'ഏഷ്യന്‍ ക്രിക്കറ്റില്‍ ജയ് ഷായുടെ ഏകാധിപത്യം'; രൂക്ഷവിമര്‍ശനവുമായി പി.സി.ബി ചെയര്‍മാന്‍
ഏഷ്യാ കപ്പ് ഉൾപ്പെടെ എ.സി.സിക്ക് കീഴിൽ ഈ വര്‍ഷം നടക്കുന്ന മുഴുവൻ മത്സരങ്ങളുടേയും ക്രമം ഇന്നലെ ജയ് ഷാ പുറത്ത് വിട്ടതിന് പിറകെയാണ് നജം സേതിയുടെ വിമർശനം
ഏഷ്യന്‍ ക്രിക്കറ്റ് കൗൺസിൽ തലവൻ ജയ് ഷാക്കെതിരെ രൂക്ഷവിമർശനവുമായി പാക് ക്രിക്കറ്റ് ബോർഡ് ചെയർമാന്‍ നജം സേതി. മത്സരക്രമങ്ങൾ അടക്കം പല കാര്യങ്ങളിലും ജയ് ഷാ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നതെന്ന് നജം സേതി കുറിച്ചു. ഏഷ്യാ കപ്പ് ഉൾപ്പെടെ എ.സി.സിക്ക് കീഴിൽ ഈ വര്‍ഷം നടക്കുന്ന മുഴുവൻ മത്സരങ്ങളുടേയും ക്രമം ഇന്നലെ ജയ് ഷാ പുറത്ത് വിട്ടതിന് പിറകെയാണ് സേതിയുടെ വിമർശനം.
''2023-24 കാലയളവിലേക്കുള്ള മുഴുവൻ മത്സരങ്ങളുടേയും, പ്രത്യേകിച്ച് പാകിസ്താനില്‍ വച്ച് നടക്കുന്ന ഏഷ്യാ കപ്പിന്‍റേതടക്കം മത്സരക്രമം ഏകപക്ഷീയമായി തീരുമാനിച്ച ജയ് ഷാക്ക് നന്ദി. ഞങ്ങളുടെ പാകിസ്കാന്‍ ക്രിക്കറ്റ് ലീഗിന്‍റെ ഘടനയും കലണ്ടറും നിങ്ങൾക്ക് അവതരിപ്പിക്കാം..'' നജം സേതി കുറിച്ചു.
ഏഷ്യാ കപ്പ് വേദിയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. പാകിസ്താന് നറുക്ക് വീണിട്ടുണ്ടെങ്കിലും പാകിസ്താനിലേക്ക് ഇന്ത്യന്‍ ടീമിനെ അയക്കില്ലെന്ന് നേരത്തേ ബി.സി.സി.ഐ സെക്രട്ടറി കൂടിയായ ജയ് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ വേദിയാകുന്ന ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പാകിസ്താനും വ്യക്തമാക്കി.