ഐസിസി റാങ്കിങിൽ രോഹിതിനും വിരാടിനും തിരിച്ചടി; ടെസ്റ്റിൽ ആദ്യ പത്തിൽ ഒരേയൊരു ഇന്ത്യൻ താരം

ബൗളർമാരുടെ പട്ടികയിൽ ജസ്പ്രീത് ബുംറ ഒന്നാം സ്ഥാനത്ത് തുടരുന്നു

Update: 2025-01-01 16:42 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ദുബായ്: ബോർഡർ-ഗവാസ്‌കർ ട്രോഫി ബോക്‌സിങ് ഡേ ടെസ്റ്റിൽ തോൽവി നേരിട്ടതിന് പിന്നാലെ ഐസിസി റാങ്കിങിലും ഇന്ത്യക്ക് തിരിച്ചടി. മോശം ഫോം തുടരുന്ന ക്യാപ്റ്റൻ രോഹിത് ശർമക്കും വിരാട് കോഹ്‌ലിക്കുമാണ് സ്ഥാനം നഷ്ടമായത്. വിരാട് ആദ്യ 20ൽ നിന്ന് പുറത്തായി 24ാം സ്ഥാനത്തേക്ക് വീണപ്പോൾ രോഹിത്  അഞ്ച് സ്ഥാനം നഷ്ടപ്പെടുത്തി നാൽപതാം സ്ഥാനത്തേക്കാണ് പിന്തള്ളപ്പെട്ടത്. ആസ്‌ത്രേലിയയിൽ മികച്ച പ്രകടനം നടത്തിവരുന്ന ഓപ്പണർ യശസ്വി ജയ്‌സ്വാൾ മാത്രമാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്റർ. മെൽബൺ ടെസ്റ്റിന്റെ രണ്ടിന്നിങ്‌സിലും അർധ സെഞ്ച്വറി നേടിയ ജയ്‌സ്വാൾ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തെത്തി. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ നിരാശപ്പെടുത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് ഒരു സ്ഥാനം നഷ്ടമാക്കി പന്ത്രണ്ടാം സ്ഥാനത്തായി.

 മെൽബണിൽ ഓസീസിനായി സെഞ്ച്വറി പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്ത് മൂന്ന് സ്ഥാനം ഉയർന്ന് ഏഴാം സ്ഥാനത്തേക്ക് കയറിയപ്പോൾ രണ്ട് ഇന്നിങ്‌സിലും അർധ സെഞ്ചുറി നേടിയ മാർനസ് ലാബുഷെയ്ൻ മൂന്ന് സ്ഥാനം ഉയർന്ന് പതിനൊന്നം റാങ്കിലെത്തി. ഇംഗ്ലീഷ് താരം ജോ റൂട്ടാണ് ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ തന്നെ ഹാരി ബ്രൂക്ക് രണ്ടാമതും ന്യൂസിലാൻഡിന്റെ കെയിൻ വില്യംസൺ മൂന്നാമതും തുടരുന്നു.

അതേസമയം, മികച്ച ഫോമിൽ കളിക്കുന്ന ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ബൗളർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടെസ്റ്റ് ഓൾ റൗണ്ടർമാരുടെ റാങ്കിങിൽ നിന്ന് ആർ അശ്വിൻ പുറത്തായപ്പോൾ രവീന്ദ്ര ജഡേജയാണ് ഒന്നാമത്. ബംഗ്ലാദേശിന്റെ മെഹ്ദി ഹസനാണ് രണ്ടാമത്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ ഓൾറൗണ്ട് മികവിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് നാല് സ്ഥാനം മെച്ചപെടുത്തി മൂന്നാമതെത്തി. ഇന്ത്യൻ താരം അക്‌സർ പട്ടേൽ പതിനൊന്നാം  സ്ഥാനത്ത് തുടരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News