ടീം അഴിച്ചുപണിയുന്നു: പുതിയൊരു പേസറെ കൂടി ഉൾപ്പെടുത്തി
മൂന്നാം ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. റിസർവ് താരമായിരുന്ന പ്രസിദ്ധ് കൃഷ്ണയെ ഓവൽ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി.
മൂന്നാം ടെസ്റ്റിലെ വമ്പൻ തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീമിൽ അഴിച്ചുപണി. റിസർവ് താരമായിരുന്ന പ്രസിദ്ധ് കൃഷ്ണയെ ഓവൽ ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെടുത്തി. ടീം ഇന്ത്യയുടെ അഭ്യർത്ഥന മാനിച്ചാണ് പ്രസിദ്ധിനെ കൂടി ടീമിൽ ഉൾപ്പെടുത്തിയതെന്ന് ബിസിസിഐ വ്യക്തമാക്കി. പ്രസിദ്ധ് ഇന്ത്യക്കായി ഏകദിനം കളിച്ചിട്ടുണ്ട്.
മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ നടന്ന മത്സരത്തിലായിരുന്നു പ്രസിദ്ധിന്റെ ഏകദിന അരങ്ങേറ്റം. ഇന്ത്യക്കായി മൂന്ന് ഏകദിന മത്സരങ്ങളിൽ പ്രസിദ്ധ് കളിച്ചിട്ടുണ്ട്. അതേസമയം ഫീൽഡിങിനെ പരിക്കേറ്റ രവീന്ദ്ര ജഡേജയുടെ കാര്യത്തിൽ ഇന്ത്യക്ക് ശുഭസൂചനയാണ്. ജഡേജയും ടീമിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ അന്തിമ ഇലവിൻ ഉണ്ടാകുമോ എന്നുറപ്പില്ല. ജഡേജക്ക് പകരം അശ്വിനെ കളിപ്പിക്കണമെന്ന ആവശ്യം ഇതിനകം ഉയർന്നിട്ടുണ്ട്.
അങ്ങനെ വന്നാൽ ജഡേജ പുറത്തിരിക്കേണ്ടി വരും. എക്‌സ്ട്രാ ബാറ്റ്‌സ്മാനെ ഉൾപ്പെടുത്താതെ ടീമിൽ മാറ്റങ്ങളുണ്ടാകുമെന്ന് നായകൻ കോലി നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഇപ്പോഴത്തെ സാഹചര്യത്തിൽ ടീമിൽ മാറ്റം അനിവാര്യമാണെന്ന് കരുതുന്നു. ടീമിലെ ഒരാളെയും കൂടുതൽ ജോലിയെടുപ്പിച്ച് പരിക്കിന്റെ പിടിയിലേക്ക് തള്ളിയിടാനാകില്ല, വിശ്രമം ആവശ്യമുള്ളവർക്ക് നൽകും'- ഇങ്ങനെയായിരുന്നു കോലിയുടെ പ്രതികരണം.
ടീം ഇങ്ങനെ: രോഹിത് ശർമ്മ, ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ, ചേതേശ്വർ പുജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി,റിഷബ് പന്ത്, ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ജസ്പ്രീത് ബുംറ, ഇഷാന്ത് ശർമ്മ, മുഹമ്മദ് ഷമി, സിറാജ്, ശർദുൽ താക്കൂർ, ഉമേഷ് യാദവ്, വൃദ്ധിമാൻ സാഹ, അഭിമന്യു ഈശ്വർ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, പ്രസിദ്ധ് കൃഷ്ണ