'ഇന്ത്യൻ ക്രിക്കറ്റിലെ അതികായൻ'; 100ാം ടെസ്റ്റ് കളിക്കുന്ന ആർ അശ്വിന് ഗാർഡ് ഓഫ് ഓണർ നൽകി സഹ താരങ്ങൾ

സ്‌പെഷ്യൽ ക്യാപ് പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് അശ്വിൻ സ്വീകരിച്ചു.

Update: 2024-03-07 07:44 GMT
Editor : Sharafudheen TK | By : Web Desk

ധരംശാല: നൂറാം ടെസ്റ്റ് കളിക്കുന്ന വെറ്ററൻ സ്പിന്നർ ആർ അശ്വിന് ആദരമൊരുക്കി സഹ താരങ്ങൾ. ബൗളിങിന് ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നതിന് മുൻപാണ്  ഗാർഡ് ഓഫ് ഓണർ നൽകിയത്. നൂറാം മത്സരത്തിനുള്ള സ്‌പെഷ്യൽ ക്യാപ് പരിശീലകൻ രാഹുൽ ദ്രാവിഡിൽ നിന്ന് അശ്വിൻ സ്വീകരിച്ചു. ഇന്ത്യൻ ക്രിക്കറ്റിലെ അതികായനെന്നാണ് തമിഴ്‌നാട് താരത്തെ രോഹിത് ശർമ്മ വിശേഷിപ്പിച്ചത്. അദ്ദേഹത്തിനും രാജ്യത്തിനും കുടുംബത്തിനും അഭിമാനകരമായ നിമിഷമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.

Advertising
Advertising

'ഗ്രേറ്റ്' എന്ന വാക്ക് ഇന്ന് വളരെ എളുപ്പത്തിൽ ഉപയോഗിക്കുന്നു. സ്ഥിരതയാർന്ന പ്രകടനത്തിലൂടെ ആർജ്ജിച്ചെടുക്കുന്നതാണത്. നിരന്തരമായ പരിശീലനത്തിലൂടെയും പരിശ്രമത്തിലൂടെയുമാണ്  മഹത്തരമായ താരമെന്ന  നേട്ടം കൈവരിക്കാനാകുക. ഇതിനുള്ള മികച്ച ഉദാഹരണമാണ് ആർ അശ്വിൻ എന്ന് രാഹുൽ ദ്രാവിഡ് പറഞ്ഞു. ഇന്ത്യക്കായി മലയാളി താരം ദേവ്ദത്ത് പടിക്കൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചു.

ധരംശാലയിലെ ഹിമാചൽപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 132-2 എന്ന നിലയിലാണ് സന്ദർശകർ. 78 റൺസുമായി സാക്ക് ക്രോലിയും 13 റൺസുമായി ജോ റൂട്ടുമാണ് ക്രീസിൽ. ഇന്ത്യക്കായി സ്പിന്നർ കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. ബെൻ ഡക്കറ്റ് (27),ഒലീ പോപ്പ് (11) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. അശ്വിന് പുറമെ ഇംഗ്ലീഷ് ബാറ്റർ ജോണി ബെയ്ര്‍‌സ്റ്റോയും നൂറാം ടെസ്റ്റിനാണ് ഇറങ്ങുന്നത്. അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഇതിനകം 3-1ന് ടീം ഇന്ത്യ നേടിയിട്ടുണ്ട്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Web Desk

contributor

Similar News