റിങ്കു തന്നെ; ഇന്ത്യക്ക് ഫിനിഷറായി, ഈ റോളിലേക്ക് ഇനി ആളെ നോക്കേണ്ട
ഇന്ത്യൻ ടീമിൽ അരങ്ങേറിയത് മുതൽ റിങ്കു ബാറ്റ് കൊണ്ട് തരംഗം സൃഷ്ടിക്കുന്നുണ്ട്
മുംബൈ: അഫ്ഗാനിസ്താനെതിരായ പരമ്പരയോടെ ഒരുകാര്യം ഉറപ്പിച്ചു, വൈറ്റ്ബോള്‍ ഫോര്‍മാറ്റില്‍ ഇന്ത്യയുടെ മധ്യനിരയിൽ റിങ്കു സിങ് ഒരു സ്ഥിരം സ്ഥാനം അർഹിക്കുന്നുണ്ടെന്ന്. ഇപ്പോൾ ഫിനിഷറുടെ റോളിലാണ് താരം പ്രത്യക്ഷപ്പെടുന്നതെങ്കിലും സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യുന്നു എന്നത് അദ്ദേഹത്തിന്റെ മൂല്യം വർധിപ്പിക്കുന്നു.
ടി20 ലോകകപ്പ് ജൂണിൽ വരാനിരിക്കെ ഇന്ത്യൻ ടീമിൽ ഈ യുവതാരം സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. രോഹിത് ശർമ്മ ഏറെക്കുറെ ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു. അവസാനത്തിൽ റിങ്കുവിനെപ്പോലൊരു ബാറ്ററെ ആവശ്യമുണ്ടെന്നായിരുന്നു രോഹിതിന്റെ പ്രതികരണം.
അഫ്ഗാനിസ്താനെതിരായ മത്സരത്തിൽ മാത്രമല്ല, ഇന്ത്യൻ ടീമിൽ അരങ്ങേറിയത് മുതൽ റിങ്കു ബാറ്റ് കൊണ്ട് തരംഗം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ഐപിഎല്ലിൽ അഞ്ച് സിക്‌സറടിച്ച അതേ ആവേശം റിങ്കു അന്താരാഷ്ട്ര മത്സരങ്ങളിലേക്കും കൊണ്ടുവരികയാണ്. ഏകദിന ലോകപ്പിന് ശേഷം നടന്ന ഇന്ത്യയുടെ മത്സരങ്ങളിലെല്ലാം റിങ്കു, തന്റേതായ റോൾ ഭംഗിയാക്കുന്നുണ്ട്.
അതിൽ ഒടുവിലത്തേതായിരുന്നു അഫ്ഗാനിസ്താനതിരെ ബംഗളൂരുവിൽ നടന്ന മൂന്നാം ടി20. 39 പന്തിൽ നിന്ന് രണ്ട് ഫോറും ആറ് സിക്‌സറും ഉൾപ്പെടെ 69 റൺസാണ് താരം നേടിയത്. രോഹിത് ശർമ്മയ്‌ക്കൊപ്പം 190 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്താനും താരത്തിനായി. ബാറ്റിങ് മാത്രമല്ല, അസാധ്യ ഫീൽഡർ കൂടിയാണ് താരം. ആദ്യ സൂപ്പർ ഓവറിൽ അവസാന പന്തിൽ രോഹിത് തിരിച്ചുകയറിയപ്പോൾ പകരക്കാരനായി ഇറക്കിയതും റിങ്കുവിനെയായിരുന്നു. മാക്‌സിമം ഓടി റൺസ് കണ്ടെത്താനായിരുന്നു അത്.
ഇന്ത്യക്കായി ഇതുവരെ കളിച്ച 15 ടി20 മത്സരങ്ങളിൽ നിന്നായി താരം അടിച്ചെടുത്തത് 356 റൺസാണ്. ഇതിൽ രണ്ട് അർധ സെഞ്ച്വറികളെ ഉള്ളൂവെങ്കിലും ടീമിന്റെ ടോട്ടൽ റൺസിന് റിങ്കുവിന്റെ അതിവേഗ ഇന്നിങ്‌സുകൾ പല ഘട്ടത്തിൽ ഉപകരിച്ചിട്ടുണ്ട്. 176 ആണ് താരത്തിന്റെ സ്‌ട്രൈക്ക് റൈറ്റ്.
നേരത്തെ സൂചിപ്പിച്ചത് പോലെ സാഹചര്യങ്ങളെ എളുപ്പത്തിൽ അഡാപ്റ്റ് ചെയ്യുകയും അതിനനുസരിച്ച് ബാറ്റ് വീശുകയുമാണ് റിങ്കു. പ്രഷർ സിറ്റുവേഷനിലും അല്ലാത്തപ്പോഴും റിങ്കു തിളങ്ങുന്നുണ്ട്. ഇഷ്ട മേഘലയായ പവർ ഹിറ്റിങ് ആണെങ്കിൽ പന്ത് എളുപ്പത്തിൽ കണക്ട് ആകുന്നു. ഷോട്ട് സെലക്ഷനെല്ലാം ഒന്നിനൊന്ന് മെച്ചം.
എന്നാൽ പ്രതിഭാ ധാരാളിത്തം ഉള്ള ഇന്ത്യൻ ടീമിൽ പരിക്കേറ്റവരും വിശ്രമം അനുവദിച്ചവരുമൊക്കെ തിരികെ വന്നാൽ റിങ്കു സ്ഥിരം സാന്നിധ്യമാകുമോ എന്നാണ് അറിയേണ്ടത്. റിങ്കുവിന് ഇനി ഐ.പി.എല്‍ കാലമാണ്. കൊൽക്കത്തക്കായി റിങ്കുവിന് മിന്നിത്തിളങ്ങാനാവട്ടെ എന്നാണ് ക്രിക്കറ്റ് പ്രേമികൾ ആഗ്രഹിക്കുന്നത്. അതു വഴി ഇന്ത്യ സ്വപ്‌നം കാണുന്നത് ടി20 ലോകകപ്പ് കിരീടവും.
Watch Video Report