നിറഞ്ഞാടി രാഹുൽ; പഞ്ചാബിന് 160 റൺസ് വിജയലക്ഷ്യം
56 പന്തിൽ 74 റൺസാണ് ഓപണറായിറങ്ങിയ രാഹുൽ അടിച്ചെടുത്തത്.
ലഖ്‌നൗ: നായകൻ മുന്നിൽ നിന്ന് നയിച്ചെങ്കിലും പഞ്ചാബിനെതിരെ കൂറ്റൻ സ്‌കോറുയർത്താനാവാതെ ലഖ്‌നൗ. അർധ സെഞ്ച്വറി നേടിയ കെ.എൽ രാഹുലിന്റെ ബാറ്റിങ് കരുത്തിൽ 159 റൺസ് മാത്രമാണ് ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് നേടാനായത്. 56 പന്തിൽ 74 റൺസാണ് ഓപണറായിറങ്ങിയ രാഹുൽ അടിച്ചെടുത്തത്.
എട്ട് ഫോറും ഒരു സിക്‌സുമാണ് നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. സഹ ഓപണറായ കെയ്ൽ മേയേഴ്‌സ് ക്യാപ്റ്റന് മികച്ച പിന്തുണ നൽകി മുന്നേറി. എന്നാൽ സ്‌കോർ 53ൽ എത്തിനിൽക്കെ മേയേഴ്‌സ് വീണു. ഹർപ്രീത് ബ്രാറിന്റെ പന്തിൽ ഹർപ്രീത് സിങ് ഭാട്ടിയ പിടിച്ചാണ് മേയേഴ്‌സ് പുറത്തായത്. 23 ബോളിൽ നിന്ന് 29 റൺസാണ് താരം നേടിയത്. മൂന്നാമനായെത്തിയ ദീപക് ഹൂഡയ്ക്ക് മൂന്ന് പന്തുകൾ മാത്രമേ ക്രീസിൽ പിടിച്ചുനിൽക്കാനായുള്ളൂ. സിക്കന്ദർ റാസയുടെ പന്തിൽ എൽബിഡബ്ല്യൂ ആയി റാസ പുറത്താവുമ്പോൾ സംഭാവന വെറും രണ്ട് റൺസ് മാത്രം.
തുടർന്നെത്തിയ ക്രുണാൽ പാണ്ഡെ നായകനൊപ്പം നിന്ന് പൊരുതി. സ്‌കോർബോർഡ് വീണ്ടും പതിയെ മുന്നോട്ടുനീങ്ങി. പാണ്ഡ്യ പരുങ്ങുമ്പോഴും മറുതലയ്ക്കൽ രാഹുൽ കിടിലൻ ബൗണ്ടറികളുടെ പിൻബലത്തിൽ തകർപ്പൻ പ്രകടനം തുടർന്നുകൊണ്ടിരുന്നു. എന്നാൽ പിന്നാലെ പാണ്ഡെയും പുറത്തായി. 17 പന്തിൽ 18 റൺസെടുത്ത് നിൽക്കെ കഗിസോ റബാദയുടെ പന്തിൽ ഷാരൂഖ് ഖാൻ പിടിച്ചാണ് താരം പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെയെത്തിയ നിക്കോളാസ് പൂരൻ നിരാശപ്പെടുത്തി. ആദ്യ പന്തിൽ തന്നെ സമാന രീതിയിൽ തന്നെയായിരുന്നു താരത്തിന്റേയും മടക്കം.
ഈ സമയം, സ്‌കോർ 111/4. അപ്പോഴും രാഹുൽ അടികൾ തുടരുന്നുണ്ടായിരുന്നു. തുടർന്നെത്തിയ മാർക്കസ് സ്‌റ്റോണിസ് 11 പന്തിൽ 15 റൺസെടുത്ത് നായകൻ സാം കരന്റെ പന്തിൽ ജിതേഷ് ശർമ പിടിച്ച് പുറത്താവുമ്പോൾ സ്‌കോർ 142. തുടർന്ന് 18.5 ഓവറിൽ ക്യാപ്റ്റൻ രാഹുലും പുറത്തായി. അർഷ്ദീപ് സിങ്ങിന്റെ പന്തിലായിരുന്നു രാഹുലിന്റെ മടക്കം. തുടർന്ന് നാല് റൺസ് കൂടി കൂട്ടിച്ചേർക്കവെ അടുത്ത വിക്കറ്റും വീണു.
ഇംപാക്ട് പ്ലയറായ കൃഷ്ണപ്പ ഗൗതം ഒരു റൺസെടുത്ത് പുറത്തായപ്പോൾ അടുത്ത പന്തിൽ യുധ് വീർ സിങ്ങും താരത്തെ പിന്തുടർന്ന് കൂടാരത്തിലേക്ക്. സാം കരന്റെ പന്തിലായിരുന്നു ഇരുവരുടേയും മടക്കം. ഒടുവിൽ 20 ഓവറുകൾ പൂർത്തിയാവുമ്പോൾ ആറ് പന്തിൽ അഞ്ച് റൺസുമായി ആയുഷ് ബദോനിയും രവി ബിഷ്‌നോയിയും പുറത്താവാതെ നിന്നു. അങ്ങനെ എട്ട് വിക്കറ്റ് നഷ്ടത്തിൽ ലഖ്‌നൗവിന്റെ സ്‌കോർ 159 റൺസ്.
ശിഖർ ധവാന്റെ അഭാവത്തിൽ നായകക്കുപ്പായമണിഞ്ഞ സാംകരനാണ് ലഖ്‌നൗവിന്റെ നട്ടെല്ലൊടിച്ചത്. മൂന്ന് വിക്കറ്റാണ് നായകൻ നേടിയത്. കഗിസോ റബാദ രണ്ടും അർഷ്ദീപ് സിങ്, ഹർപ്രീത് ബ്രാർ, സിക്കന്ദർ റാസ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
തുടർച്ചയായ രണ്ട് തോൽവികൾ രുചിച്ചാണ് പോയിന്റ് പട്ടികയിൽ ആറാമതുള്ള പഞ്ചാബ് രണ്ടാം സ്ഥാനത്തുള്ള ലഖ്‌നൗവിനെതിരെ ഇന്ന് പോരാടാൻ ഇറങ്ങിയത്. നാലിൽ മൂന്ന് ജയവുമായി പട്ടികയിൽ രണ്ടാമതുള്ള ലഖ്‌നൗ ഒന്നാമതെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ന് രംഗത്തിറങ്ങിയത്.
അതേസമയം, മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തുടക്കം തന്നെ പിഴച്ചു. ആദ്യ പന്തിൽ തന്നെ ഒന്നാം വിക്കറ്റ് വീണു. ഓപണർ അഥർവ ടൈഡാണ് യുധ് വീർ സിങ്ങിന്റെ പന്തിൽ ആവേശ് ഖാൻ പിടിച്ച് ആദ്യം പുറത്തായത്. പിന്നാലെ 17ാം റൺസിൽ രണ്ടാം വിക്കറ്റും വീഴ്ത്തി ലഖ്‌നൗ പഞ്ചാബ് നിരയെ വീണ്ടും ഞെട്ടിച്ചു. പ്രഭ്‌സിമ്രൻ സിങ്ങിന്റെ വിക്കറ്റാണ് രണ്ടാമത് തെറിച്ചത്.