'ഞങ്ങളും ഉത്തരാഖണ്ഡിൽ നിന്നാണ് സാർ'; ബി.ജെ.പി മുഖ്യമന്ത്രിയുടെ വീഡിയോയിൽ ഋഷഭ് പന്തിന്റെ കമന്റ്
ദേശീയ കായിക ദിനത്തിൽ സർക്കാർ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിലേക്ക് പന്തിനെ ക്ഷണിച്ചിരുന്നില്ല.
ന്യൂഡൽഹി: ഇന്ത്യക്കായി മികച്ച പ്രകടനം നടത്തുന്ന കായിക താരങ്ങൾക്ക് അർഹമായ പരിഗണന നൽകുന്നുണ്ടെന്ന ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ പ്രസ്ഥാവനക്ക് മറുപടിയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് രംഗത്ത്. ധാമി എക്‌സിൽ പങ്കുവെച്ച വീഡിയോയിലാണ് പന്ത് കമന്റിട്ടത്. ' സാർ, ഞങ്ങളും ഉത്തരാഖണ്ഡുകാരാണ്. ഉത്താരഖണ്ഡുകാരായ കായിക താരങ്ങളുടെ വളർച്ച ഞങ്ങളുടെ സ്വപ്‌നമാണ്'- പന്ത് മറുപടി നൽകി. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് ഉത്തരാഖണ്ഡ്. സംസ്ഥാനത്തെ കായിക മേഖലയിലെ പ്രശ്‌നങ്ങൾ ഉയർത്തിയാണ് താരം ഇത്തരമൊരു കമന്റിട്ടതെന്ന വാദം ഇതിനകം ഉയർന്നിട്ടുണ്ട്. എന്നാൽ സർക്കാരിനെ പിന്തുണച്ചാണ് രംഗത്തെത്തിയതെന്ന മറുവാദവുമുണ്ട്.
हमारी सरकार द्वारा राज्य में खेल एवं खिलाड़ियों को प्रोत्साहित करने हेतु अभूतपूर्व निर्णय लिए गए हैं। pic.twitter.com/sAvkflMxdD
— Pushkar Singh Dhami (@pushkardhami) August 29, 2024
അതേസമയം, ദേശീയ കായിക ദിനമായ ആഗസ്റ്റ് 29ന് സർക്കാർ സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിലേക്ക് താരത്തെ ക്ഷണിച്ചിരുന്നില്ല. ഇതേ തുടർന്നാണ് ഞങ്ങളും ഉത്തരാഖണ്ഡിൽ നിന്നാണ് സാർ... എന്ന കമന്റുമായി താരം രംഗത്തെത്തിയതെന്നാണ് ഒരുവിഭാഗം ആരാധകർ സമൂഹ മാധ്യമങ്ങളിൽ കമന്റിട്ടത്. പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത ലക്ഷ്യ സെൻ, പരംജീത് സിങ്, സൂരജ് പവാർ, അങ്കിത ധ്യാനി എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്.
Sir hum bhi Uttrakhand se hai waise . 🙏🙏Hum bhi Uttrakhand ke players ko aage badhte dekhna chahte hai 🙏🙏
— Rishabh Pant (@RishabhPant17) August 30, 2024
എന്നാൽ കഴിഞ്ഞ ടി 20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ ടീം അംഗമായ ഉത്തരാഖണ്ഡുകാരനായ പന്തിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. സർക്കാരിന് പിന്തുണയായാണ് താരം ഇത്തരമൊരു പോസ്റ്റിട്ടതെന്ന മറുവാദമുയർത്തി ഇതിനെ പ്രതിരോധിക്കാനാണ് ബി.ജെ.പി പ്രവർത്തകരുടെ ശ്രമം. എന്തായാലും സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചക്കാണ് തിരികൊളുത്തിയത്.