കളി നേരത്തെ തീർത്ത് വിജയ് ശങ്കറും ഡേവിഡ് മില്ലറും; കൊൽക്കത്തക്ക് തോൽവി
വിജയ് ശങ്കറായിരുന്നു തീപ്പൊരി ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 24 പന്തുകളിൽ നിന്നായിരുന്നു ശങ്കറിന്റെ ഇന്നിങ്സ്
കൊൽക്കത്ത: സ്വന്തം കാണികൾക്ക് മുന്നിൽ തോറ്റ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്. കൊൽക്കത്ത ഉയർത്തിയ 180 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് ഏഴ് വിക്കറ്റുകളും 13 പന്തുകളും ബാക്കിയാക്കി ലക്ഷ്യത്തിലെത്തി. ശുഭ്മാൻ ഗിൽ(49) വിജയ് ശങ്കർ(51) ഡേവിഡ് മില്ലർ(32)എന്നിവർ ഗുജറാത്ത് വിജയം എളുപ്പമാക്കി. ഗിൽ തുടങ്ങിവെച്ച അടി, വിജയ് ശങ്കർ ഏറ്റെടുത്തതോടെ ഗുജറാത്ത് വിജയം എളുപ്പത്തിലായി.
വിജയ് ശങ്കറായിരുന്നു തീപ്പൊരി ബാറ്റിങ് പ്രകടനം പുറത്തെടുത്തത്. 24 പന്തുകളിൽ നിന്നായിരുന്നു ശങ്കറിന്റെ ഇന്നിങ്‌സ്. അഞ്ച് സിക്‌സറുകളാണ് ശങ്കർ അടിച്ചെടുത്തത്. അകമ്പടിയായി രണ്ട് ഫോറുകളും. ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് വീഴാൻ 41 റൺസ് ആകുന്നത് വരെ കൊൽക്കത്തക്ക് കാത്തിരിക്കേണ്ടി വന്നു. അപ്പോഴേക്കും കളി തീരുമാനം ആയിരുന്നു.
ആദ്യ ഇന്നിങ്സ് റിപ്പോര്‍ട്ട്:
വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഫ്ഗാൻ ബാറ്റർ റഹ്മത്തുള്ള ഗുർബാസിന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ . 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് കൊൽക്കത്ത നേടിയത്. 39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.
എന്നാൽ ഗുർബാസിന് പിന്തുണകൊടുക്കാൻ തുടക്കത്തിൽ കൊൽക്കത്തൻ നിരയിൽ മറ്റൊരാളില്ലാതെ പോയത് ടീം ടോട്ടലിനെ ബാധിച്ചു. എൻ ജഗദീഷൻ 19, നായകൻ നിതീഷ് റാണ 4, എന്നിവർ വേഗത്തിൽ പുറത്തായി. ശർദുൽ താക്കൂറിന് അക്കൗണ്ട് പോലും തുറക്കാനായില്ല. വെങ്കടേഷ് അയ്യർക്ക് 14 പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ, നേടാനായത് 11 റൺസും. വാലറ്റത്ത് വെടിക്കെട്ടിന് തീ കൊളുത്താൻ റിങ്കു സിങിന് കഴിഞ്ഞില്ല.
ഫോമിലില്ലാത്ത ആൻഡ്രെ റസൽ ആ ദൗത്യം ഏറ്റെടുത്തപ്പോഴാണ് ടീം സ്‌കോർ 170 കടന്നത്.
റിങ്കു സിങ് ഒരു സിക്‌സർ നേടിയെങ്കിലും 20 പന്തുകൾ നേരിട്ടപ്പോൾ എടുക്കാനായത് 19 റൺസ് മാത്രം. 19 പന്തിൽ നിന്ന് മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 34 റൺസാണ് റൺസാണ് റസൽ അടിച്ചെടുത്തത്. ആറ് പന്തിൽ നിന്ന് ഒരു സിക്‌സറടക്കം എട്ട് റൺസ് നേടി ഡേവിഡ് വൈസും സംഭാവന നൽകി. ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജോഷ്വാന ലിറ്റിൽ നൂർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവർ എറിഞ്ഞെങ്കിലും റാഷിദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. 54 റൺസും താരത്തിന് വിട്ടുകൊടുക്കേണ്ടി വന്നു.