പന്താട്ടം; ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം

ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട് സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിലും തന്‍റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നപ്പോള്‍ ഇന്ത്യ കൂറ്റന്‍ ലീഡ് ഉയര്‍ത്തുകയായിരുന്നു

Update: 2022-07-04 13:45 GMT
Advertising

 ബെര്‍മിങ്ഹാം: എഡ്ജ്ബാസ്റ്റൺ ടെസ്റ്റിൽ ഇംഗ്ലണ്ടിന് 378 റൺസിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഋഷഭ് പന്തിന്‍റേയും, ചേതേശ്വർ പുജാരയുടെയും അർധ സെഞ്ചുറികളുടെ മികവിലാണ് ഇന്ത്യ മികച്ച ടോട്ടൽ കണ്ടെത്തിയത്. നാലാം ദിവസം ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ലീഡാണ് ഇന്ത്യ ഉയർത്തിയത്. ആദ്യ ഇന്നിങ്‌സില്‍ വെടിക്കെട്ട്  സെഞ്ച്വറിയുമായി കളം നിറഞ്ഞു കളിച്ച  ഋഷഭ് പന്ത് രണ്ടാം ഇന്നിംഗ്സിലും തന്‍റെ തകര്‍പ്പന്‍ ഫോം തുടര്‍ന്നപ്പോള്‍ ഇന്ത്യ അതിവേഗം ലീഡ് ഉയര്‍ത്തുകയായിരുന്നു. 

മൂന്നാം ദിനം കളിനിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലായിരുന്നു. അർധസെഞ്ച്വറിയുമായി പുജാരയും വിക്കറ്റ് കീപ്പർ പന്തുമായിരുന്നു ക്രീസിലുണ്ടായിരുന്നത്. ഇന്ന് കളി ആരംഭിച്ച് 16 റൺസ് കൂടി കൂട്ടിച്ചേർത്ത് പുജാര മടങ്ങി. സ്റ്റുവർട്ട് ബ്രോഡിന്റെ പന്തിൽ അലെക്‌സ് ലീഡ് പിടിച്ച് പുറത്താകുമ്പോൾ 66 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം.

പിന്നീട് ശ്രേയസ് അയ്യരുമായി ചേർന്ന് പന്ത് ആദ്യ ഇന്നിങ്‌സിലെ പ്രത്യാക്രമണം തുടർന്നു. ഇംഗ്ലണ്ടിനു മുൻപിൽ അതിവേഗത്തിൽ കൂറ്റൻ ലീഡ് ഉയർത്തുക എന്ന ഒരേയൊരു ലക്ഷ്യത്തിലേക്ക് പന്തും അയ്യരും ഒരുപോലെ ബാറ്റ് വീശുന്നതാണ് പിന്നീട് കണ്ടത്. എന്നാൽ, അയ്യരിന്റെ ആക്രമണം മാത്യൂ പോട്ട്‌സ് അവസാനിപ്പിച്ചു. 26 പന്തിൽ മൂന്ന് ബൗണ്ടറി സഹിതം 19 റൺസെടുത്ത അയ്യരെ പോട്ട്‌സിന്‍റെ പന്തിൽ ജിമ്മി ആൻഡേഴ്‌സൻ പിടികൂടുകയായിരുന്നു. 

പിന്നീട് ക്രീസിലെത്തിയ രവീന്ദ്ര ജഡേജക്കൊപ്പം സ്‌കോർ ബോർഡ് ഉയർത്തിയ പന്ത് ടീം സ്‌കോർ 198 ൽ നിൽക്കേ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ജാക്ക് ലീച്ചിന്‍റെ പന്തില്‍ ജോ റൂട്ടിന് ക്യാച്ച് നല്‍കിയായിരുന്നു പന്തിന്‍റെ മടക്കം. 86 പന്തില്‍ നിന്ന് 57  റണ്‍സാണ് പന്ത് അടിച്ചെടുത്തത്. പിന്നീട് വാലറ്റക്കാർക്കൊപ്പം സ്‌കോർ ഉയർത്താൻ ശ്രമിച്ച ജഡേജയുടെ ഇന്നിംഗ്‌സ് 23 റൺസിൽ  അവസാനിച്ചു. പിന്നീടെത്തിയ ബാറ്റർമാർക്കൊന്നും അതികം സംഭാവനകൾ നൽകാനായില്ല. താക്കൂർ 4 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ ബുംറ 7 റൺസും മുഹമ്മദ് ഷമി 13 റൺസും മുഹമ്മദ് സിറാജ് 2 റൺസും എടുത്ത് പുറത്തായി. ഇംഗ്ലണ്ടിനായി ബെൻ സ്റ്റോക്സ് 4 വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങില്‍ ഒടുവില്‍ വിവരം കിട്ടുമ്പോല്‍ ഇംഗ്ലണ്ട് വിക്കറ്റ് ഒന്നും നഷ്ടപ്പെടാതെ 27 റൺസ് എടുത്തിട്ടുണ്ട്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News