മികച്ച ബാറ്റിങുമായി ഗുർബാസും റസലും: പൊരുതാവുന്ന സ്‌കോറുമായി കൊൽക്കത്ത
39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.
കൊൽക്കത്ത: വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഫ്ഗാൻ ബാറ്റർ റഹ്മത്തുള്ള ഗുർബാസിന്റെ മികവിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് മികച്ച സ്‌കോർ . 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 179 റൺസാണ് കൊൽക്കത്ത നേടിയത്. 39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്‌സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.
എന്നാൽ ഗുർബാസിന് പിന്തുണകൊടുക്കാൻ തുടക്കത്തിൽ കൊൽക്കത്തൻ നിരയിൽ മറ്റൊരാളില്ലാതെ പോയത് ടീം ടോട്ടലിനെ ബാധിച്ചു. എൻ ജഗദീഷൻ 19, നായകൻ നിതീഷ് റാണ 4, എന്നിവർ വേഗത്തിൽ പുറത്തായി. ശർദുൽ താക്കൂറിന് അക്കൗണ്ട് പോലും തുറക്കാനായില്ല. വെങ്കടേഷ് അയ്യർക്ക് 14 പന്തിന്റെ ആയുസെയുണ്ടായിരുന്നുള്ളൂ, നേടാനായത് 11 റൺസും. വാലറ്റത്ത് വെടിക്കെട്ടിന് തീ കൊളുത്താൻ റിങ്കു സിങിന് കഴിഞ്ഞില്ല.
ഫോമിലില്ലാത്ത ആൻഡ്രെ റസൽ ആ ദൗത്യം ഏറ്റെടുത്തപ്പോഴാണ് ടീം സ്‌കോർ 170 കടന്നത്.
റിങ്കു സിങ് ഒരു സിക്‌സർ നേടിയെങ്കിലും 20 പന്തുകൾ നേരിട്ടപ്പോൾ എടുക്കാനായത് 19 റൺസ് മാത്രം. 19 പന്തിൽ നിന്ന് മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 34 റൺസാണ് റൺസാണ് റസൽ അടിച്ചെടുത്തത്. ആറ് പന്തിൽ നിന്ന് ഒരു സിക്‌സറടക്കം എട്ട് റൺസ് നേടി ഡേവിഡ് വൈസും സംഭാവന നൽകി. ഗുജറാത്തിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 33 റൺസ് വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ജോഷ്വാന ലിറ്റിൽ നൂർ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവർ എറിഞ്ഞെങ്കിലും റാഷിദ് ഖാന് വിക്കറ്റൊന്നും വീഴ്ത്താനായില്ല. 54 റൺസും താരത്തിന് വിട്ടുകൊടുക്കേണ്ടി വന്നു.