കോഹ്‌ലി കരുത്തിൽ ഭേദപ്പെട്ട സ്‌കോറുമായി ബാംഗ്ലൂർ: ഡൽഹിക്ക് വിജയലക്ഷ്യം 175 റൺസ്
ടോസ് നേടിയ ഡൽഹി ബാംഗ്ലൂരിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. കോഹ്‌ലിയടക്കം അഞ്ച് താരങ്ങളാണ് 20 റൺസിനു മുകളിൽ സംഭാവന ചെയ്തത്.
ബെംഗളൂരു: മികച്ച താരനിരയുണ്ടായിട്ടും വിജയം ആവർത്തിക്കാനാവാതെ കിതയ്ക്കുന്ന റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഇന്നത്തെ കളിയിൽ ഡൽഹിക്കെതിരെ ഭേദപ്പെട്ട സ്‌കോർ. പരാജയത്തിന്റെ പടുകുഴിയിൽ നിന്ന് മത്സരിക്കുന്ന ഡൽഹിക്കെതിരെ വിരാട് കോഹ്‌ലിയുടെ ഹാഫ് സെഞ്ച്വറി കരുത്തിൽ ബാംഗ്ലൂർ നേടിയത് ആറ് വിക്കറ്റ് നഷ്ടത്തിൽ 174 റൺസ്. കളിച്ച നാല് കളിയിലും തോൽവിയുടെ കയ്പുനീർ കുടിച്ച വാർണറിനും സംഘത്തിനും ഇന്ന് ജയിച്ചേ തീരൂ.
ടോസ് നേടിയ ഡൽഹി ബാംഗ്ലൂരിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ഓപണറായ കോഹ്‌ലി തുടക്കം മുതൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചാണ് കളി തുടങ്ങിയത്. ബാംഗ്ലൂർ നിരയിൽ കോഹ്‌ലിയടക്കം അഞ്ച് താരങ്ങളാണ് 20 റൺസിനു മുകളിൽ സംഭാവന ചെയ്തത്. കോഹ്‌ലി അടിച്ചുകളിച്ച് സ്‌കോർബോർഡിന്റെ വേഗം പതിയെ കൂട്ടിയെങ്കിലും സഹ ഓപണറായ ക്യാപ്റ്റൻ ഹാഫ് ഡുപ്ലെസിസിനെ അധികം താമസിയാതെ നഷ്ടമായി. സ്‌കോർ ബോർഡിൽ 42 ആയിരിക്കെ മിച്ചൽ മാർഷ്‌ന്റെ പന്തിൽ അമാൻ ഹക്കീം ഖാൻ പിടിച്ച് പുറത്താവുമ്പോൾ 16 പന്തിൽ 22 റൺസായിരുന്നു നായകന്റെ സമ്പാദ്യം.
തുടർന്ന് മഹിപാൽ ലോംറോർ എത്തി കോഹ്‌ലിക്ക് പിന്തുണ നൽകിവന്നെങ്കിലും ടീം സ്‌കോർ 89ൽ മുൻ ഇന്ത്യൻ നായകൻ കൂടാരം കയറി. 34 പന്തിൽ 50 റൺസെടുത്തായിരുന്നു 10.1 ഓവറിൽ കോഹ്‌ലിയുടെ മടക്കം. ഒരു സിക്‌സറും ആറ് ബൗണ്ടറികളുമാണ് മുൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. ഇതോടെ നാലാമനായെത്തിയ ഗ്ലെൻ മാക്‌സ്‌വെല്ലും മഹിപാലും കളി മുന്നോട്ടുനീക്കവെ 12.3 ഓവറിൽ മൂന്നാം വിക്കറ്റും നഷ്ടമായി. 18 പന്തിൽ 26 റൺസെടുത്ത് നിൽക്കെ മഹിപാൽ മിച്ചൽ മാർഷ്‌ന്റെ തന്നെ പന്തിൽ അഭിഷേക് പോരെൽ പിടിച്ചാണ് മഹിപാൽ പവലിയനിലേക്ക് മടങ്ങിയത്.
പിന്നാലെ ഹർഷൽ പട്ടേൽ എത്തിയെങ്കിലും അധികനേരം ആയുസുണ്ടായിരുന്നില്ല. നാല് ബോളിൽ ആറ് റൺസ് മാത്രമെടുത്ത് അക്‌സർ പട്ടേലിന്റെ പന്തിൽ അഭിഷേകിന്റെ കൈകളിൽ കുടുങ്ങി പട്ടേൽ ക്രീസ് വിട്ടു. 13.6 ഓവറിലായിരുന്നു ഇത്. കുൽദീപ് യാദവിന്റെ അടുത്ത പന്തിൽ മാക്‌സ് വെല്ലും കൂടാരം കയറി. 24 (14) റൺസായിരുന്നു താരത്തിന്റെ സംഭാവന. തുടർന്നെത്തിയ ദിനേഷ് കാർത്തിക്ക് വന്ന പോലെ തന്നെ തിരിച്ചുപോയി. കുൽദീപിന്റെ പന്തിൽ ലളിത് യാദവ് പിടിച്ചാണ് ഡി.കെ പുറത്തായത്. പിന്നാലെ വന്ന ഷഹബാസ് അഹമ്മദ് 12 പന്തിൽ 20 റൺസെടുത്തും ഇംപാക്്ട് പ്ലയറായ അനുജ് റാവത്ത് 22 പന്തിൽ 15 റൺസെടുത്തും പുറത്താവാതെ നിന്നു.
ഡൽഹിക്കു വേണ്ടി മിച്ചൽ മാർഷും കുൽദീപ് യാദവും രണ്ട് വിക്കറ്റ് വീതവും അക്‌സർ പട്ടേലും ലളിത് യാദവും ഓരോ വിക്കറ്റ് വീതവും നേടി. ജയമല്ലാതെ മറ്റൊരും ലക്ഷ്യവും മുന്നിലില്ലാത്ത ഡൽഹിക്കിത് അഞ്ചാം മത്സരമാണ്. കഴിഞ്ഞ കളിയിൽ മുംബൈയോട് കപ്പിനും ചുണ്ടിനുമിടയിലാണ് ഡൽഹിക്ക് വിജയം നഷ്ടമായത്. കളിച്ച മൂന്ന് കളിയിൽ ഒന്ന് മാത്രം ജയിച്ച ബാംഗ്ലൂർ നിലവിൽ റാങ്ക് പട്ടികയിൽ എട്ടാമതാണ്. എന്നാൽ വിജയം സ്വപ്‌നമായി തുടരുന്ന ഡൽഹിയുടെ സ്ഥാനം ഏറ്റവും താഴെയാണ്.
അതേസമയം, മറുപടി ബാറ്റിങ് ആരംഭിച്ച ഡൽഹിയുടെ കളി തുടക്കത്തിൽ തന്നെ ദുരന്തമായി. ആദ്യ ഓവറിൽ ഒരു റൺസിന് രണ്ട് വിക്കറ്റ് പോയ ഡൽഹിക്ക് രണ്ടാം ഓവറിൽ മൂന്നാമനും കൂടാരം കയറി. ഇംപാക്ട് പ്ലയറായ ഓപണർ പൃഥ്വി ഷാ, മിച്ചൽ മാർഷ്, യഷ് ദുൽ എന്നിവരാണ് പുറത്തായത്. ഇതിൽ ആദ്യ രണ്ടു പേരും പൂജ്യരായാണ് മടങ്ങിയത്.