'കിരീടമില്ലെങ്കിലും രാജകുമാരനാണ്'; 15-ാം സീസണിലെ പ്രധാന അവാർഡുകളെല്ലാം സ്വന്തമാക്കി ബട്‌ലർ

രാജസ്ഥാൻ റോയൽസിനൊപ്പം ഫൈനലിൽ നിറഞ്ഞാടാനായില്ലെങ്കിലും ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടിയാണ് 15-ാം സീസൺ ബട്‌ലർ തന്റെ കൈപ്പിടിയിലാക്കിയത്.

Update: 2022-05-30 14:55 GMT
Editor : abs | By : Web Desk
Advertising

കൂടുതൽ റൺസ്, കൂടുതൽ സിക്‌സറുകൾ, കൂടുതൽ ഫോറുകൾ, സീസണിലെ മികച്ച പവർ പ്ലയർ, ഇക്കഴിഞ്ഞ ഐപിഎൽ സീസണിലെ പ്രധാന ആവാർഡുകളെല്ലാം സ്വന്തമാക്കിയതിന്റെ തിളക്കത്തിലാണ് ജോസ് ബട്‌ലർ. രാജസ്ഥാൻ റോയൽസിനൊപ്പം ഫൈനലിൽ നിറഞ്ഞാടാനായില്ലെങ്കിലും ഓറഞ്ച് ക്യാപ്പടക്കം ആറ് അവാർഡുകൾ വാരിക്കൂട്ടിയാണ് 15-ാം സീസൺ ബട്‌ലർ തന്റെ കൈപ്പിടിയിലാക്കിയത്.

4 സെഞ്ചറിയും 4 അർധ സെഞ്ചറിയും സ്വന്തമാക്കിയ ബട്ലർ 83 ഫോറും 45 സിക്‌സറുകളുമാണ് നേടിയത്. 2016സീസണിൽ 973 റൺസ് നേടിയ വിരാട് കോലിയുടെ റെക്കോഡ് തകർക്കാൻ ബട്ലർക്ക് സാധിച്ചില്ലെങ്കിലും ഐപിഎല്ലിന്റെ ചരിത്രത്തിൽ ഒരു സീസണിൽ കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരം നിലവിൽ ബട്‌ലറാണ്.

ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസെടുക്കുന്ന ഓവർസീസ് താരമാവാനും ബട്ലർക്കായി. 863 റൺസാണ് ബട്ലറുടെ സമ്പാദ്യം. 2016ൽ 848 റൺസ് നേടിയിരുന്ന അന്നത്തെ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ ഡേവിഡ് വാർണറെയാണ് ബട്ലർ മറികടന്നത്. 2018ൽ 735 റൺസ് നേടിയ ഹൈദരാബാദിന്റെ തന്നെ കെയ്ൻ വില്യംസണാണ് മൂന്നാം സ്ഥാനത്ത്. 733 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ നാലാം സ്ഥാനത്തേക്ക് വീണു. 2012ൽ ആർസിബിക്ക് വേണ്ടി കളിക്കുമ്പോഴാണ് ഗെയ്ൽ റൺവേട്ട നടത്തിയത്. 2013ൽ 733 റൺസ് നേടിയ മൈക്കൽ ഹസി അഞ്ചാമതായി. അന്ന് ചെന്നൈ സൂപ്പർ കിംഗ്സിന്റെ താരമായിരുന്നു ഹസി.

10 ലക്ഷം രൂപ വീതമുള്ള 10 പുരസ്‌കാരങ്ങളാണ് ഐപിഎല്ലിൽ നൽകുന്നത്. സൂപ്പർ സ്‌ട്രൈക്കർക്കുള്ള പുരസ്‌കാരം സ്‌പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിളും, ഫെയർപ്ലേ പുരസ്‌കാരമായി ടീമുകൾക്കു ട്രോഫിയുമാണു നൽകുന്നത്. ഇവ രണ്ടും ഒഴിച്ചുള്ള 10 പുരസ്‌കാരങ്ങൾക്ക് 10 ലക്ഷം രൂപ വീതമാണു നൽകുക. ഇതിൽ പർപ്പിൾ ക്യാപ്പ്, എമർജിങ് പ്ലെയർ, അതിവേഗ ബോളർ എന്നീ 3 പുരസ്‌കാരങ്ങൾ മാറ്റി നിർത്തിയാൽ ബട്‌ലറിന് 'നഷ്ടമായത്' സീസണിലെ ഏറ്റവും മികച്ച ക്യാച്ച് സ്വന്തമാക്കിയ താരമെന്ന അവാർഡ് മാത്രമാണ്.

അവാർഡ് ജേതാക്കൾ

ഓറഞ്ച് ക്യാപ്പ്: ജോസ് ബട്‌ലർ (863 റൺസ്)

പർപ്പിൾ ക്യാപ്പ്: യുസ്‌വേന്ദ്ര ചെഹൽ (27 വിക്കറ്റ്)

പ്ലെയർ ഓഫ് ദി സീസൺ : ജോസ് ബട്‌ലർ

എമർജിങ് പ്ലെയർ : ഉമ്രാൻ മാലിക്

ഏറ്റവും കൂടുതൽ സിക്സറുകൾ: ജോസ് ബട്‌ലർ (45)

ഏറ്റവും കൂടുതൽ ഫോറുകൾ: ജോസ് ബട്‌ലർ (83)

സൂപ്പർ സ്‌ട്രൈക്കർ: ദിനേഷ് കാർത്തിക് (സ്‌ട്രൈക്ക് റേറ്റ് 183.33)

ഗെയിം ചേഞ്ചർ: ജോസ് ബട്‌ലർ

ഫെയർപ്ലേ അവാർഡ്: ഗുജറാത്ത് ടൈറ്റൻസ്, രാജസ്ഥാൻ റോയൽസ്

പവർ പ്ലെയര്‍: ജോസ് ബട്‌ലർ

ഏറ്റവും വേഗമേറിയ ഡെലിവറി: ലോക്കി ഫെർഗൂസൺ (157.3 കിമീ.)

മികച്ച ക്യാച്ച്: എവിൻ ലൂയിസ്


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News