ബൈജൂസ് മാറി, ഇന്ത്യൻ ടീമിന് പുതിയ സ്‌പോൺസർ; പ്രഖ്യാപനവുമായി ബി.സി.സി.ഐ
വിൻഡീസ് പരമ്പര മുതൽ ഡ്രീം ഇലവൻ ഇന്ത്യയുടെ ഭാഗമാകും. ജൂലൈ 12ന് ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വിൻഡീസ് പരമ്പര ആരംഭിക്കുന്നത്.

ടീം ഇന്ത്യ- രോഹിത് ശര്‍മ്മ- വിരാട് കോഹ്ലി

മുംബൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്‌പോൺസറിൽ മാറ്റംവരുത്തി ബി.സി.സി.ഐ. ബൈജൂസിന്റെ കരാര്‍ അവസാനിച്ചപ്പോള്‍ പ്രമുഖ ഫാന്റസി ഗെയിമിങ് ആപ്ലിക്കേഷനായ ഡ്രീം ഇലവന് സ്‌പോർൺസർഷിപ്പ് സ്വന്തമാക്കി. ബൈജൂസുമായുള്ള കരാർ ഈ വർഷം ആദ്യത്തിൽ അവസാനിച്ചിരുന്നു. പിന്നാലെയാണ് ഗെയിമിങ് ആപ്ലിക്കേഷനുകൾക്കിടയിൽ തരംഗമായ ഡ്രീം ഇലവൻ കരാർ നേടുന്നത്.
മൂന്ന് വർഷത്തേക്കാണ് കരാർ. വിൻഡീസ് പരമ്പര മുതൽ ഡ്രീം ഇലവൻ ഇന്ത്യയുടെ ഭാഗമാകും. ജൂലൈ 12ന് ടെസ്റ്റ് മത്സരത്തോടെയാണ് ഇന്ത്യയുടെ വിൻഡീസ് പരമ്പര ആരംഭിക്കുന്നത്. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പര കൂടിയാണിത്. അതേസമയം കരാർ തുക സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ഈ വർഷം ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കാനിരിക്കെ ഡ്രീം ഇലവനുമായുള്ള കരാർ പോസിറ്റീവ് ആയാണ് ബി.സി.സി.ഐ കാണുന്നത്. 2019ലാണ് ബൈജൂസ് ടീം ഇന്ത്യയുടെ ഭാഗമാകുന്നത്. പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോയിൽ നിന്നാണ് ബൈജൂസ് കരാർ ഏറ്റെടുക്കുന്നത്.
മൂന്ന് വർഷത്തേക്കായിരുന്നു കരാർ. എന്നാൽ ഒരു വർഷത്തേക്ക് കൂടി ബൈജൂസ് കരാർ നീട്ടുകയായിരുന്നു. പിന്നാലെയാണ് ഡ്രീം ഇലവൻ ഇന്ത്യയുടെ ഭാഗമാകുന്നത്. ബൈജൂസിനെക്കാളും കുറവ് തുകയ്ക്കാണ് ഡ്രീം ഇലവൻ കരാർ ഒപ്പിട്ടതെന്ന റിപ്പോർട്ടുകളും സജീവമാണ്. ഐ.സിസി ഇവന്റുകൾ അല്ലാത്ത മത്സരങ്ങൾക്കാണ് ടൈറ്റിൽ സ്‌പോൺസർ എന്ന നിലയിൽ കമ്പനി കൂടുതൽ പണം നൽകേണ്ടി വരിക. ഐ.സി.സി ഇവന്റുകളിൽ ജേഴ്‌സിയുടെ മധ്യഭാഗത്ത് രാജ്യത്തിന്റെ പേരിനാണ് പ്രാധാന്യം നൽകുക. അല്ലാത്ത മത്സരങ്ങൾക്കാണ് സ്‌പോൺസർഷിപ്പിന്റെ പേര് ജേഴ്‌സിയുടെ മധ്യഭാഗത്ത് വരിക.
ഇതുപ്രകാരം ഐ.സി.സി ഇവന്റുകളല്ലാത്ത ഓരോ മത്സരങ്ങൾക്കും ബി.സി.സി.ഐക്ക് 5.5 കോടിയാണ് ബൈജൂസ് നൽകിയിരുന്നത്. ഐ.സി.സി ഇവൻുകളിൽ അത് 1.7 കോടിയായി ചുരുങ്ങിയിരുന്നു. ഈ തുകയിൽ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.