കോച്ച് പറഞ്ഞാലും കേൾക്കില്ല; രഞ്ജി ട്രോഫിയിലും കളിക്കാതെ ഇഷാൻ കിഷൻ

പരിശീലകൻ രാഹുൽ ദ്രാവിഡും ബിസിസിഐ അധികൃതരും അറിയിച്ചിട്ടും അനുസരിക്കാത്ത കിഷന്റെ നിലപാടിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ദേശീയ ടീമിലെ പല പ്രമുഖ താരങ്ങളും കളിക്കുമ്പോഴാണ് ഇഷാന്റെ പിൻമാറ്റമെന്നതും ശ്രദ്ധേയമാണ്.

Update: 2024-01-19 11:00 GMT
Editor : Sharafudheen TK | By : Web Desk
Advertising

പാലം: അവധി അവസാനിപ്പിച്ച് ആഭ്യന്തര ക്രിക്കറ്റിൽ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന നിർദേശത്തിന് പുല്ലുവില നൽകി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ഇഷാൻ കിഷൻ. ഇന്ന് ആരംഭിച്ച രഞ്ജി ട്രോഫിയിൽ സ്വന്തം ടീമായ ജാർഖണ്ഡ് നിരയിൽ യുവതാരം കളിക്കുന്നില്ല. സർവ്വീസിസിനെതിരായ മത്സരത്തിൽ കുമാർ കുശാഗ്രയാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്.

പരിശീലകൻ രാഹുൽ ദ്രാവിഡും ബിസിസിഐ അധികൃതരും അറിയിച്ചിട്ടും അനുസരിക്കാത്ത കിഷന്റെ നിലപാടിൽ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. ദേശീയ ടീമിലെ പല പ്രമുഖ താരങ്ങളും കളിക്കുമ്പോഴാണ് ഇഷാന്റെ പിൻമാറ്റമെന്നതും ശ്രദ്ധേയമാണ്. ഇംഗ്ലണ്ടിനെതിരെ ഈമാസം അവസാനം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ കെ.എൽ രാഹുലിനെ സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സമാനായി ഇറക്കാനാണ് ക്രിക്കറ്റ് ബോർഡിന്റെ തീരുമാനം. ഇതോടെ ഒഴിവു വരുന്ന വിക്കറ്റ് കീപ്പറുടെ സ്ഥനത്തേക്ക് ഇഷനെ പരിഗണിക്കുമെന്ന് റിപ്പോർട്ടുണ്ടയിരുന്നു. എന്നാൽ പരമ്പരക്ക് മുന്നോടിയായി നടക്കുന്ന രഞ്ജി മത്സരത്തിൽ പങ്കെടുക്കാത്തതിനാൽ ടീമിലേക്കെടുക്കാനുള്ള സാധ്യത മങ്ങി. കെ.എസ് ഭരതിനാകും അവസരമൊരുങ്ങുക.

തുടർച്ചയായ യാത്രകളും ടീമിൽ സ്ഥിരമായി അവസരം ലഭിക്കാത്തതും മാനസികമായി പ്രശ്‌നമുണ്ടാക്കുന്നതായി അറിയിച്ച് ഇഷാൻ അവധി നേടിയെടുത്തിരുന്നു. എന്നാൽ ടീം വിട്ട കിഷൻ നേരെ ദുബായിൽ സഹോദരന്റെ ജന്മദിനാഘോഷ പരിപാടിക്ക് പോകുകയായിരുന്നു. ഇതാണ് സെലക്ഷൻ കമ്മിറ്റി അധികൃതരെ ചൊടിപ്പിച്ചത്. അവസാനം ഇന്ത്യ കളിച്ച അഫ്ഗാനിസ്താനെതിരായ ട്വന്റി 20 ടീമിലും താരത്തിന് അവസരമുണ്ടായിരുന്നില്ല. ജിതേഷ് ശർമ്മയും മലയാളിതാരം സഞ്ജു സാംസണും ടീമിൽ ഇടം പിടിച്ചിരുന്നു. കേരളത്തിനായി രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കെയാണ് സഞ്ജു ദേശീയ ടീമിലേക്ക് എത്തിയത്.

കിഷനെ പുറത്ത് നിർത്തിയിരിക്കുകയാണോ എന്ന് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ രാഹുൽ ദ്രാവിഡ് ഇത് നിഷേധിച്ചിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ കളിച്ച് ഫോമും ഫിറ്റ്‌നസും തെളിയിച്ചാൽ കിഷന് ഇന്ത്യൻ ടീമിൽ തിരിച്ചെത്താമെന്നാണ് ദ്രാവിഡ് പറഞ്ഞിരുന്നത്. എന്നാൽ രഞ്ജിയിൽ കളിച്ച് ടീമിലേക്ക് മടങ്ങിയെത്താനുള്ള സുവർണാവസരമാണ് 25 കാരൻ നഷ്ടപ്പെടുത്തിയത്.

സർവീസസിനെതിരെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന ജാർഖണ്ഡ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 113-4 എന്ന നിലയിലാണ്. ക്യപ്റ്റൻ വിരാട് സിങ് 50 റൺസുമായി ക്രീസിലുണ്ട്. കുമാർ ദിയോബ്രാത്(0), നസീം സിദ്ദീഖി(1), കുമാർ സൂരജ്(0), സൗരഭ് തിവാരി(18) എന്നിവരുടെ വിക്കറ്റുകളാണ് ജാർഖണ്ഡിന് നഷ്ടമായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News