ജയ്‌സ്വാളിനൊപ്പം രാഹുലിന്റെ തിരിച്ചുവരവ്;ഓസീസിനെതിരെ ഇന്ത്യക്ക് 218 റൺസ് ലീഡ്
രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ 90 റൺസുമായി യശസ്വി ജയ്‌സ്വാളും 62 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ
പെർത്ത്: ആദ്യ ഇന്നിങ്‌സിൽ 150 റൺസിന് പുറത്തായ ഇന്ത്യക്ക് രണ്ടാം ഇന്നിങ്‌സിൽ മികച്ച തുടക്കം. രണ്ടാംദിനം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 172 റൺസ് എന്ന നിലയിലാണ് സന്ദർശകർ. 90 റൺസുമായി യശസ്വി ജയ്‌സ്വാളും 62 റൺസുമായി കെ.എൽ രാഹുലുമാണ് ക്രീസിൽ. മൂന്ന് ദിവസം ശേഷിക്കെ ഇന്ത്യക്ക് 218 റൺസിന്റെ മികച്ച ലീഡായി. 2003ൽ സിഡ്‌നിയിൽ വീരേന്ദർ സെവാഗും ആകാശ് ചോപ്രയും ചേർന്നുള്ള 123 റൺസ് ഓപ്പണിങ് കൂട്ടുകെട്ട് മറികടന്ന് ഓസീസ് മണ്ണിലെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോർഡും ഇരുവരും സ്വന്തമാക്കി. നേരത്തെ ആസ്‌ത്രേലിയയെ 104 റൺസിന് പുറത്താക്കിയ ഇന്ത്യ 46 റൺസ് ലീഡുമായാണ് രണ്ടാംദിനം ബാറ്റിങിനിറങ്ങിയത്.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജസ്പ്രീത് ബുംറയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഹർഷിത് റാണയും രണ്ട് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ചേർന്നാണ് ആതിഥേയരെ എറിഞ്ഞൊതുക്കിയത്. 112 പന്തുകൾ നേരിട്ട് 26 റൺസെടുത്ത മിച്ചൽ സ്റ്റാർക്കാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ. ആസ്‌ത്രേലിയയെ 104 റൺസിന് പുറത്താക്കിയതിന്റെ ആത്മവിശ്വാസത്തിൽ ക്രീസിലിറങ്ങിയ ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും കെ.എൽ രാഹുലും മികച്ച തുടക്കമാണിട്ടത്. ആദ്യ ഇന്നിങ്‌സിലേതിൽ നിന്ന് വ്യത്യസ്തമായി തുടക്കത്തിൽ കരുതലോടെ ബാറ്റുവീശിയ രാഹുലും യശസ്വിയും സ്റ്റാർക്ക്-ഹേസൽവുഡ്-കമ്മിൻസ് കൂട്ടുകെട്ടിനെ കൃത്യമായി പ്രതിരോധിച്ചു. അവസാന സെഷനിൽ സ്‌കോറിങ് വേഗമുയർത്താനുമായി. പേസർമാർക്ക് കാര്യമായ പിന്തുണ ലഭിക്കാതെ വന്നതോടെ ഓസീസ് നായകൻ പാറ്റ് കമ്മിൻസ് സ്പിന്നർമാരായ നഥാൻ ലയോണിനേയും ട്രാവിഡ് ഹെഡ്ഡിനേയും പന്തേൽപ്പിച്ചെങ്കിലും വിക്കറ്റ് വീഴ്ത്താനായില്ല.
രണ്ടാം ദിനം തുടക്കത്തിൽ തന്നെ ആതിഥേയർക്ക് പ്രഹരമേൽപ്പിക്കാൻ ഇന്ത്യക്കായി. അവസാന ബാറ്റിംഗ് പ്രതീക്ഷയായിരുന്ന അലക്‌സ് ക്യാരിയെ(21) രണ്ടാം ദിനം എറിഞ്ഞ ആദ്യ പന്തിൽ തന്നെ ബുംറ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചു.