ക്ലീൻ ബൗൾഡായിട്ടും റിവ്യൂ എടുത്ത് ഷുഹൈബ് ബഷീർ; തലയിൽ കൈവെച്ച് ജോ റൂട്ട്
ക്യാച്ചിനാണ് അമ്പയർ ഔട്ട് വിധിച്ചതെന്ന് തെറ്റിദ്ധരിച്ചാണ് യുവതാരം ഡിആർഎസ് എടുത്തത്.
ധരംശാല: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്നിങ്‌സിനും 64 റൺസിനും ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ 4-1ന് പരമ്പര നേടുകയും ചെയ്തു. നൂറാം ടെസ്റ്റ് കളിച്ച ആർ അശ്വിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് ഇന്ത്യയെ വമ്പൻ ജയത്തിലേക്കെത്തിച്ചത്. ആദ്യ ഇന്നിങ്‌സിൽ നാലുവിക്കറ്റും വെറ്ററൻ സ്പിന്നർ നേടിയിരുന്നു.
മത്സരത്തിനിടെ രസകരമായ സംഭവത്തിനും നാലാം ദിനം സാക്ഷ്യംവഹിച്ചു. 13 റൺസെടുത്ത ഷുഹൈബ് ബഷീറിനെ ജഡേജ ക്ലിൻ ബൗൾഡാക്കുകയായിരുന്നു. എന്നാൽ വിക്കറ്റ് പോയതറിയാതെ താരം തൊട്ടടുത്ത നിമിഷം തന്നെ റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. ക്യാച്ചിനാണ് അമ്പയർ ഔട്ട് വിധിച്ചതെന്ന് തെറ്റിദ്ധരിച്ചാണ് യുവതാരം ഡിആർഎസ് എടുത്തത്. എന്നാൽ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിലുണ്ടായിരുന്ന ജോ റൂട്ടിന് ഇതുകണ്ട് ചിരിയടക്കാനായില്ല. യുവതാരത്തിനടുത്തേക്കെത്തി റൂട്ട് കാര്യം പറഞ്ഞു നൽകുകയായിരുന്നു ബൗളിങിൽ അഞ്ചുവിക്കറ്റുമായി ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയ താരമാണ് ഷുഹൈബ്.
ധരംശാലയിൽ രണ്ടാം ഇന്നിംഗ്സിൽ 195 റൺസെടുക്കാൻ മാത്രമാണ് ഇംഗ്ലണ്ടിന് സാധിച്ചത്. അശ്വിന് പുറമെ കുൽദീപ് യാദവ്, ജസ്പ്രിത് ബുമ്ര എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിംഗ്‌സ് സ്‌കോറായ 218 റൺസ് പിന്തുടർന്ന ഇന്ത്യ 124.1 ഓവറിൽ 477 റൺസിൽ പുറത്തായി. നാലാം ദിനം ഇംഗ്ലണ്ട് പേസ് ഇതിഹാസം ജെയിംസ് ആൻഡേഴ്‌സൺ 700 ടെസ്റ്റ് വിക്കറ്റുകൾ തികച്ചു. ആദ്യമായാണ് ഒരു പേസ് ബൗളർ ഈ നേട്ടം കൈവരിക്കുന്നത്.