രചിൻ രവീന്ദ്രക്കും ഗെയിക്‌വാദിനും ഫിഫ്റ്റി; മുംബൈക്കെതിരെ ചെന്നൈക്ക് നാല് വിക്കറ്റ് ജയം
മുംബൈ ഇന്ത്യൻസിനായി അരങ്ങേറിയ മലയാളി താരം വിഘ്‌നേഷ് പുത്തൂർ മൂന്ന് വിക്കറ്റുമായി വരവറിയിച്ചു


ചെന്നൈ: ഐപിഎല്ലിലെ ക്ലാസിക് പോരാട്ടത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്‌സിന് നാല് വിക്കറ്റ് ജയം. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ സിഎസ്‌കെ മറികടന്നു. രചിൻ രവീന്ദ്ര അർധ സെഞ്ച്വറിയുമായി(65) പുറത്താകാതെ നിന്നു. ക്യാപ്റ്റൻ ഋതുരാജ് ഗെയിക്‌വാദും(53) മികച്ച പ്രകടനം നടത്തി. മുംബൈ ഇന്ത്യൻസിനായി ഇംപാക്ട് സബ്ബായി അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം വിഘ്‌നേഷ് പുത്തൂർ മൂന്ന് വിക്കറ്റുമായി വരവറിയിച്ചു. ഗെയിക്‌വാദ്, ശിവം ദുബെ, ദീപക് ഹൂഡെ എന്നിവരുടെ വിക്കറ്റാണ് 24 കാരൻ സ്വന്തമാക്കിയത്.
ചെപ്പോക്ക് സ്‌റ്റേഡിയത്തിൽ മുംബൈ ഉയർത്തിയ 156 റൺസിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ആതിഥേയരുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 11 റൺസ് ചേർക്കുന്നതിനിടെ ഓപ്പണർ രാഹുൽ ത്രിപാഠിയെ(2) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ഗെയിക്വാദ്-രചിൻ കൂട്ടുകെട്ട് സ്‌കോറിംഗ് ഉയർത്തി.ഇരുവരും മികച്ച കൂട്ടുകെട്ടിലേക്ക് നീങ്ങവെ എട്ടാം ഓവർ എറിയാൻ വിഘ്‌നേഷിനെ ക്യാപ്റ്റൻ സൂര്യകുമാർ പന്തേൽപ്പിച്ചു. ഐപിഎല്ലിലെ തന്റെ അരങ്ങേറ്റ ഓവറിൽ തന്നെ ചെന്നൈ ക്യാപ്റ്റൻ ഗെയിക്‌വാദിനെ വിൽ ജാക്‌സിന്റെ കൈകളിലെത്തിച്ച് മലപ്പുറം പെരുന്തൽമണ്ണക്കാരൻ സ്പിന്നർ മുംബൈക്ക് നിർണായക ബ്രേക്ക്ത്രൂ നൽകി. തൊട്ടുപിന്നാലെ തന്റെ ചൈനാമെൻ ബൗളിങിൽ ശിവം ദുബെയേയും(9),ദീപക് ഹൂഡേയേയും(9) മടക്കി മുൻ ചാമ്പ്യൻമാരെ മത്സരത്തിലേക്ക് മടക്കികൊണ്ടുവന്നു. എന്നാൽ ഒരു ഭാഗത്ത് രചിൻ രവീന്ദ്ര ഉറച്ചുനിന്നതോടെ ചെന്നൈ അവസാന ഓവറിൽ ലക്ഷ്യം മറികടന്നു. 45 പന്തിൽ രണ്ട് ഫോറും നാല് സിക്‌സറും സഹിതമാണ് കിവീസ് താരം 65 റൺസെടുത്തത്.
നേരത്തെ ആദ്യം ബാറ്റിങിനിറങ്ങിയ മുംബൈയ്ക്ക് ഷോക്കിങ് തുടക്കമായിരുന്നു. ആദ്യ ഓവറിൽ തന്നെ രോഹിത് ശർമയെ(0) മടക്കി ഖലീൽ അഹമ്മദ് മികച്ച പ്രകടനം നടത്തി. പിന്നാലെ റിക്കെൽട്ടനും(13), വിൽ ജാക്‌സും(11) മടങ്ങി. സൂര്യകുമാർ യാദവും(29) തിലക് വർമയും(31) ചേർന്ന് സ്‌കോർ ഉയർത്തിയെങ്കിലും അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദിന്റെ സ്പിൻ ബൗളിങിൽ ഇരുവരും വീണു.അവസാന ഓവറിൽ ദീപക് ചഹാർ(15 പന്തിൽ 28) തകർത്തടിച്ചതോടെയാണ് സ്‌കോർ 150 കടന്നത്. ചെന്നൈക്കായി നൂർ അഹമ്മദ് നാല് വിക്കറ്റ് വീഴ്ത്തി