ബോർഡർ-ഗവാസ്‌കർ ട്രോഫി ഇംപാക്ട്; ടെസ്റ്റ് ക്രിക്കറ്റിൽ വൻ മാറ്റത്തിനൊരുങ്ങി ഐസിസി

ടെസ്റ്റ് മത്സരങ്ങൾ ജനകീയമായതോടെയാണ് സുപ്രധാന നീക്കത്തിന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തയാറെടുക്കുന്നത്.

Update: 2025-01-06 15:36 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ദുബൈ: ഇന്ത്യ-ആസ്‌ത്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി സംഘാടനത്തിലെ വൻ വിജയത്തിന് പിന്നാലെ ടെസ്റ്റ് ക്രിക്കറ്റിൽ വലിയ മാറ്റത്തിനൊരുങ്ങി ഐസിസി. ഇംഗ്ലണ്ട്-ഓസീസ് പോരാട്ടമായ ആഷസ് ഇനി മൂന്ന് വർഷത്തിനിടെ രണ്ട് തവണയായി സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഓസീസ് മാധ്യമമായ മെൽബൺഏജാണ് ഇതുമായി ബന്ധപ്പെട്ട് റിപ്പോർട്ട്  നൽകിയത്.

നിലവിൽ ആഷസ് രണ്ട് വർഷത്തിലൊരിക്കലാണ് നടന്നുവരുന്നത്. എന്നാൽ  ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ജനകീയമായ പരമ്പരയിലൊന്നായ ആഷസിന്റെ ദൈർഘ്യം കുറച്ച്‌കൊണ്ടു വരുന്നതുവഴി ആരാധകരെ കൂടുതലായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. 2027 മുതലാണ് പരിഷ്‌കരണം നടപ്പിലാക്കുക. ടെസ്റ്റ് കളിക്കുന്ന 12 രാജ്യങ്ങളെ രണ്ട് ഗ്രൂപ്പുകളായി വിഭജിച്ച്‌കൊണ്ട് മത്സരങ്ങൾ  നടത്തുന്നതും പരിഗണനയിലുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായി ഐസിസി ചെയർമാൻ ജയ് ഷായുടെ അധ്യക്ഷതയിൽ അടുത്തമാസം യോഗം ചേരാനാണ് തീരുമാനം. ഇന്ത്യ,ഇംഗ്ലണ്ട്,ഓസീസ് തുടങ്ങി ബിഗ് ത്രീ ടെസ്റ്റു ടീമുകൾക്കിടയിൽ കൂടുതൽ മത്സരങ്ങൾ കളിക്കാൻ അനുമതി നൽകും.

കഴിഞ്ഞദിവസം സമാപിച്ച ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ റെക്കോർഡ് കാണികളാണെത്തിയ്ത്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിൽ ഓസീസ് മണ്ണിൽ ഏറ്റവും ഉയർന്ന നാലമാത്തെ റെക്കോർഡ് കാണികളാണെത്തിയത്. അഞ്ച് ദിവസത്തിനിടെ ഏകദേശം 3.7 ലക്ഷം പേരെത്തിയെന്നാണ് ഔദ്യോഗിക കണക്ക്. തത്സമയ സംപ്രേക്ഷണത്തിലും ബിജിടി റെക്കോർഡ് കൈവരിച്ചു.

വരാനിരിക്കുന്ന ആഷസിനും സമാനമായി മികച്ച പ്രതികരണം ലഭിക്കുമെന്നാണ് കരുതുന്നത്. ട്വന്റി ട്വന്റി ക്രിക്കറ്റിന് പ്രാധാന്യമുള്ളപ്പോഴും ടെസ്റ്റിന് ലഭിക്കുന്ന അഭൂതപൂർവ്വമായ മുന്നേറ്റമാണ് ഐസിസിയെ മാറിചിന്തിപ്പിക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് എന്ന രീതിയിൽ ടെസ്റ്റ് ലോകകപ്പ് എന്ന ആശയവും ടെസ്റ്റിന് വലിയ ഉണർവുണ്ടാക്കിയിരുന്നു. വിരസമായ സമനിലയിൽ നിന്ന് മാറി ഓരോ മത്സരത്തിലും റിസർട്ടുണ്ടാകുന്നതും അവസാന ദിവസം വരെ ആവേശം നിലനിൽക്കുന്നതുമെല്ലാം റെഡ്‌ബോൾ ക്രിക്കറ്റിന്  ജനകീയ മുഖം നൽകി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News