'ശക്തമായി തിരിച്ചുവരാനുള്ളൊരു വഴി കണ്ടെത്തണം' : നായകന്‍ രവീന്ദ്ര ജഡേജ പറയുന്നു...
കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ സൂപ്പര്‍കിങ്‌സ് വിജയവഴി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്.
കളിച്ച മൂന്ന് മത്സരങ്ങളും തോറ്റ ചെന്നൈ സൂപ്പര്‍കിങ്‌സ് വിജയവഴി കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ്. അക്കാര്യം പറയുകയാണ് നായകന്‍ കൂടിയായ രവീന്ദ്ര ജഡേജ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ്, പഞ്ചാബ് കിങ്‌സ് എന്നീ ടീമുകളുമായാണ് ചെന്നൈ തോറ്റത്. ഓപ്പണര്‍ റിതുരാജ് ഗെയിക് വാദിന്റെ ഫോം ഔട്ടും ബൗളര്‍മാര്‍ വേണ്ടത്രെ തിളങ്ങാതെ പോയതും ചെന്നൈക്ക് ക്ഷീണമായി.
പവർപ്ലേയിൽ തന്നെ ഞങ്ങൾക്ക് ഒത്തിരി വിക്കറ്റുകള്‍ നഷ്ടമായി. ഒരു പന്തിൽ പോലും ആക്കം കണ്ടെത്താനായില്ലെന്നും ഞാൻ കരുതുന്നു. നേരിടുന്ന ആദ്യ പന്ത് മുതല്‍ തന്നെ താളം കണ്ടെത്താനായില്ലെന്നും അതിനാല്‍ ശക്തമായി തിരിച്ചുവരാനുള്ള വഴി കണ്ടെത്തേണ്ടതുണ്ടെന്നും മത്സരശേഷം ജഡേജ പറഞ്ഞു. അതേസമയം റിതുരാജിന്റെ മേല്‍ അമിത സമ്മർദ്ദം ചെലുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ജഡേജ പറഞ്ഞു. 'റിതുരാജ് സമയമെടുക്കട്ടെ. അവൻ നടത്തുന്ന എല്ലാ മുന്നൊരുക്കങ്ങളിലും ഞങ്ങൾ അവനെ പിന്തുണക്കും". ജഡേജ വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ ഓറഞ്ച് ക്യാപ്പ് ജേതാവായിരുന്ന യുവ ഓപ്പണർ റിതുരാജ് ഗെയിക്ക് വാദിന്റെ ദയനീയ ഫോമാണ് ഇക്കുറി ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന്. ആദ്യ മത്സരത്തിൽ റണ്ണൊന്നുമെടുക്കാതെ പുറത്തായ താരം, പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഓരോ റൺസ് വീതമാണ് നേടിയത്. എന്നാൽ റിതു നിലവിൽ മോശം ഫോമിലാണെങ്കിലും ടീം അദ്ദേഹത്തെ ബാക്കപ്പ് ചെയ്യുമെന്നാണ് ജഡേജ പറയുന്നത്.
മത്സരത്തില്‍ പഞ്ചാബ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈക്ക് 126 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ. ബാറ്റ് കൊണ്ട് പന്തു കൊണ്ടും ഒരുപോലെ തിളങ്ങിയ ലിയാങ് ലിവിസ്റ്റണാണ് ചെന്നൈയെ തകര്‍ത്തത്. പഞ്ചാബ് ബൗളർമാർക്ക് മുന്നിൽ ചെന്നൈ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയാണ് മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ കണ്ടത്. സ്കോര്‍ ബോര്‍ഡ് 36 റണ്‍സ് കടക്കും മുമ്പേ ചെന്നൈയുടെ അഞ്ച് ബാറ്റര്‍മാരാണ് കൂടാരം കയറിയത്. അര്‍ധശതകം നേടിയ ശിവം ദുബേയും പൊരുതി നോക്കിയെങ്കിലും ഫലം കണ്ടില്ല. ദുബെ 30 പന്തില്‍ 57 റണ്‍സെടുത്ത് പുറത്തായി. പഞ്ചാബിനായി രാഹുല്‍ ചഹാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലിവിംഗ്സ്റ്റണും വൈഭവ് അറോറയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി