'മഹി ഭായ്, ഈ ട്രോഫി നിങ്ങൾക്ക് വേണ്ടി': വൈറലായി രവീന്ദ്ര ജഡേജയുടെ ട്വീറ്റ്
ജഡേജയും ധോണിയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു.
അഹമ്മദാബാദ്: അവസാന രണ്ട് പന്തുകള്‍ അതിര്‍ത്തികടത്തി ചെന്നൈക്ക് അഞ്ചാം കിരീടമാണ് രവീന്ദ്ര ജഡേജ സമ്മാനിച്ചത്. ആ കിരീടം നായകന്‍ മഹേന്ദ്ര സിങ് ധോണിക്ക് സമര്‍പ്പിച്ചിരിക്കുകയാണ് രവീന്ദ്ര ജഡേജ.
' ഞങ്ങള്‍ ജയിച്ചത് ധോണിക്ക് വേണ്ടിയാണ്. മഹി ഭായ് ഈ കിരീടം നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു'- ജഡേജ കുറിച്ചു. മഴമൂലം ഓവര്‍ വെട്ടിച്ചുരുക്കിയപ്പോള്‍ ചെന്നൈയുടെ വിജയലക്ഷ്യം 15 ഓവറില്‍ 171 റണ്‍സായി മാറി. ഡെവോണ്‍ കോണ്‍വെ, ഋതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ, അജിങ്ക്യ രഹാനെ, അമ്പാട്ടി റായുഡു എന്നിവരുടെ ഇന്നിങ്സുകളും ചെന്നൈയുടെ ജയത്തിന് കൂട്ടായി.
നേരത്തെ ജഡേജയും ധോണിയും തമ്മില്‍ പിണക്കത്തിലാണെന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. വേഗം പുറത്താകൂ ഞങ്ങള്‍ക്ക് ധോണിയുടെ ബാറ്റിങാണ് കാണേണ്ടത് എന്ന് ജഡേജ ബാറ്റ് ചെയ്യുമ്പോള്‍ ഗ്യാലറിയില്‍ ബാനര്‍ ഉയര്‍ന്നിരുന്നു. ഐപിഎല്ലിന്റെ ആദ്യഘട്ടത്തിലായിരുന്നു ഇങ്ങനെയൊരു ബാനര്‍. അതേസമയം വിജയ ബൗണ്ടറി നേടിയതിന് പിന്നാലെ ജഡേജയെ എടുത്തുയര്‍ത്തിയ ധോണിയുടെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.
ആവേശകരമായ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. രവീന്ദ്ര ജഡേജയുടെ അവസാന ഓവറിലെ തകർപ്പൻ ഹീറോയിസമായിരുന്നു ചെന്നൈയെ വിജയത്തിൽ എത്തിച്ചത്. ഡെവൻ കോൺവെയാണ് ചെന്നൈയുടെ ടോപ് സ്‌കോറർ. 25 പന്തിൽ നിന്ന് 47 റൺസാണ് കോൺവെ നേടിയത്. ആറ് പന്തുകളിൽ നിന്ന് 15 റൺസാണ് ജഡേജ എടുത്തത്. ചെന്നൈയുടെ ബാറ്റർമാരെല്ലാം ജയത്തിൽ നിർണായക സ്വാധീനം ചെലുത്തിയിരുന്നു. എന്നാൽ നായകൻ ധോണി നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.