ബട്‌ലർ അടിച്ചെടുത്തു, ചഹൽ എറിഞ്ഞിട്ടു; കൊൽക്കത്തക്കെതിരെ രാജസ്ഥാന് ഏഴ് റൺസ് ജയം
യുസ് വേന്ദ്ര ചഹലിന്റെ ബോളിങ് മികവിൽ കൊൽക്കത്തൻ വിജയം എരിഞ്ഞടങ്ങി. അഞ്ച് വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്.
ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ രാജസ്ഥാൻ ഉയർത്തിയ കൂറ്റൻ സ്‌കോറായ 217 മറികടക്കാനാവാതെ കൊൽക്കത്ത. നിശ്ചിത ഓവറിൽ കൊൽക്കത്തക്ക് 210 റൺസെടുക്കാനെ കഴിഞ്ഞുള്ളു. യുസ് വേന്ദ്ര ചഹലിന്റെ ബോളിങ് മികവിൽ കൊൽക്കത്തത്തയുടെ വിജയ മോഹം എരിഞ്ഞടങ്ങി. അഞ്ച് വിക്കറ്റാണ് ചഹൽ വീഴ്ത്തിയത്. കൊൽക്കത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർ മുന്നിൽ നിന്ന് പൊരുതിയെങ്കിലും കളി ജയിപ്പിക്കാനായില്ല. 51 പന്തിൽ 85 റൺസാണ് ശ്രേയസ് അടിച്ചെടുത്തത്
റണ്ണൊന്നും നേടാതെ സുനിൽ നെരേൻ മടങ്ങിയതോടെ ക്യാപ്റ്റൻ കളി ഏറ്റെടുത്തു. പ്രസിദ്ധിന് വിക്കറ്റ് നൽകി ഫിഞ്ച് മടങ്ങിയതോടെ ശ്രേയസിന് കൂട്ടുകെട്ട് നൽകാൻ പിന്നീട് വന്നവർക്കായില്ല. ഒമ്പത് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 58 റൺസാണ് ഫിഞ്ചിന്റെ സംഭാവന. 18 റൺസ് നേടി നിതീഷ് റാണയും റണ്ണൊന്നും നേടാതെ വെങ്കടേഷ് അയ്യരും മടങ്ങി. പതിനേഴാം ഓവർ എറിയാനെത്തിയ ചഹൽ കൊൽക്കത്തയുടെ വിജയ മോഹങ്ങളെ തച്ചുടച്ചു. ആ ഓവറിൽ കൊൽക്കത്തയുടെ നാല് വിക്കറ്റുകൾ ആണ് പിഴുതത്.
എന്നാൽ ജയം ഉറപ്പിച്ച രാജസ്ഥാനെ പത്താമതായി ബാറ്റ് ചെയ്യാൻ എത്തിയ ഉമേഷ് യാദവ് ഞെട്ടിക്കുന്നതാണ് പിന്നീട് കണ്ടത്. ട്രെന്റ് ബോൾട്ട് എറിഞ്ഞ 18 മത്തെ ഓവറിൽ 2 സിക്സറുകളും ഒരു ഫോറും അടക്കം 20 റൺസ് അടിച്ച ഉമേഷ് രണ്ടു ഓവറിൽ 18 റൺസ് എന്ന നിലക്ക് കൊൽക്കത്തയെ എത്തിച്ചു.
3 ഓവറിൽ 38 റൺസ് വഴങ്ങിയ മകോയി പക്ഷെ അവസാന ഓവറിൽ രാജാസ്ഥാന്റെ രക്ഷകൻ ആയി. ആദ്യം ജാക്സനെ പ്രസീദ് കൃഷ്ണന്റെ കയ്യിൽ എത്തിച്ച മകോയി ഉമേഷ് യാദവിനെ ക്ലീൻ ബോൾഡ് ചെയ്ത് രാജസ്ഥാന് 7 റൺസിന്റെ ആവേശ ജയം സമ്മാനിച്ചു. ജയത്തോടെ 6 മത്സരങ്ങളിൽ നിന്നു നാലു ജയവും ആയി രാജസ്ഥാൻ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് എത്തി. അതേസമയം ആറാമതാണ് കൊൽക്കത്ത.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 217 റൺസാണ് നേടിയത്. ജോസ് ബട്‌ലറിന്റെ വെടിക്കെട്ട് പ്രകടനത്തിലാണ് രാജസ്ഥാന് മികച്ച സ്‌കോർ കണ്ടെത്താനായത്. 60 പന്തിൽ ഒമ്പത് ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 103 റൺസാണ് ബട്‌ലർ അടിച്ചുകൂട്ടിയത്.
ഓപ്പണിങ് കൂട്ടുകെട്ടിൽ ദേവ്ദത്ത് പടിക്കലും ബട്‌ലറും കൂടി ടീമിന് സംഭാവന ചെയ്തത് 97 റൺസാണ്. മികച്ച ഫോമിൽ നിൽക്കെ സുനിൽ നരേന് വിക്കറ്റ് നൽകി പടിക്കൽ ആദ്യം പവലിയനിലേക്ക് മടങ്ങി. 18 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സറിന്റെയും അകമ്പടിയോടെ 24 റൺസായിരുന്നു പടിക്കലിന്റെ സംഭാവന. പിന്നാലെ എത്തിയ സഞ്ജു പൊരുതിയെങ്കിലും സ്‌കോർ 164ൽ നിൽക്കെ ആൻഡ്രെ റസലിന് മുന്നിൽ സഞ്ജു (38) വീണു. സഞ്ച്വറിയടിച്ച് നിൽക്കെ കമ്മിൻസ് ബട്‌ലറെ വീഴ്ത്തിയതോടെ രാജസ്ഥാൻ റൺ വേഗത കുറഞ്ഞു. റിയൻ പരാഗ് (5), കരുൺ നായർ (3) ഹിറ്റ്‌മെയർ(26) റൺസ് നേടി.
കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരേൻ രണ്ട് വിക്കറ്റും, റസൽ, പാറ്റ് കമ്മിൻസ്, ശിവം മാവി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സ് രാജസ്ഥാൻ റോയൽസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.