'അന്ന് ധോണി അശ്വിനോട് കയർത്തു' ;പഴയ സംഭവം ഓർത്തെടുത്ത് വിരേന്ദര്‍ സെവാഗ്
കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമായി അശ്വിന്‍ വാക്പോരിലേര്‍പ്പെട്ടിരുന്നു
മുൻ ഇന്ത്യൻ താരവും ഡെൽഹി ഡെയർഡെവിൾസ്, പഞ്ചാബ് താരവുമായിരുന്ന വിരേന്ദർ സേവാഗ് ആര്‍ അശ്വിനും മഹേന്ദ്രസിങ് ധോണിയുമായി ബന്ധപ്പെട്ട ഒരു സംഭവം ഓർത്തെടുക്കുകയാണിപ്പോൾ. കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനുമായി ഡല്‍ഹി താരം ആര്‍ അശ്വിന്‍ വാക്പോരിലേര്‍പ്പെട്ടിരുന്നു. അവസാന ഓവര്‍ എറിയാനെത്തിയ ടിം സൗത്തി അശ്വിന്‍റെ വിക്കറ്റ് പിഴുത ഉടന്‍ അദ്ദേഹത്തെ പ്രകോപിപ്പിച്ചു. അശ്വിന്‍ അദ്ദേഹത്തിന് മറുപടി പറഞ്ഞപ്പോഴാണ് ക്യാപ്റ്റന്‍ മോര്‍ഗന്‍ ഇടപെടുന്നതും അശ്വിനോട് കയര്‍ത്ത് സംസാരിക്കുന്നതും. പിന്നാലെ കൊല്‍ക്കത്ത കീപ്പര്‍ ദിനേശ് കാര്‍ത്തിക് ഇടപെട്ട് രംഗം ശാന്തമാക്കി. ഈ സംഭവത്തിന്‍റെ പശ്ചാതലത്തിലാണ് അശ്വിനുമായി ബന്ധപ്പെട്ട പഴയ സംഭവം സെവാഗ് ഓര്‍ത്തെടുക്കുന്നത്.
'പഞ്ചാബിനായി കളിച്ച 2014 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഞാനുംമാക്‌സ്‍വെല്ലും ക്രീസിലായിരുന്നു. അശ്വിന്‍റെ പന്തിൽ മാക്‌സ്‌വെൽ പുറത്തായി. ഉടൻ അശ്വിൻ മൈതാനത്ത് നിന്ന് അൽപ്പം പൊടിവാരിയെടുത്ത് മാക്‌സ്വല്ലിന് നേരെ ഊതിത്തെറിപ്പിച്ചു. അശ്വിന്‍റെ പ്രവൃത്തി എനിക്ക് തീരെ ഇഷ്ടമായില്ലെങ്കിലും ഞാനത് അദ്ദേഹത്തോട് പരസ്യമായി പറഞ്ഞില്ല. എന്നാൽ ഈ സംഭവത്തിൽ ചെന്നൈ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി അശ്വിനോട് മൈതാനത്ത് വച്ച് ദേഷ്യപ്പെടുന്നതും കയർക്കുന്നതും ഞാൻ കണ്ടു'. സെവാഗ് പറഞ്ഞു.ധോണി അദ്ദേഹത്തിന്‍റെ ഉത്തരവാദിത്തമാണ് നിര്‍വഹിച്ചതെന്നും ക്രിക്കറ്റിന്‍റെ സംസ്കാരത്തിന് നിരക്കാത്ത ഒന്നും മൈതാനങ്ങളില്‍ അനുവദിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.