‘സ്വന്തം സ്കോറിനപ്പുറം അയാളൊന്നും നേടിയിട്ടില്ല’; ഡിവില്ലിയേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി ഗംഭീർ
ന്യൂഡൽഹി: മുംബൈ ഇന്ത്യൻസ് നായകൻ ഹാർദിക് പാണ്ഡ്യയെ വിമർശിച്ച മുൻ ദക്ഷിണാഫ്രിക്കൻ താരം എ.ബി ഡിവില്ലിയേഴ്സിനെതിരെ രൂക്ഷ വിമർശനവുമായി ഗൗതം ഗംഭീർ. മുംബൈയുടെ മോശം പ്രകടനത്തിന് പിന്നാലെ ഹാർദിക് പാണ്ഡ്യയുടെ ക്യാപ്റ്റൻസി കുറച്ച് ഇൗഗോ നിറഞ്ഞതാണെന്ന് ഡിവില്ലിയേഴ്സ് അഭിപ്രായപ്പെട്ടിരുന്നു. മുൻ ഇംഗ്ലീഷ് താരം കെവിൻ പീറ്റേഴ്സണെതിരെയും ഗംഭീർ വലിയ വിമർശനമുയർത്തി.
‘‘ അവർ ക്യാപ്റ്റനായപ്പോൾ എന്താണ് ചെയ്തത്. പീറ്റേഴ്സണും ഡിവില്ലിയേഴ്സും ഒരു ലീഡർഷിപ്പ് പോയന്റ് ഓഫ് വ്യൂവിൽ ഒന്നും നേടിയിട്ടില്ല.അവരുടെ പെർഫോമൻസ് എങ്ങനെയായിരുന്നു. അവരുടെ റെക്കോർഡുകൾ എടുത്തുനോക്കൂ. അത് മറ്റുള്ള നായകരേക്കാൾ മോശമാണ്.
ഡിവില്ലിയേഴ്സ് ഒരു കളിയിൽ പോലും ഐ.പി.എല്ലിൽ ക്യാപ്റ്റനായിട്ടില്ല. സ്വന്തം സ്കോറിനപ്പുറം അയാൾ ഒന്നും നേടിയിട്ടില്ല. ഒരു ടീം പോയന്റ് ഓഫ് വ്യൂവിൽ ഒന്നുമയാൾ നേടിയിട്ടില്ല. എന്തൊക്കെയായാലും പാണ്ഡ്യ ഒരു ഐ.പി.എൽ കിരീടം നേടിയയാളാണ്. അതുകൊണ്ടുതന്നെ ഓറഞ്ചിനെ ഓറഞ്ചുമായി താരതമ്യം ചെയ്യണം. അല്ലാതെ ആപ്പിളുമായല്ല’’ -ഗംഭീർ സ്പോർട്സ് കീഡയോട് പ്രതികരിച്ചു.
എന്നാൻ താൻ പാണ്ഡ്യയെക്കുറിച്ച് പറഞ്ഞത് ഇന്ത്യൻ മാധ്യമങ്ങൾ വളച്ചൊടിച്ചുവെന്ന വിശദീകരണവുമായി ഡിവില്ലിയേഴ്സ് രംഗത്തെത്തിയിരുന്നു.