'ഋഷഭ് പന്ത് എന്നൊരു താരമുണ്ടായിരുന്നു,ഡക്കറ്റ് അവൻ കളിക്കുന്നത് കണ്ടിട്ടുണ്ടാകില്ല'; രോഹിത് ശർമ്മയുടെ മറുപടി വൈറൽ
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച താരമായ പന്ത് ഏകദിന ശൈലിയിൽ ബാറ്റുവീശി നിരവധി മത്സരങ്ങളിലാണ് ജയമൊരുക്കിയത്.
ധരംശാല: അഞ്ചാം ടെസ്റ്റിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഇംഗ്ലണ്ട് താരത്തിന് ചുട്ടമറുപടി നൽകി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഇംഗ്ലണ്ട് ബാസ്‌ബോൾ ശൈലി കണ്ട് പഠിക്കുകയാണെന്ന ബെൻ ഡെക്കറ്റിന്റെ പരാമർശത്തിനെതിരെയാണ് രോഹിത് രംഗത്തെത്തിയത്. 'ഇന്ത്യൻ ടീമിൽ റിഷഭ് പന്ത് എന്ന് പേരുള്ള ഒരു താരം കളിക്കാനുണ്ടായിരുന്നു. ഡക്കറ്റ് ചിലപ്പോൾ അവൻ കളിക്കുന്നത് കണ്ടിട്ടുണ്ടായിരിക്കില്ല' രോഹിത് പരിഹാസത്തോടെ പറഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മികച്ച താരമായ ഋഷഭ് പന്ത് ഏകദിന ശൈലിയിൽ ബാറ്റുവീശി നിരവധി മത്സരങ്ങളിലാണ് ജയമൊരുക്കിയത്. ഗുരുതരമായി പരിക്കേറ്റ് ഒന്നര വർഷത്തോളമായി കളത്തിന് പുറത്താണെങ്കിലും ഇപ്പോഴും ഐസിസി ടെസ്റ്റ് റാങ്കിങിൽ 14ാം സ്ഥാനത്ത് ഈ യുവ വിക്കറ്റ് കീപ്പർ തുടരുന്നു. ഐപിഎൽ മത്സരത്തിന് മുന്നോടിയായി കഠിന പരിശീലനത്തിലാണ് താരമിപ്പോൾ. ഹിറ്റ്മാന്റെ പ്രതികരണം സമൂഹമാധ്യമങ്ങളിലും വലിയതോതിൽ ശ്രദ്ധിക്കപ്പെട്ടു. മുംബൈ ഇന്ത്യൻസ് താരത്തിന്റെ മറ്റൊരു മറുപടി ഇങ്ങനെയായിരുന്നു. ' ഞാൻ സ്‌കൂളിൽ ഒരുപാടൊന്നും പഠിച്ചിട്ടില്ല. എന്നാൽ ക്രിക്കറ്റ് കളിക്കുമ്പോൾ എതിർ ടീമിനെ പഠിക്കാറുണ്ട്. ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും ആ രീതി ഞാൻ ഏറെ ഇഷ്ടപ്പെടുന്നു-രോഹിത് പറഞ്ഞു.
ഇംഗ്ലണ്ട് പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരത്തിന് നാളെ ധരംശാല വേദിയാകും. ഇതിന് മുന്നോടിയായാണ് രോഹിത് മാധ്യമങ്ങളെ കണ്ടത്. നേരത്തതന്നെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര (3-1) ഇന്ത്യ സ്വന്തമാക്കിയിരുന്നു. നാലാം ടെസ്റ്റിൽ നിന്ന് വിശ്രമമെടുത്ത ജസ്പ്രിത് ബുംറയെ അവസാന ടെസ്റ്റിനുള്ള സ്‌ക്വാർഡിൽ ഉൾപ്പെടുത്തിരുന്നു. ടി20 ലോകകപ്പ് മുൻനിർത്തിയാണ് പേസർക്ക് വിശ്രമനുവദിച്ചത്. ആദ്യ മൂന്ന് ടെസ്റ്റിലും 13.64 ശരാശരിയിൽ 17 വിക്കറ്റാണ് താരം വീഴ്ത്തിയത്.