ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി അനിൽ കുംബ്ലെ
ഗുസ്തി താരങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അനിൽ കുംബ്ലെ ആവശ്യപ്പെട്ടു.
ബംഗളൂരു: ദേശീയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി ക്രിക്കറ്റ് താരം അനിൽ കുംബ്ലെ. ഗുസ്തി താരങ്ങളുടെ പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അനിൽ കുംബ്ലെ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു കുംബ്ലെയുടെ പ്രതികരണം. ഇതാദ്യമായാണ് ക്രിക്കറ്റില്‍ നിന്നും ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി ശബ്ദമുയരുന്നത്.
''മേയ് 28ന് നമ്മുടെ ഗുസ്തിക്കാർക്കുനേരെയുണ്ടായ ബലപ്രയോഗത്തെ കുറിച്ച് കേട്ടപ്പോൾ ഞെട്ടിപ്പോയി. ശരിയായ സംവാദത്തിലൂടെ എന്തും പരിഹരിക്കാം. എത്രയും പെട്ടെന്ന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു''-കുംബ്ലെ ട്വീറ്റ് ചെയ്തു.
അതേസമയം ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ അൽപ്പസമയത്തിനകം മെഡലുകൾ ഗംഗയിൽ ഒഴുക്കും. സാക്ഷി മാലിക് അടക്കമുള്ളവർ ഹരിദ്വാറിൽ എത്തി. താരങ്ങളുടെ കണ്ണീർ കാണാൻ തയ്യാറാവാത്ത രാഷ്ട്രപതിക്ക് മെഡലുകൾ തിരികെ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്.
മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ബജ്റംഗ് പുനിയ പറഞ്ഞു. സമാധാനപരമായി സമരം ചെയ്തിട്ടും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്നും അവര്‍ ആരോപിച്ചു. വനിതാ ഗുസ്തി താരങ്ങള്‍ നീതിക്കായി പോരാടുന്നത് തെറ്റാണോയെന്നും ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും താരങ്ങള്‍ പറഞ്ഞു.