ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ഋഷഭ് പന്തും ലിട്ടൻദാസും; സ്റ്റമ്പ് മൈക്കിൽ സംഭാഷണം പുറത്ത്- വീഡിയോ
ദീർഘകാലത്തിന് ശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ പന്ത് 52 പന്തിൽ 39 റൺസെടുത്ത് പുറത്തായി.
ചെന്നൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് മത്സരത്തിനിടെ വാഗ്വാദത്തിൽ ഏർപ്പെട്ട് ഇന്ത്യൻ വിക്കറ്റ്കീപ്പർ ബാറ്റർ ഋഷഭ് പന്തും ബംഗ്ലാദേശ് വിക്കറ്റ്കീപ്പർ ബാറ്റർ ലിട്ടൻ ദാസും. ഇന്ത്യൻ ഇന്നിങ്‌സിലെ 15ാം ഓവറിലായിരുന്നു സംഭവം. വിക്കറ്റ് കീപ്പർക്ക് എറിഞ്ഞ ത്രോക്കിടെ പന്തിന്റെ പാഡിൽ തട്ടി റൺസ് നേടിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്. ടസ്‌കിൻ അഹമ്മദിന്റെ ഓവറിൽ സിംഗിളിന് ഋഷഭ് ശ്രമിച്ചെങ്കിലും മറുവശത്തുള്ള യശസ്വി ജയ്‌സ്വാൾ താൽപര്യം കാണിച്ചില്ല. തുടർന്ന് ഋഷഭ് പന്ത് നോൺസ്‌ട്രൈക്കിങ് എൻഡിലേക്ക് മടങ്ങുന്നതിനിടെയാണ് പാഡിൽ തട്ടി പന്ത് ഗതിമാറിപോയത്.
ഈ അവസരം മുതലെടുത്ത് ഇന്ത്യൻ താരങ്ങൾ സിംഗിൾ നേടി. ഇതാണ് ലിട്ടൻദാസിനെ ചൊടിപ്പിച്ചത്. പന്തിന് അരികിലേക്കെത്തി താരം രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. ഇതിന് പന്ത് മറുപടി നൽകുന്നതും വീഡിയോയിലുണ്ട്. എന്തിനാണ് എന്റെ നേർക്ക് പന്തെറിയുന്നതെന്ന് ഋഷഭ് പന്ത് ചോദിച്ചു. സ്റ്റമ്പ് മൈക്കിൽ ഇത് കേൾക്കാമായിരുന്നു. ഇതിന് ദാസ് മറുപടി പറയുന്നുണ്ടെങ്കിലും ഇത് വ്യക്തമായിരുന്നില്ല. തുടർന്ന് ചൂടൻ ഭാവത്തിൽ ലിട്ടൻദാസ് വിക്കറ്റ് കീപ്പിങ് സ്ഥാനത്തേക്ക് മടങ്ങുകയായിരുന്നു. മത്സരത്തിൽ 52 പന്തുകൾ നേരിട്ട പന്ത് 39 റൺസെടുത്ത് പുറത്തായി
Pant - usko dekh kaha mar raha hai
— 𝓱 ¹⁷ 🇮🇳 (@twitfrenzy_) September 19, 2024
Liton - leg pe laga na , vo to marega hi
Rishabh pant - Marle me bhi 2 bhagunga 🗿🔥 pic.twitter.com/Sy07DAuVbL
ചെന്നൈ ചെപ്പോക്കിൽ നടന്ന ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം പൂർത്തിയാകുമ്പോൾ ഇന്ത്യ 339-6 എന്ന നിലയിലാണ്. ആർ അശ്വിന്റെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലേക്കെത്തിയത്. 112 പന്തിൽ പത്ത് ഫോറും രണ്ട് സിക്‌സറും സഹിതമാണ് വെറ്ററൻ താരം മൂന്നക്കം തികച്ചത്. ആദ്യദിനം സ്റ്റമ്പെടുക്കുമ്പോൾ അശ്വിനൊപ്പം 117 പന്തിൽ 86 റൺസുമായി രവീന്ദ്ര ജഡേജയും ക്രീസിലുണ്ട്. യശസ്വി ജയ്‌സ്വാൾ 56 റൺസുമായി പുറത്തായി.
ഒരു ഘട്ടത്തിൽ മൂന്നിന് 34 എന്ന നിലയിലായിരുന്നു ഇന്ത്യ. രോഹിത് ശർമ (6), ശുഭ്മാൻ ഗിൽ (0), വിരാട് കോലി (6) എന്നിവരെ പുറത്താക്കി ഹസൻ മഹ്‌മൂദ് ഷോക്ക് നൽകി. പിന്നീട് യശസ്വി ജയ്സ്വാൾ (56) റിഷബ് പന്ത് (39) സഖ്യം 62 റൺസ് കൂട്ടിചേർത്തു. പന്തും ജയ്‌സ്വാളും കെ.എൽ രാഹുലും മടങ്ങിയതോടെ ഒരു ഘട്ടത്തിൽ 144-6 എന്ന നിലയിലായി ആതിഥേയർ. ഇവിടെ നിന്നാണ് അശ്വിൻ-ജഡേജ അപരാജിത കൂട്ടുകെട്ട് രക്ഷക്കെത്തിയത്.