മുംബൈ ഇന്ത്യൻസിന് ആശ്വാസം; ബുംറ ഇല്ലെങ്കിലും ആർച്ചറുണ്ട്
നിലവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ് ആർച്ചർ
മുംബൈ: പരിക്കേറ്റ ഇന്ത്യൻ പേസ് ബൗളർ ജസ്പ്രീത് ബുംറ ഈ സീസണിലെ ഐ.പി.എൽ കളിക്കില്ലെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ മുംബൈ ഇന്ത്യൻസിന് ആശ്വാസമായി ജോഫ്ര ആർച്ചറുടെ സാന്നിധ്യം.
വരുന്ന സീസണിൽ കളിക്കുമെന്ന് ജോഫ്ര ആർച്ചറുമായി ബന്ധപ്പെട്ട അടുത്ത കേന്ദ്രങ്ങളാണ് വ്യക്തമാക്കിയത്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം സ്ഥിരീകരിച്ചെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്സൈറ്റായ ക്രിക്ക്ബസും റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയിൽ കളിക്കുകയാണ് ആർച്ചർ. ആദ്യ മത്സരത്തിൽ 10 ഓവറിൽ 37 റൺസ് വഴങ്ങിയ താരം രണ്ട് വിക്കറ്റ് വീഴ്ത്തി. 18 മാസത്തോളം പുറത്തിരുന്ന ആർച്ചർ ജനുവരിയിൽ സൗത്ത് ആഫ്രിക്ക ടി20 ടൂർണമെൻ്റിലൂടെയാണ് തിരികെവന്നത്. 8 കോടി രൂപയ്ക്കാണ് ആർച്ചറെ 2022 ലേലത്തിൽ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. അക്കൊല്ലം ആർച്ചർ കളിക്കില്ലെന്നുറപ്പായിരുന്നെങ്കിലും വരും വർഷങ്ങൾ കണക്കിലെടുത്ത് മുംബൈ പണം മുടക്കുകയായിരുന്നു.
ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പോടെ പേസര്‍ ഫിറ്റ്നസിലേക്ക് മടങ്ങിയെത്തുമെന്നാണ് ഇന്ത്യന്‍ ടീം മാനേജ്മെന്റിന്റെ പ്രതീക്ഷ.
ഒന്നിലധികം ടി20 പരമ്പരകളും ഏഷ്യാ കപ്പും നഷ്ടമായതിനാല്‍ 2022 ഓഗസ്റ്റ് മുതല്‍ ഫാസ്റ്റ് ബൗളര്‍ ടീമിന് പുറത്തായിരുന്നു. ആസ്ട്രേലിയയ്ക്കെതിരെ രണ്ട് ടി20 മത്സരങ്ങളില്‍ ബുംറ കളിച്ചിരുന്നു. പക്ഷേ പരിക്ക് വിട്ടുമാറാതെ വന്നതോടെ ടി20 ലോകകപ്പ് നഷ്ടപ്പെട്ടു, അതിനുശേഷം ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ജനുവരിയില്‍ ശ്രീലങ്കന്‍ പരമ്പരയ്ക്കായി ഇന്ത്യന്‍ ബോര്‍ഡ് ബുംറയെ ചേര്‍ത്തിരുന്നു, എന്നാല്‍ ഫാസ്റ്റ് ബൗളര്‍ക്ക് ബൗളിംഗ് ഫിറ്റ്‌നസ് വളര്‍ത്തിയെടുക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്നതിനാല്‍ താരത്തെ പിന്‍വലിച്ചു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി ക്രിക്കറ്റിലേക്ക് താരത്തെ പരിഗണിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അതും നടന്നില്ല.