ഏറ്റവും കൂടുതല്‍പേര്‍ കണ്ട കളി; റെക്കോര്‍ഡിട്ട് ഇന്ത്യ പാകിസ്താന്‍ പോര്
2016 ടി20 ലോകകപ്പിലെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയ സെമി ഫൈനല്‍ മത്സരമായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്
ഇന്ത്യ പാകിസ്താന്‍ പോര് എപ്പോഴും ആവേശം നിറഞ്ഞതായിരിക്കും. ഇത്തവണത്തെ ടി20 ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടവും അത്തരത്തിലുള്ള ഒന്നായിരുന്നു. ലോകത്തെ ക്രിക്കറ്റ് പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്ന ആ മത്സരം 167 മില്യണ്‍ കാണികളാണ് കണ്ടത്. ഒരു ലോകകപ്പ് മത്സരത്തില്‍ പാകിസ്താന്‍ ഇന്ത്യയെ ആദ്യമായി പരാജയപ്പെടുത്തിയ ആ മത്സരം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട മത്സരമെന്ന റെക്കോര്‍ഡും സൃഷ്ടിച്ചു.
2016 ട്വന്റി20 ലോകകപ്പിലെ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടിയ സെമി ഫൈനല്‍ മത്സരമായിരുന്നു ഇതുവരെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത്. സൂപ്പര്‍ 12ലെ മത്സരങ്ങളിലും റെക്കോര്‍ഡ് വ്യൂവര്‍ഷിപ്പ് ആണ് ലഭിച്ചിരിക്കുന്നത് എന്ന് സ്റ്റാര്‍ ഇന്ത്യ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച വരെ 238 മില്യണ്‍ ആളുകളാണ് ടി20 ലോകകപ്പ് ടിവിയില്‍ കണ്ടത്. സെമി കാണാതെ ഇന്ത്യ പുറത്തായതിന്‍റെ നിരാശ ഉണ്ടെങ്കിലും കളി കാണുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്ത്യ-പാക് മത്സരത്തിന് മുന്‍പ് നടത്തിയ ക്യാംപെയ്‌നുകളും, പ്രാദേശിക ഭാഷ അടിസ്ഥാനമാക്കിയ പരിപാടികളുമാണ് കളി കണ്ടവരുടെ എണ്ണം വര്‍ധിക്കാന്‍ കാരണമായതെന്നും സ്റ്റാര്‍ ഇന്ത്യ പറയുന്നു.
പാകിസ്താനെ നേരിട്ടാണ് ഇന്ത്യ ടി20 ലോകകപ്പിന് തുടക്കമിട്ടത്. പാക് പടയോട് 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയാണ് ഇന്ത്യ മത്സരം അവസാനിപ്പിച്ചത്. രണ്ടാം മത്സരത്തില്‍ ന്യൂസിലന്‍ഡിനോടും തോറ്റു. അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്കോട്ട്ലാന്‍റ് എന്നീ ടീമുകളോട് മികച്ച റണ്‍റേറ്റില്‍ ജയിച്ചെങ്കിലും ആദ്യ രണ്ട് മത്സരത്തിലെ പരാജയം ഇന്ത്യക്ക് ടി20 ലോകകപ്പില്‍ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചുകൊടുക്കുകയായിരുന്നു.