ഇത് പുതിയ മോഡൽ കെ.എൽ രാഹുൽ; ഇന്ത്യയുടെ ക്രൈസിസ് മാനേജർ
ക്രിക്കറ്റിൽ സമീപകാലത്ത് ഏറ്റവുമധികം ട്രോളിനും വിമർശനത്തിനും വിധേയനായ കളിക്കാരനും ഈ കർണ്ണാടകക്കാരനായിരിക്കും.
സെഞ്ചൂറിയൻ: കഴിഞ്ഞ ഏകദിന ലോകകപ്പിന് തൊട്ടുമുൻപ് ഇന്ത്യൻ ടീമിൽ കന്നൂർ ലോകേഷ് രാഹുലിനെ ഉൾപ്പെടുത്തിയപ്പോൾ കടുത്ത വിമർശനമാണ് ആരാധകരിൽ നിന്നുണ്ടായത്. പരിക്കിനെ തുടർന്ന് മാസങ്ങളായി കളത്തിന് പുറത്തുള്ള താരത്തെ ഉടനെ ടീമിലെത്തിച്ചതായിരുന്നു കാരണം. എന്നാൽ 31കാരന്റെ പ്രതിഭ നന്നായറിയുന്ന പരിശീലകൻ രാഹുൽ ദ്രാവിഡും ടീം മാനേജ്‌മെന്റും താരത്തിനൊപ്പം നിലകൊണ്ടു. ഇതുശരിവെക്കുന്ന പ്രകടനമാണ് രാഹുലിൽ നിന്നുണ്ടായത്.
പാക്കിസ്താനെതിരെ ഏഷ്യാകപ്പിലെ ആദ്യ ഇന്നിങ്‌സിൽ സെഞ്ചുറിയുമായുള്ള മടങ്ങിവരവ്. മൂന്നക്കം തികച്ച ശേഷം ബാറ്റ് മുകളിലേക്കുയർത്തി സ്വതസിദ്ധമായ ശൈലിയിൽ ആഘോഷിച്ച താരത്തെ നിറകൈയടികളോടെയാണ് ആരാധകർ സ്വാഗതംചെയ്തത്. പിന്നീടങ്ങോട്ട് പുതിയ മോഡൽ കെ.എൽ രാഹുലിനെയാണ് മൈതാനങ്ങളിൽ കണ്ടത്. ഇന്ത്യയിലേയും വിദേശത്തേയും പിച്ചുകൾ എന്ന വ്യത്യാസമില്ലാതെ ആ ബാറ്റിൽ നിന്ന് റൺസുകളൊഴുകി. ഏതു ദുഷ്‌കരമായ പിച്ചിലും ക്ഷമയോടെ ബാറ്റ് ചെയ്യാനും ബൗളർമാരുടെ ആത്മവിശ്വാസം ഇല്ലാതാക്കാനുമുള്ള കഴിവ് താരത്തെ വ്യത്യസ്തനാക്കുന്നു.
ക്രിക്കറ്റിൽ സമീപകാലത്ത് ഏറ്റവുമധികം ട്രോളിനും വിമർശനത്തിനും വിധേയനായ കളിക്കാരനും ഒരുപക്ഷെ ഈ കർണ്ണാടകക്കാരനായിരിക്കും. ഒരുവേള വിമർശനം അതിരുകടക്കുകപോലും ചെയ്തു. വ്യക്തിഗത നേട്ടത്തിനായി മാത്രം കളിക്കുന്ന താരമെന്നതായിരുന്നു പ്രധാന വിമർശനം. തനിക്കെതിരെയുയുയർന്ന വിമർശനങ്ങൾ ഏറെ തളർത്തിയതായി മടങ്ങിവരവിന് ശേഷം താരത്തിന് തുറന്ന് സമ്മതിക്കേണ്ടിവന്നു. എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ചിന്തിച്ച് ഒരുപാട് സങ്കടപ്പെട്ടു. പരിക്കിനെ തുടർന്നുള്ള വിശ്രമത്തിനിടെ ഒരേയൊരു ലക്ഷ്യമായിരുന്നു മനസിൽ. ലോകകപ്പ് ടീമിൽ ഇടംനേടുകയെന്നത്. ഇതിനായി നടത്തിയ കഠിനപ്രയത്‌നങ്ങൾ രാഹുൽ പറയുകയുണ്ടായി. ഒടുവിൽ തന്റെ പ്രതിഭ തിരിച്ചറിഞ്ഞുള്ള വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനെയാണ് കലിക്കളത്തിൽ കണ്ടത്. ഇന്ത്യ പ്രതിസന്ധി നേരിട്ട സന്ദർഭത്തിലെല്ലാം ക്രൈസിസ് മാനേജറായി താരം ക്രീസിലെത്തി. ഏകദിന ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യമത്സരത്തിൽ ഇതിൽ പ്രധാനമാണ്.
ലോകകപ്പ് ഫൈനൽ തോൽവിക്ക് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയുമടക്കമുള്ള പ്രധാന താരങ്ങളില്ലാതെ ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് വണ്ടികയറുമ്പോൾ വലിയ അത്ഭുതമൊന്നു ആരും പ്രവചിച്ചില്ല. എന്നാൽ യുവതാരനിരയെ കെ.എൽ രാഹുലിന്റെ കൈകളിൽ ഏൽപ്പിക്കുമ്പോൾ ക്രിക്കറ്റ് ബോർഡിനൊരു പ്രതീക്ഷയുണ്ടായിരുന്നു. ഇത് കൃത്യമായി കളിക്കളത്തിൽ നടപ്പിലാക്കി. അർഷ്ദീപ് സിങും സഞ്ജു സാംസണുമെല്ലാം ഇതിന്റെ ഗുണഭോക്താക്കളായി. മലയാളിതാരം സഞ്ജു സാംസന് അവസരം നൽകി മലയാളികൾക്കിടയിലും പ്രിയതാരമായി. ക്യാപ്റ്റനായ രാഹുൽ വിക്കറ്റ് കീപ്പറായുണ്ടാകുമ്പോൾ സഞ്ജുവിന് അവസരം ലഭിക്കില്ലെന്ന വിമർശനം കൂടിയാണ് അവിടെ പൊളിഞ്ഞുവീണത്.
ഏറ്റവുമൊടുവിൽ സെഞ്ചൂറിയൻ ടെസ്റ്റിൽ രോഹിത് ശർമ്മയും വിരാട് കോഹ്ലിയുമടക്കമുള്ള മുൻനിര താരങ്ങൾ പെട്ടെന്ന് കൂടാരം കയറിയപ്പോൾ മാന്യമായ ടീം ടോട്ടലിലേക്ക് എത്തിക്കേണ്ടത് രാഹുലിന്റെ ചുമലിലായി. ദക്ഷിണാഫ്രിക്കൻ പേസ് ആക്രമണങ്ങളെ ക്ഷമയോടെ നേരിട്ട് തന്റെ എട്ടാം ടെസ്റ്റ് സെഞ്ച്വറി നേടിയാണ് താരം പവലിയനിലേക്ക് മടങ്ങിയത്. വീണ്ടുമൊരു വിജയകരമായ രക്ഷാദൗത്യം. സെഞ്ചൂറിയൻ മൈതാനത്ത് രണ്ട്തവണ സെഞ്ച്വറി നേടുന്ന ആദ്യതാരം.. ദക്ഷിണാഫ്രിക്കയിൽ ഒന്നിൽ കൂടുതൽ തവണ മൂന്നക്കം കാണുന്ന അഞ്ചാമത്തെ ഏഷ്യൻതാരം.. രണ്ടാംവരവിൽ രാഹുലിന് നാട്ടിലും വിദേശത്തും പറയാനുള്ളത് നേട്ടങ്ങളുടെ കഥമാത്രം. ഒടുവിൽ ആരാധകർ ഒരേസ്വരത്തിൽ പറയുന്നു...ഏതുഫോർമാറ്റിലും ഇന്ത്യക്ക് ഉപയോഗപ്പെടുത്താവുന്ന ക്ലാസിക് താരം അത് കെ.എൽ രാഹുലാണ്.