അഞ്ചു വിക്കറ്റ് വീഴ്ത്തി ബുംറ മാജിക്; മുംബൈയ്ക്ക് 166 റൺസ് വിജയ ലക്ഷ്യം
24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയുമാണു കൊൽക്കത്തയുടെ ടോപ് സ്‌കോറർമാർ
മുംബൈ: ഐ.പി.എല്ലിൽ കൊൽക്കത്തയ്‌ക്കെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് 166 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്ത് മുംബൈ പൂട്ടിക്കെട്ടുകയായിരുന്നു. ഓപ്പണർമാർ മികച്ച തുടക്കം നൽകിയെങ്കിലും ജസ്പ്രീത് ബുമ്രയുടെ സൂപ്പർ ബോളിങ്ങിനു മുന്നിൽ കൊൽക്കത്തയ്ക്ക് അടിയറവ് വെക്കേണ്ടി വന്നു.
അഞ്ച് വിക്കറ്റെടുത്താണ് ബുമ്ര ബോളിംഗ് നിരയിലെ കേമനായത്. നാല് ഓവറിൽ 10 റൺസ് മാത്രം വിട്ടുകൊടുത്താണ് ബുമ്ര അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കിയത്. ആന്ദ്രെ റസ്സൽ, ഷെൽഡൻ ജാക്‌സൻ, പാറ്റ് കമ്മിൻസ്, സുനിൽ നരെയ്ൻ, ടിം സൗത്തി എന്നിവരെയാണു ബുമ്ര പുറത്താക്കിയത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം കൂടിയാണിത്.
24 പന്തിൽ 43 റൺസെടുത്ത ഓപ്പണർ വെങ്കടേഷ് അയ്യരും 26 പന്തിൽ 43 റൺസെടുത്ത നിതിഷ് റാണയുമാണു കെകെആറിന്റെ ടോപ് സ്‌കോറർമാർ. ഓപ്പണർ അജിൻക്യ രഹാനെ 24 പന്തിൽ 25 റൺസെടുത്തു പുറത്തായി. മധ്യനിരയിൽ റിങ്കു സിങ് മാത്രമാണു തിളങ്ങിയത്. 19 പന്തുകൾ നേരിട്ട താരം 23 റൺസെടുത്ത് പുറത്താകാതെനിന്നു. ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ രോഹിത് ശർമ കൊൽക്കത്തയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.