'ഗെയിക്‌വാദ് മഹാരാഷ്ട്രയുടെ സഞ്ജു'; ബംഗ്ലാദേശ് പര്യടനത്തിൽ തഴഞ്ഞതിൽ വിമർശനവുമായി ആരാധകർ
ആഭ്യന്തര ക്രിക്കറ്റിൽ സമീപകാലത്തായി മികച്ച ഫോമിൽ ബാറ്റ് വീശിയിട്ടും ഗെയിക്‌വാദിനെ അവഗണിക്കുകയായിരുന്നു
മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയമായത് ഋതുരാജ് ഗെയിക്‌വാദിന്റെ അസാന്നിധ്യമായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടെസ്റ്റ് ടീമിലേക്ക് 27 കാരനെ പരിഗണിച്ചില്ല. ഇതോടെ താരത്തെ മലയാളി താരം സഞ്ജു സാംസണോടുള്ള അവഗണനയുമായി താരതമ്യപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ആരാധകർ.' മഹാരാഷ്ട്രയുടെ സഞ്ജു സാംസണാണ് ഗെയിക്‌വാദ്' എന്ന് ആരാധകർ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
ദുലീപ് ട്രോഫിയിൽ ശ്രേയസ് അയ്യർ നയിച്ച ഇന്ത്യ സി ടീം അംഗമായ ചെന്നൈ സൂപ്പർ കിങ്‌സ് താരം രണ്ടാം ഇന്നിങ്‌സിൽ 48 റൺസ് നേടിയിരുന്നു. 42.69 ശരാശരിയിലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ താരം ബാറ്റുവീശിയത്. എന്നിട്ടും ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരം ലഭിച്ചില്ല. ഇതോടെയാണ് സെലക്ഷൻ കമ്മിറ്റി തീരുമാനത്തെ വിമർശിച്ച് രംഗത്തെത്തിയത്. ഏകദിനത്തിൽ മികച്ച ട്രാക്ക് റെക്കോർഡുണ്ടായിട്ടും മലയാളി താരം സഞ്ജു സാംസണെ കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.
രോഹിത് ശർമക്കൊപ്പം ഓപ്പണിങ് റോളിൽ യശസ്വി ജയ്‌സ്വാളിനെയാണ് പരിഗണിച്ചത്. ശുഭ്മാൻ ഗിൽ മൂന്നാംനമ്പറിലും ഇറങ്ങിയേക്കും. ചേതേശ്വർ പൂജാരയെ ഒഴിവാക്കിയ സ്ഥാനത്താണ് ഗിൽ ഇടംപിടിച്ചത്. ദുലീപ് ട്രോഫിയിൽ രണ്ട് ഇന്നിങ്‌സിലും ഗിൽ പരാജയമായിരുന്നു. എന്നാൽ സമീപകാലത്ത് മിന്നുംപ്രകടനം നടത്തിയ ഗെയിക്‌വാദിനെ പരിഗണിച്ചില്ല. ഇതോടെയാണ് പലപ്പോഴും സഞ്ജു സാംസണോട് പുലർത്തുന്ന അതേ നയമാണ് സെലക്ടർമാർ ചെന്നൈ താരത്തോടും സ്വീകരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രംഗത്തെത്തിയത്.