ടി20 ലോകകപ്പിൽ ഇന്ത്യ ഇറങ്ങുക തലയെടുപ്പോടെ; ആസ്‌ത്രേലിയ പിന്നിൽ
ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ സൂര്യകുമാർ യാദവ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 863 റേറ്റിംഗ് പോയന്റുമായാണ് തലപ്പത്ത് നിൽക്കുന്നത്.
ദുബൈ: ലോകകപ്പിന് തൊട്ടുമുൻപായി ഐ.സി.സി പ്രഖ്യാപിച്ച ടി 20 റാങ്കിങിൽ ഇന്ത്യ ഒന്നാംസ്ഥാനം നിലനിർത്തി. 264 റേറ്റിങ് പോയന്റുമായാണ് തലപ്പത്ത് തുടരുന്നത്. 257 റേറ്റിങ് പോയന്റുള്ള ആസ്‌ത്രേലിയയാണ് രണ്ടാമത്. ട്വന്റി 20 ലോക ചാമ്പ്യൻമാരായ ഇംഗ്ലണ്ട് 254 പോയന്റുമായി മൂന്നാമത് തുടരുന്നു. രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി വെസ്റ്റിൻഡീസ് നാലാമതെത്തിയപ്പോൾ ന്യൂസിലാൻഡ് അഞ്ചാമതെത്തി. പാകിസ്താൻ ആറാമതും ദക്ഷിണാഫ്രിക്ക ഏഴാമതുമാണ്.
ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗിൽ സൂര്യകുമാർ യാദവ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 863 റേറ്റിംഗ് പോയന്റുമായാണ് തലപ്പത്ത് നിൽക്കുന്നത്. 788 റേറ്റിംഗ് പോയൻറുമായി ഇംഗ്ലണ്ടിന്റെ ഫിൽ സാൾട്ടാണ് രണ്ടാമത്. മുഹമ്മദ് റിസ്വാൻ മൂന്നാമതും ബാബർ അസം നാലാമതും ഏയ്ഡൻ മാർക്രം അഞ്ചാമതും നിൽക്കുന്നു. ആറാം സ്ഥാനത്തുള്ള യശസ്വി ജയ്‌സ്വാൾ മാത്രമാണ് സൂര്യകുമാറിന് പുറമെ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ താരം.
ബൗളിംഗ് റാങ്കിംഗിൽ ഇന്ത്യൻ ഓൾ റൗണ്ടർ അക്‌സർ പട്ടേൽ മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു. ഇംഗ്ലണ്ടിന്റെ ആദിൽ റഷീദ് ഒന്നാംസ്ഥാനത്ത് തുടരുന്നു. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അർഷ്ദീപ് സിംഗ് പതിനാറാം സ്ഥാനത്തേക്കെത്തി. കെയിൻ വില്യംസൺ നയിക്കുന്ന ടെസ്റ്റ് റാങ്കിങിൽ ബാബർ അസമാണ് രണ്ടാമത്. രോഹിത് ശർമ ആറാമതും യശസ്വി ജയ്‌സ്വാൾ ഏഴാമതും വിരാട് കോഹ്‌ലി ഒൻപതാമതും തുടരുന്നു