ബാറ്റെടുത്ത് ഋഷഭ് പന്ത്, ആർപ്പുവിളിച്ച് ആരാധകർ: വീഡിയോ തരംഗമാകുന്നു

2022 ഡിസംബർ 22നാണ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്കേൽക്കുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട താരത്തിന് വിദഗ്ധ ചികിത്സയാണ് നൽകിയിരുന്നത്.

Update: 2023-08-16 13:03 GMT
Editor : rishad | By : Web Desk
ബാറ്റെടുത്ത് ഋഷഭ് പന്ത്, ആർപ്പുവിളിച്ച് ആരാധകർ: വീഡിയോ തരംഗമാകുന്നു
AddThis Website Tools
Advertising

ന്യൂഡൽഹി: കഴിഞ്ഞ വർഷം അവസാനത്തിലുണ്ടായ വാഹനാപകടത്തിന് ശേഷം ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് വീണ്ടും ബാറ്റെടുത്തു. 2022 ഡിസംബർ 22നാണ് പന്തിന് വാഹനാപകടത്തിൽ ഗുരുതര പരിക്കേൽക്കുന്നത്. പരിക്കുകളോടെ രക്ഷപ്പെട്ട താരത്തിന് വിദഗ്ധ ചികിത്സയാണ് നൽകിയിരുന്നത്.

അതിന് ശേഷം താരം തിരിച്ചുവരവിന്റെ പാതയിലായിരുന്നു. പരിക്ക് സംബന്ധിച്ചും ഫിറ്റ്‌നസ് വീണ്ടെടുക്കുന്നത് സംബന്ധിച്ചും താരം തന്നെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പന്തിന്റെ തിരിച്ചുവരവ് സംബന്ധിച്ച വാർത്തകൾക്കും മറ്റുമായി കാത്തിരിക്കുകയായിരുന്നു ക്രിക്കറ്റ് പ്രേമികൾ. ഇപ്പോഴിതാ പരിക്ക് മാറി താരം ബാറ്റെടുത്തിരിക്കുന്നു. അതും ആരാധകര്‍ക്ക് നടുവില്‍. 

സ്വാതന്ത്ര്യ ദിനത്തില്‍ സംഘടിപ്പിച്ചൊരു മത്സരത്തിലാണ് പന്ത് ബാറ്റെടുത്തത്. ഐപിഎല്‍ ടീം ഡൽഹി കാപിറ്റൽ സഹ ഉടമ പാർഥ് ജിൻഡാലാണ് മത്സരം സംഘടിപ്പിച്ചിരുന്നത്. താരം ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് വരുന്നതിന്റെയും ബാറ്റ് ചെയ്യുന്നതിന്റെയും വീഡിയോ ആരാധകർ ആവേശത്തോടെ പങ്കുവെക്കുന്നുണ്ട്. ബാറ്റ് ചെയ്യാനായി ഗ്രൗണ്ടിലേക്ക് വരുമ്പോൾ കാണികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കേൾക്കാം. ആശുപത്രി വാസത്തിനും വീട്ടിലെ ചികിത്സകള്‍ക്കും ശേഷം താരം ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക്(എന്‍.സി.എ) എത്തിയിരുന്നു.

എന്‍.സി.എയില്‍ ആയിരുന്നു താരത്തിന്റെ തുടർ പരിശോധനകൾ. ബി.സി.സി.ഐയും പന്തിന്റെ സുഖ വിവരങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടായിരുന്നു. ഏകദിന ലോകകപ്പിൽ പന്തിന്റെ മടങ്ങിവരവ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ലോകകപ്പിന് ശേഷം ഇംഗ്ലണ്ടുമായി നടക്കുന്ന പരമ്പരയിൽ താരത്തെ കാണാമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. ഏതായാലും താരം ബാറ്റെടുത്തതിനാൽ ആരാധകരും ഹാപ്പിയാണ്. ഇനി പുതിയ പരമ്പരക്കുള്ള ടീം പ്രഖ്യാപിക്കുമ്പോൾ പന്തിനെയാകും ആരാധകർ ആദ്യം നോക്കുക.

Watch Video

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News