140 കി.മി വേഗതയുള്ള ബോൾ നെറ്റ്‌സിൽ നേരിട്ട് ഋഷഭ് പന്ത്; ലോകകപ്പിൽ കളിക്കുമോ?
കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും ആരോഗ്യക്ഷമത വീണ്ടെടുക്കുന്നതായാണ് വിവരം
വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റർ ഋഷഭ് പന്ത് വീണ്ടും കളത്തിൽ. ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്‌സിൽ താരം 140 കിലേമീറ്റർ വേഗതയുള്ള ബൗളിംഗ് നേരിടുന്നതായാണ് വാർത്തകൾ. എൻസിഎയിൽ പന്ത് പരിശീലനം നടത്തുന്നതായി രേവ് സ്‌പോർട്‌സാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഗുരുതര കാറപകടത്തിന് ശേഷം ആദ്യമായാണ് താരം ബാറ്റ് കയ്യിലെടുക്കുന്നത്.
നിലവിൽ ചെറിയ ചലനങ്ങളുമായി താരം ബാറ്റിംഗ് നടത്തുന്നുണ്ട്. ആയാസകരമല്ലാതെ വിക്കറ്റ് കീപ്പിംഗും ചെയ്യുന്നുണ്ട്. എന്നാൽ പെട്ടെന്നുള്ളതും ശ്രമകരവുമായ ശരീര ചലനങ്ങൾ 25കാരനായ പന്തിന് സാധ്യമായിട്ടില്ല. എന്നാൽ കുറച്ചു മാസങ്ങൾക്കുള്ളിൽ താരത്തിനും അതും സാധിക്കുമെന്ന വിശ്വാസത്തിലാണ് മെഡിക്കൽ ടീമും പരിശീലകരും. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ പന്തിന് നല്ല പുരോഗതിയുണ്ട്. എന്നാൽ എപ്പോൾ കളത്തിലിറങ്ങാനാകുമെന്ന് വ്യക്തമല്ല.
അതേസമയം, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരും ആരോഗ്യക്ഷമത വീണ്ടെടുക്കുന്നതായാണ് വിവരം. ഇരുവരും ക്രിക്കറ്റ് അക്കാദമിയിലെ നെറ്റ്‌സിൽ പരിശീലിക്കുന്നുണ്ട്. ഒക്‌ടോബർ-നവംബർ മാസങ്ങളിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ ഇരുവരും ഇന്ത്യൻ ടീമിൽ പ്രധാന റോൾ വഹിക്കുമെന്നാണ് കരുതപ്പെടുന്നത്. ആഗസ്ത്- സെപ്തംബർ മാസങ്ങളിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇവർ കളിക്കുമോയെന്ന് വ്യക്തമല്ല.
പന്തിനെ വീഴ്ത്തിയ അപകടം
2022 ഡിസംബർ 30നു പുലർച്ചെയായിരുന്നു കായികലോകത്തെ ഞെട്ടിച്ച കാറപകടം നടന്നത്. പുതുവത്സരാഘോഷത്തിനായി റൂർക്കിയിലെ വീട്ടിലേക്ക് ഡൽഹിയിൽനിന്ന് കാറിൽ തിരിച്ചതായിരുന്നു ഋഷഭ് പന്ത്. ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ ഹരിദ്വാർ ജില്ലയിലെ നർസനിൽ ഡിവൈഡറിൽ ഇടിച്ച് കാർ മറിയുകയും കത്തിയമരുകയും ചെയ്തു. അപകടത്തിൽനിന്ന് അത്ഭുതകരമായാണ് താരം രക്ഷപ്പെട്ടത്. എന്നാൽ ശരീരത്തിൽ വലിയ പൊള്ളലും മുറിവുകളുമുണ്ടായിരുന്നു.
അപകടസമയത്ത് ഇതുവഴി പോയ ബസിലെ ജീവനക്കാരാണ് പന്തിനെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രാഥമിക പരിചരണം നൽകിയ ശേഷം ഡെറാഡൂണിലെ മാക്സ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ പ്ലാസ്റ്റിക് സർജറി ഉൾപ്പടെയുള്ള വിദഗ്ധ ചികിത്സ നൽകി. തുടർചികിത്സയ്ക്ക് പിന്നീട് മുംബൈയിൽ എത്തിച്ചു. ഡെറാഡൂണിലെ ആശുപത്രിയിൽനിന്ന് എയർ ലിഫ്റ്റ് ചെയ്താണ് മുംബൈയിലെത്തിച്ചത്.
നേരത്തെ സ്വിമ്മിംഗ് പൂളിലൂടെ നടക്കുന്ന വീഡിയോ താരം സമൂഹ മാധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരുന്നു. 'ചെറുതും വലുതുമായ എല്ലാത്തിനും അതിനിടയിലുള്ളതിനും നന്ദി'യെന്ന കുറിപ്പോടെയായിരുന്നു പോസ്റ്റ്. ചാമ്പ്യന് കൂടുതൽ ശക്തിയുണ്ടാകട്ടെയെന്ന കുറിപ്പോടെ വീഡിയോ ബി.സി.സി.ഐ പങ്കുവെച്ചു.
കാറപകടത്തിനുശേഷം പുറത്തിറങ്ങിനടക്കുന്ന ഫോട്ടോ മുമ്പ് താരം പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം വാക്കിങ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരുന്നത്. ഒരടി മുന്നോട്ട്, കരുത്തനായി, ഭേദപ്പെട്ട നിലയിൽ എന്ന അടിക്കുറിപ്പോടെയാണ് പന്ത് ചിത്രങ്ങൾ പങ്കുവച്ചത്.
അപകടത്തിനുശേഷം പിന്തുണയും പ്രാർത്ഥനയുമായി ഒപ്പംനിന്നവർക്കെല്ലാം നേരത്തെ പന്ത് നന്ദി പറഞ്ഞിരുന്നു. ബി.സി.സി.ഐ, ബോർഡ് ജയ് ഷാ, സർക്കാർ വൃത്തങ്ങൾ എന്നിവരെ പ്രത്യേകം പേര് പറഞ്ഞ് നന്ദിയും രേഖപ്പെടുത്തി. 'എല്ലാ പിന്തുണയ്ക്കും നല്ല ആശംസകൾക്കും മുന്നിൽ വിനയാന്വിതനും കടപ്പെട്ടവനുമാണ് ഞാൻ. എന്റെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് നിങ്ങളെ സന്തോഷത്തോടെ അറിയിക്കട്ടെ. രോഗമുക്തിയിലേക്കുള്ള പാത ആരംഭിച്ചിരിക്കുകയാണ്. മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ ഞാൻ ഒരുക്കമാണ്' -ഋഷഭ് പന്ത് ട്വീറ്റ് ചെയ്തു.
Rishabh Pant facing 140kph-plus in nets at NCA