ശുഭ്മാൻ ഗിലിന് മുന്നറിയിപ്പുമായി രവി ശാസ്ത്രി; സമയം നൽകണമെന്ന് കെവിൻ പീറ്റേഴ്‌സൺ
അവസരങ്ങൾ മുതലെടുക്കുന്നതിൽ ഗിൽ പരാജയപ്പെടുമ്പോൾ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര രഞ്ജി ട്രോഫിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ശാസ്ത്രി ഓർമ്മിപ്പിച്ചു.
വിശാഖപട്ടണം: ഏകദിന, ട്വന്റി 20 ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കുമ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിന് അത്ര മികച്ച സമയമല്ല. കഴിഞ്ഞ 11 ഇന്നിംഗ്സിൽ ഒരു തവണ പോലും 50 റൺസ് നേടാൻ സാധിച്ചിട്ടില്ല. റെഡ് ബോൾ ക്രിക്കറ്റിൽ നിരന്തരം പരാജയപ്പെടുന്നതോടെ താരത്തിനെതിരെ മുറവിളിയും ഉയർന്നുകഴിഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിൽ പൂജ്യത്തിന് പുറത്തായതോടെ താരത്തിന്റെ ടീമിലെ സ്ഥാനം തുലാസിലായിരുന്നു. വിരാട് കോഹ്ലിയുടെ അഭാവവും കെഎൽ രാഹുലിന് പരിക്കേറ്റതും ഗിലിന് വിശാഖപട്ടണം ടെസ്റ്റിലും അവസരമൊരുങ്ങി. എന്നാൽ ആദ്യ ഇന്നിങ്‌സിലും താരം നിരാശപ്പെടുത്തി. ഇതോടെ 24കാരന് മുന്നറിയിപ്പുമായി മുൻ പരിശീലകൻ രവി ശാസ്ത്രി രംഗത്തെത്തി.
Kallis averaged 22 in his first 10 Tests and turned out to be arguably the greatest player to play the game.
— Kevin Pietersen🦏 (@KP24) February 2, 2024
Give @ShubmanGill time to find it please.
He’s a serious player! #INDvENG
അവസരങ്ങൾ മുതലെടുക്കുന്നതിൽ ഗിൽ പരാജയപ്പെടുമ്പോൾ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ബാറ്റർ ചേതേശ്വർ പൂജാര രഞ്ജി ട്രോഫിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനം പുറത്തെടുക്കുന്നുണ്ടെന്ന് ശാസ്ത്രി ഓർമ്മിപ്പിച്ചു. ഇന്ത്യയ്ക്ക് ഇപ്പോഴുള്ളത് യുവനിരയാണ്. അവർ അവരുടെ മികവ് തെളിയിക്കേണ്ടതുണ്ട്. എന്നാൽ ചേതേശ്വർ പൂജാര പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്ന കാര്യം നിങ്ങൾ മറക്കരുത്. നിലവിലെ രഞ്ജി സീസണിൽ മിന്നും ഫോമിലാണ്. നിലവിൽ സെലക്ടർമാരുടെ റഡാറിലുള്ള താരവുമാണ് പൂജാരയെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. വിശാഖപട്ടണം ടെസ്റ്റിൽ കമന്ററി പറയുന്നതിനിടെയായിരുന്നു ശാസ്ത്രിയുടെ പ്രതികരണം.
വിശാഖപട്ടണത്ത് 46 പന്തുകൾ നേരിട്ട് 34 റൺസാണ് ഗിൽ നേടിയത്. 36 കാരനായ പൂജാര രഞ്ജിയിൽ സൗരാഷ്ട്രക്കായി ഇരട്ട സെഞ്ചുറി നേടിയിരുന്നു. രണ്ട് അർധ സെഞ്ചുറിയും അടുത്തിടെ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുശേഷമാണ് പൂജാരക്ക് സ്ഥാനം തെറിച്ചത്. നിലവിൽ ഏഴ് ഇന്നിങ്‌സുകളിൽ നിന്നായി 89.66 ശരാശരിയിൽ 538 റൺസാണ് പൂജാര അടിച്ചുകൂട്ടിയത്.
അതേസമയം, ഗില്ലിനെ പിന്തുണച്ച് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്‌സൺ രംഗത്തെത്തി. താരത്തിന് ഫോമിലേക്കുയരാൻ സമയം നൽകണമെന്ന് കെപി വ്യക്തമാക്കി. മുൻ ദക്ഷിണാഫ്രിക്കൻ താരം ജാക്വിസ് കലീസുമായാണ് ഗില്ലിനെ താരതമ്യപ്പെടുത്തിയത്. ഇന്ത്യൻ യുവതാരത്തിന് സമാനമായി കല്ലീസിന്റെ ടെസ്റ്റ് കരിയറിന്റെ തുടക്കം മോശമായിരുന്നു. എന്നാൽ പിന്നീട് ടെസ്റ്റിലെ എക്കാലത്തേയും മികച്ചതാരമായാണ് ദക്ഷിണാഫ്രിക്കൻ മാറിയത്-പീറ്റേഴ്‌സൺ എക്‌സിൽ കുറിച്ചു.