ്‌മാനുള്ള ഗുർബസും പത്താം ഓവറിൽ ക്രീസിലെത്തിയ നജീബുള്ള സദ്രാനും ചേർന്ന് സ്‌കോട്ട്‌ലൻഡ് ബോളർമാരെ കണക്കിന് ശിക്ഷിച്ചു.
37 പന്തിൽ 4 സിക്‌സിന്റെ അകമ്പടിയോട് കൂടി 46 റൺസുമായി അവസാന ഓവറുകളിൽ തകർത്തടിക്കാൻ ശ്രമിക്കുന്നതിനിടെ ഗുർബസ് മടങ്ങി. പക്ഷേ അവസാന പന്ത് വരെ പോരാടി അർധ സെഞ്ച്വറിയുമായാണ് സദ്രാൻ മടങ്ങിയത് (33 പന്തിൽ 59 ).
അവസാന ഓവറിൽ സാഹചര്യം മനസിലാക്കി കളിച്ച നായകൻ മുഹമ്മദ് നബിയുടെ പ്രകടനം കൂടിയായതോടെ അഫ്ഗാൻ സ്‌കോട്ട്‌ലൻഡിന് മുന്നിൽ റൺമല തന്നെ തീർത്തു.
സഫിയാൻ ഷെരീഫ് രണ്ട് വിക്കറ്റും, ജോഷ് ഡേവി, മാർക്ക് വാട്ട് എന്നിവർ സ്‌കോട്ട്‌ലൻഡിനു വേണ്ടി ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.