'പത്തു വർഷക്കാലം ഒരുപാട് നഷ്ടവും കുറച്ച് സന്തോഷവും';കരിയർ ഓർത്തെടുത്ത് സഞ്ജു

ജീവിതവും ക്രിക്കറ്റും പകർന്ന് നൽകിയത് വലിയ പാഠമാണ്.

Update: 2024-06-03 15:58 GMT
Editor : Sharafudheen TK | By : Sports Desk
Advertising

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പ് പ്രവേശനത്തിന് പിന്നാലെ കരിയറിലെ ഇതുവരെയുള്ള അനുഭവങ്ങൾ പങ്കുവെച്ച് മലയാളി താരം സഞ്ജു സാംസൺ. പത്തു വർഷക്കാലം ഒരുപാട് തിരിച്ചടികളുടേതും കുറച്ച് സന്തോഷത്തിന്റേതുമായിരുന്നതായി ബി.സി.സി.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ സഞ്ജു പറഞ്ഞു. ജീവിതവും ക്രിക്കറ്റും പകർന്ന് നൽകിയത് വലിയ പാഠമാണ്. ഈ ലോകകപ്പ് എത്ര പ്രധാനമാണെന്ന് തനിക്ക് ബോധ്യമുണ്ടെന്നും 29 കാരൻ പറഞ്ഞു. സന്നാഹ മത്സരത്തിൽ ഓപ്പണിങ് റോളിൽ ഇറങ്ങിയെങ്കിലും ഫോമിലേക്കുയരാൻ സഞ്ജുവിനായിരുന്നില്ല. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബുധനാഴ്ച ഇന്ത്യ അയർലാൻഡിനെ നേരിടും.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തിലെ തകർപ്പൻ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് രോഹിത് ശർമയും സംഘവും. എസ്. ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമിൽ സഞ്ജു ഇടംപിടിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനായുള്ള മികച്ച പ്രകടനമാണ് താരത്തിന് ദേശീയ കുപ്പായത്തിലേക്കുള്ള വഴിയൊരുക്കിയത്. ക്യാപ്റ്റൻ എന്ന നിലയിലും താരം തിളങ്ങിയിരുന്നു. രാജസ്ഥാനെ പ്ലേഓഫിലെത്തിക്കാനും സഞ്ജുവിന് കഴിഞ്ഞു. 15 ഇന്നിങ്‌സുകളിൽ നിന്നായി 153 സ്‌ട്രൈക്ക് റേറ്റിൽ 531 റൺസാണ് താരം നേടിയത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News