ബംഗ്ലാ കടുവകൾ റൺമല താണ്ടിയില്ല; ഇന്ത്യക്കെതിരെ 227 റൺസ് തോൽവി
ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് മാൻ ഓഫ് ദി മാച്ച്
ധാക്ക: പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഇഷാൻ കിഷനടക്കമുള്ള ഇന്ത്യൻ ബാറ്റർമാരുയർത്തിയ റൺമല താണ്ടാൻ ബംഗ്ലാദേശിനായില്ല. 410 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ ബംഗ്ലാ കടുവകൾക്ക് 227 റൺസ് തോൽവി. 34 ഓവറിൽ പൂച്ചകളായി കളി നിർത്തിയ ടീമിന് പത്തു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണ് നേടാനായത്. 43 റൺസ് നേടിയ ഷാകിബുൽ ഹസനാണ് കുറച്ചെങ്കിലും പൊരുതിയത്. നായകൻ ലിറ്റൺ ദാസ്(29), യാസിർ അലി (25), മഹ്മൂദുല്ല എന്നിവരാണ് മറ്റു 'വലിയ' സംഭാവന നൽകിയവർ. മൂന്നു വിക്കറ്റ് പിഴുത് ഷർദുൽ താക്കൂറും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ അക്‌സർ പട്ടേലും ഉംറാൻ മാലികും ബംഗ്ലദേശിനെ ഒതുക്കുകയായിരുന്നു. കുൽദീപ് യാദവ്, വാഷിംഗ്ഡൺ സുന്ദർ, മൊഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷനാണ് മാൻ ഓഫ് ദി മാച്ച്.
ആദ്യ രണ്ടു മത്സരങ്ങളും തോറ്റെങ്കിലും മൂന്നാം മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ബംഗ്ലാദേശ് ബൗളർമാർക്ക് കണക്കിന് കൊടുക്കുകയായിരുന്നു. ഇഷാൻ കിഷൻ ഏകദിനത്തിലെ വേഗതയേറിയ ഇരട്ട സെഞ്ച്വറിയും വിരാട് കോഹ്‌ലി സെഞ്ച്വറിയും നേടി. ഛത്തോഗ്രാം സഹൂർ അഹമദ് ചൗധരി സ്‌റ്റേഡിയത്തിലെ മത്സരത്തിൽ ഇന്ന് ശിഖർ ധവാനും ഇഷാൻ കിഷനുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. കിഷൻ 131 പന്തിൽ 210 റൺസുമായി നിറഞ്ഞാടിയപ്പോൾ ധവാൻ എട്ടു പന്തിൽ മൂന്നു റൺസുമായി പുറത്തായി. വൺഡൗണായെത്തിയ കോഹ്‌ലിയാണ് പിന്നീട് കിഷന് പിന്തുണ നൽകിയത്. താരം 91 പന്തിൽ 113 റൺസ് നേടി. ശേഷം വന്ന ശ്രേയസ് അയ്യരും (3), ക്യാപ്ടൻ കെ.എൽ. രാഹുലും (8) വന്നവേഗത്തിൽ മടങ്ങി. വാഷിംഗ്ഡൺ സുന്ദർ (37), അക്‌സർ പട്ടേൽ (20) എന്നിവരാണ് പിന്നീട് ഇരട്ടയക്കം കണ്ടത്. ഷർദുൽ താക്കൂറും കുൽദീപ് യാദവും മൂന്നു വീതം റൺസ് നേടി പുറത്തായി. ഇബാദത്ത് ഹുസൈൻ, ടസ്‌കിൻ അഹമദ്, ഷാകിബുൽ ഹസൻ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുർറഹ്മാൻ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റും നേടി.
രോഹിത് ശർമ്മ പരിക്കേറ്റ് മടങ്ങിയതിനാൽ കെ.എൽ രാഹുലാണ് ഇന്ത്യയെ നയിച്ചത്. പരിക്കിനെ തുടർന്ന് ദീപക് ചഹാറും പുറത്തായി. ഈ ഒഴിവിലേക്കാണ് ഓപ്പണറായി ഇഷാൻ കിഷനെയും ബോളിംഗ് സെക്ഷനിലേക്ക് കുൽദീപ് യാദവിനെയും ഇന്ത്യ എത്തിച്ചത്.
126 പന്തിൽ ഇരട്ടശതകം; ഇഷാൻ കിഷൻ തകർത്ത് ക്രിസ്‌ഗെയിലിന്റെ ലോക റെക്കോഡ്
ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ഏകദിനത്തിൽ വെട്ടിക്കെട്ട് ബാറ്റിംഗിലൂടെ ഇരട്ട സെഞ്ച്വറി നേടിയ ഇഷാൻ കിഷൻ തകർത്തത് വെസ്റ്റൻഡീസ് താരം ക്രിസ് ഗെയിലിന്റെ ലോകറെക്കോഡ്. 126 പന്തിൽ നിന്ന് ഇരട്ടശതകം കണ്ടെത്തിയ താരം ഏറ്റവും വേഗതയേറിയ ഏകദിന ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡാണ് നേടിയത്. 2015ൽ സിംബാബ്‌വേക്കെതിരെ നടന്ന മത്സരത്തിൽ 138 പന്തിൽ നിന്നാണ് ഗെയിൽ ഇരട്ട സെഞ്ച്വറി നേടിയിരുന്നത്. ഈ റെക്കോഡാണ് ഇപ്പോൾ കിഷൻ തകർത്തത്.
ബംഗ്ലാദേശിലെ സന്ദർശക ടീമിന്റെ ബാറ്ററുടെ ഒരു ഏകദിനത്തിൽ ഏറ്റവും വലിയ സ്‌കോറും ഇന്നത്തെ പ്രകടനത്തിലൂടെ കിഷൻ നേടി. മുമ്പ് 2011ൽ 185 റൺസ് നേടിയ ആസ്‌ത്രേലിയയുടെ ഷെയ്ൻ വാട്‌സന്റെ പേരിലാണ് ഈ റെക്കോഡുണ്ടായിരുന്നത്. സൗരവ് ഗാംഗുലിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോഡും കിഷൻ കൈവശപ്പെടുത്തി. വിദേശ രാജ്യത്തെ മത്സരത്തിൽ ഓപ്പണറായി നേടുന്ന ഉയർന്ന സ്‌കോറാണ് കിഷന്റെ ദാദയിൽ നിന്ന് സ്വന്തം പേരിലാക്കിയത്. 1999ൽ ശ്രീലങ്കക്കെതിരെ ടൗട്ടണിൽ വെച്ച് മുൻ ക്യാപ്റ്റൻ 183 റൺസ് നേടിയിരുന്നു. കൂടാതെ ബംഗ്ലാദേശിനെതിരെ ഏകദിനത്തിൽ നേടിയ ഉയർന്ന സ്‌കോറും ഇഷാന്റെ ഈ റൺവേട്ടയാണ്.
ഛത്തോഗ്രാം സഹൂർ അഹമദ് ചൗധരി സ്‌റ്റേഡിയത്തിലെ ഇരട്ടശതകത്തിലൂടെ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ ഏഴാം ബാറ്ററായും കിഷൻ മാറി. സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ, വീരേന്ദർ സെവാഗ് എന്നിവർക്ക് ശേഷം ഇന്ത്യയിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ താരമാണ് ഈ വിക്കറ്റ്കീപ്പർ ബാറ്റർ.
40 മാസത്തിന് ശേഷം ഏകദിന സെഞ്ച്വറി; കിങ് കോഹ്‌ലി ഈസ് ബാക്ക്
മത്സരം ഇഷാൻ കിഷന്റെ റെക്കോഡ് പ്രകടനത്തിനൊപ്പം മറ്റൊരു സന്തോഷവും ആരാധകർക്ക് നൽകി. 40 മാസത്തിന് ശേഷം ഏകദിനത്തിൽ മുൻ ക്യാപ്റ്റൻ കോഹ്‌ലി സെഞ്ച്വറി കണ്ടെത്തി. ഇടവേളക്ക് ശേഷം തന്റെ 72ാമത് സെഞ്ച്വറിയാണ് മുൻ ക്യാപ്റ്റൻ കണ്ടെത്തിയത്. 91 പന്തിൽ 113 റൺസ് നേടുകയായിരുന്നു. 2019 ആഗസ്ത് 14ന് വിൻഡീസിനെതിരെയാണ് കോഹ്‌ലി അവസാനം സെഞ്ച്വറി നേടിയിരുന്നത്.
അതേസമയം, 72 സെഞ്ച്വറി നേടി ലോകക്രിക്കറ്റിലും താരം റെക്കോഡിട്ടു. സെഞ്ച്വറികളുടെ എണ്ണത്തിൽ ഇന്ത്യൻ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്‌ലിക്ക് മുമ്പിലുള്ളത്. 71 സെഞ്ച്വറി നേടിയുന്ന ആസ്‌ത്രേലിയൻ താരം റിക്കി പോണ്ടിങ്ങിനെയാണ് താരം പിറകിലാക്കിയത്. ഏകദിനത്തിൽ 44ാമത് സെഞ്ച്വറിയാണ് ഇന്ന് കോഹ്‌ലി നേടിയത്. 49 സെഞ്ച്വറി നേടിയ സച്ചിനാണ് താരത്തിന്റെ മുമ്പിലുള്ളത്.
ഏറെ കാലം ഫോം കണ്ടെത്താൻ കഴിയാതിരുന്ന താരം ഈയടുത്ത് മികവ് തുടരുകയായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പിൽ കൂടുതൽ റൺസ് നേടിയ റെക്കോർഡ് കോഹ്ലി സ്വന്തമാക്കിയിരുന്നു. ശ്രീലങ്കയുടെ മഹേല ജയവർധനയെയാണ് മറികടന്നത്. ബംഗ്ലാദേശിനെതിരെ 15 റൺസ് നേടിയപ്പോഴാണ് കോഹ്ലിയുടെ നേട്ടം. 31 മത്സരങ്ങളിൽ നിന്ന് ജയവർധന നേടിയ 1016 റൺസ് എന്ന റെക്കോർഡാണ് കോഹ്ലി 25 മത്സരങ്ങളിൽ നിന്ന് മറികടന്നത്.
വിരാട് തന്നെയാണ് ഇക്കഴിഞ്ഞ ടി 20 ലോകകപ്പിലെ ടൂർണമെൻറിലെ ടോപ്‌സ്‌കോറർ. ആറ് മത്സരങ്ങളിൽ നിന്ന് 98.66 ശരാശരിയിൽ 296 റൺസാണ് കോഹ്ലി നേടിയത്. ഇതിൽ നാല് അർധ സെഞ്ച്വറികളും ഉൾപ്പെട്ടിരുന്നു.
Bangladesh need 410 runs to win third ODI against India