തകർത്തടിച്ച് ജഡേജ; ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്
166 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ സെഞ്ച്വറി പൂർത്തിയാക്കിയ ജഡേജ പുറത്താകാതെ ക്രീസിലുണ്ട്
തിരിച്ചുവരവ് ആഘോഷമാക്കിയ രവീന്ദർ ജഡേജയുടെ തകർപ്പൻ ഇന്നിഗ്‌സിന്റെ മികവിൽ ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ കൂറ്റൻ സ്‌കോറിലേക്ക്. ഒടുവിൽ വിവരം കിട്ടുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 468 റൺസെടുത്തിട്ടുണ്ട്. 166 പന്തിൽ പത്ത് ബൗണ്ടറികളുടെ അകമ്പടിയിൽ സെഞ്ച്വറി പൂർത്തിയാക്കിയ ജഡേജ പുറത്താകാതെ ക്രീസിലുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ ജഡേജയുടെ രണ്ടാം സെഞ്ച്വറിയാണിത്.
ആറ് വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് എന്ന നിലയിൽ ഇന്ന് കളിയാരംഭിച്ച ഇന്ത്യ രവീന്ദർ ജഡേജയുടേയും രവിചന്ദർ അശ്വിന്റേയും വെടിക്കെട്ട് ബാറ്റിങ് പ്രകടനം കൊണ്ടാണ് തുടങ്ങിയത്. ശ്രീലങ്കൻ ബൗളർമാരെ തുടരെ ബൗണ്ടറികൾ പായിച്ച ഇരുവരും 97ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോർ 400 കടത്തി.
82 പന്തിൽ എട്ട് ബൗണ്ടറികളുടെ അകമ്പടിയിൽ അശ്വിൻ 61 റൺസെടുത്ത് പുറത്തായി. രണ്ട് റൺസ് എടുത്ത ജയന്ദ് യാദവ് ജഡേജക്കൊപ്പം പുറത്താകാതെ ക്രീസിലുണ്ട്. നേരത്തെ ഇന്ത്യക്കായി റിഷബ് പന്തും ഹനുമ വിഹാരിയും അർധസെഞ്ച്വറി തികച്ചിരുന്നു. സെഞ്ച്വറിക്ക് നാല് റൺസ് അകലെയാണ് പന്ത് പുറത്തായത്. ശ്രീലങ്കയ്ക്ക് വേണ്ടി ലസിത് എംബുൽഡെനിയയും സുരംഗ ലക്മലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.