ആദ്യമായി ഏഷ്യാകപ്പിൽ ഇടംനേടി നേപ്പാൾ; ഇന്ത്യ-പാകിസ്താൻ ഗ്രൂപ്പിൽ
സെപ്തംബറിൽ പാകിസ്താനിലാണ് ടൂർണമെൻറ് നടക്കുക
കഠ്മണ്ഡു: ആദ്യമായി ഏഷ്യാകപ്പിൽ ഇടംനേടി നേപ്പാൾ. ചൊവ്വാഴ്ച നടന്ന ഐ.സി.സി പുരുഷ പ്രീമിയർ കപ്പ് ഫൈനലിൽ യു.എ.ഇയെ തോൽപ്പിച്ചാണ് നേപ്പാൾ ഏഷ്യാ കപ്പിലെത്തിയത്. ക്രിക്കറ്റ് ലോകത്തെ കരുത്തരായ ഇന്ത്യയും പാകിസ്താനുമുള്ള എ ഗ്രൂപ്പിലാണ് ടീം കളിക്കുക. സെപ്തംബറിൽ പാകിസ്താനിലാണ് 2023ലെ ടൂർണമെൻറ് നടക്കുക. സെപ്തംബർ രണ്ട് മുതൽ 17 വരെയാണ് മത്സരങ്ങൾ. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്‌നങ്ങൾ കാരണം വേദികളുടെ കാര്യത്തിൽ ഐ.സി.സി അന്തിമ തീരുമാനമെടുത്തിട്ടില്ല. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീം പാകിസ്താനിൽ കളിക്കില്ലെന്ന് ഐ.സി.സി ചെയർമാൻ കൂടിയായ ജയ് ഷാ വ്യക്തമാക്കിയിട്ടുണ്ട്. നിഷ്പക്ഷ വേദിയിൽ മത്സരം വെക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. അതേസമയം, ഏഷ്യാകപ്പ് പാകിസ്താനിൽ നടത്താൻ അനുവദിച്ചില്ലെങ്കിൽ അവർ ഇന്ത്യയിൽ നടക്കുന്ന 2023 ലോകകപ്പ് ബഹിഷ്‌കരിക്കുമെന്ന് വാർത്തകളുണ്ട്. അതിനാൽ വരുന്ന ദിവസങ്ങളിലുണ്ടാകുന്ന തീരുമാനങ്ങൾ നിർണായകമാണ്.
കാഠ്മണ്ഡുവിലെ ടി.യു ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യു.എ.ഇ 117 റൺസിന് ഓൾഔട്ടാകുകയായിരുന്നു. തുടർന്ന് മറുപടി ബാറ്റിംഗിൽ 30.3 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേപ്പാൾ ലക്ഷ്യം മറികടന്നു. അർധ സെഞ്ച്വറി നേടിയ ഗുൽസൻ ത്ഥായും 36 റൺസുമായി പിന്തുണ നൽകിയ ഭീം ഷർകിയുമാണ് നേപ്പാളിനായി തിളങ്ങിയത്. വൺഡൗണായെത്തിയ ഗുൽസൻ ആറു സിക്‌സും മൂന്നു ഫോറും സഹിതം 67 റൺസാണ് അടിച്ചുകൂട്ടിയത്.
ബൗളിംഗിൽ നാലു വിക്കറ്റ് വീഴ്ത്തി ലളിത് രാജ്ബൻഷിയും രണ്ട് വീതം വിക്കറ്റ് നേടിയ സന്ദീപ് ലാമിചനെയും കരൺ കെ.സിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഗുൽസൻ ത്ഥായും സോംപാൽ കാമിയും ഓരോ വിക്കറ്റ് വീഴ്ത്തി. 46 റൺസ് നേടിയ ആസിഫ് ഖാനാണ് യു.എ.ഇയുടെ ടോപ് സ്‌കോറർ. 46 റൺസാണ് താരം നേടിയത്. മറ്റാർക്കും മികവ് പ്രകടിപ്പിക്കാനായില്ല. ബൗളിംഗിൽ രോഹൻ മുസ്തഫ രണ്ടും അയാൻ അഫ്‌സൽ ഖാൻ ഒന്നും വിക്കറ്റ് നേടി.
Nepal has secured a seat in the Asia Cup for the first time